പിൻവലിച്ചതിന് ശേഷവും 6,266 കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകൾ പ്രചാരത്തിലുണ്ട്: ആർ.ബി.ഐ
മുംബൈ: പിൻവലിച്ചതിന് ശേഷവും 6266 കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകൾ ഇപ്പോഴും പ്രചാരത്തിലുണ്ടെന്ന് ആർ.ബി.ഐ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപയുടെ കറൻസി പിൻവലിച്ച് രണ്ട് വർഷങ്ങൾക്ക് ശേഷവും 6,266 കോടി രൂപയുടെ മൂല്യമുള്ള 2000 രൂപ നോട്ടുകൾ ഇപ്പോഴും പ്രചാരത്തിലുണ്ടെന്ന് ആർ.ബി. ഐയുടെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
2023 മെയ് 19 നായിരുന്നു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) 2000 രൂപ മൂല്യമുള്ള നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്.
എന്നാൽ വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ 6,266 കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകൾ ഇപ്പോഴും ഇന്ത്യയിൽ പ്രചാരണത്തിലുണ്ടെന്ന് ആർ.ബി.ഐ പറഞ്ഞു. ‘2023 മെയ് 19 ന് നോട്ട് നിരോധിക്കുമ്പോൾ 3.56 ലക്ഷം കോടി രൂപ മൂല്യം വരുന്ന 2000 രൂപ നോട്ടുകൾ രാജ്യത്തുണ്ടായിരുന്നു. 2025 ഏപ്രിൽ 30 ആകുമ്പോൾ അത് 6,266 കോടി രൂപയായി കുറഞ്ഞു,’ ആർ.ബി.ഐ അറിയിച്ചു.
2023 മെയ് 19 വരെ പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളുടെ 98.24 ശതമാനവും തിരിച്ചെത്തിയതായി സെൻട്രൽ ബാങ്ക് പറഞ്ഞു.
അത്തരം ബാങ്ക് നോട്ടുകൾ നിക്ഷേപിക്കാനോ അല്ലെങ്കിൽ മാറ്റി നൽകാനോ ഉള്ള സൗകര്യം 2023 ഒക്ടോബർ ഏഴ് വരെ എല്ലാ ബാങ്ക് ശാഖകളിലും ലഭ്യമായിരുന്നു. റിസർവ് ബാങ്കിന്റെ 19 ഇഷ്യു ഓഫീസുകളിൽ ഈ സൗകര്യം ഇപ്പോഴും ലഭ്യമാണ്.
2023 ഒക്ടോബർ ഒമ്പത് മുതൽ, ആർ.ബി.ഐ ഇഷ്യൂ ഓഫീസുകൾ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നതിനായി 2000 രൂപ നോട്ടുകൾ സ്വീകരിക്കുന്നുണ്ട്.
കൂടാതെ, രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസിൽ നിന്നും ആർ.ബി.ഐ ഇഷ്യൂ ഓഫീസുകളിലേക്ക് ഇന്ത്യ പോസ്റ്റ് വഴി 2000 രൂപ നോട്ടുകൾ അയക്കാൻ സാധിക്കും. ഈ 2000 രൂപ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യാനും കഴിയും.
Content Highlight: Rs 2000 notes worth Rs 6266 cr still in circulation after withdrawal 2 years ago