national news
പാകിസ്ഥാന് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ രണ്ട് ചാരന്മാര്‍ പിടിയില്‍
അമൃത്സര്‍: പാകിസ്ഥാന് ഇന്ത്യന്‍ സേനകളുട നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ പാക് പൗരന്മാര്‍ ഇന്ത്യയില്‍ പിടിയില്‍. ലക്‌ഷേര്‍ മാസി, സൂരജ് മാസി എന്നിവരാണ് പിടിയിലായത്. ഇവര്‍ ഇന്ത്യന്‍ കരസേന, വ്യോമസേന കേന്ദ്രങ്ങളുടെ നിര്‍ണായക വിവരങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തി നല്‍കിയെന്ന് പൊലീസ് പറയുന്നത്.
പഞ്ചാബ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പിടികൂടിയത്. ഇവര്‍ അമൃത്സറിലെ സൈനിക കന്റോണ്‍മെന്റ് പ്രദേശങ്ങളുടേയും വ്യോമത്താവളങ്ങളെയും സംബന്ധിച്ച തന്ത്രപ്രധാനമായ വിവരങ്ങളും ചിത്രങ്ങളുമാണ് ചോര്‍ത്തി നല്‍കിയത്. ഇന്നലെയാണ് അമൃത്സര്‍ റൂറല്‍ പൊലീസ് ഇവരെ പിടികൂടിയത്.
അമൃത് സറിലെ ജയിലില്‍ കഴിയുന്ന ഹര്‍പ്രീത് സിങ് അലിയാസ് പിറ്റു എന്നയാള്‍ വഴിയാണ് ഇവര്‍ക്ക് പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഓപ്പററ്റീവ്‌സുമായി ബന്ധമെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ ഒഫീഷ്യല്‍ സീക്രട്ട്‌സ് ആക്ട് പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതേസമയം പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പതാകയുള്ള കപ്പലുകള്‍ക്ക് പാകിസ്ഥാന്‍ വിലക്ക് ഏര്‍പ്പെടുത്തി. ഇന്ത്യന്‍ കപ്പലുകളെ തങ്ങളുടെ തുറമുഖങ്ങളില്‍ പ്രവേശിക്കാനും നങ്കൂരമിടാനും അനുവദിക്കില്ലെന്നാണ് പാകിസ്ഥാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
സമുദ്രത്തിലെ പരമാധികാരം, സാമ്പത്തിക താത്പര്യം, ദേശീയ സുരക്ഷ എന്നിവ സംരക്ഷിക്കുന്നതിനായാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് പാകിസ്ഥാന്‍ സമുദ്രകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പാകിസ്ഥാന്‍ പതാകയുള്ള കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ പ്രവേശനം നിരോധിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്ക് പിന്നാലെയാണ് പാകിസ്ഥാന്റെ പ്രഖ്യാപനം. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ നടത്തിയ ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ നീക്കം.
1958ലെ മര്‍ച്ചന്റ് ഷിപ്പിങ് ആക്ടിന്റെ സെക്ഷന്‍ 411 പ്രകാരമാണ് ഇന്ത്യ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിനുപുറമെ പാകിസ്ഥാനില്‍ നിന്നുള്ള എല്ലാ ഇറക്കുമതികളും ഇന്ത്യ നിരോധിച്ചിരുന്നു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധനം തുടരുമെന്നാണ് വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നത്.
Content Highlight: Two spies who leaked crucial information to Pakistan arrested