national news
പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നേവി ഉദ്യോഗസ്ഥന്റെ ഭാര്യയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തിനെതിരെ വനിത കമ്മീഷന്‍
ന്യൂദല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നേവി ഉദ്യോഗസ്ഥന്‍ ലെഫ്റ്റന്റ് വിനയ് നര്‍വാളിന്റെ ഭാര്യ ഹിമാന്‍ഷിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് ദേശീയ വനിത കമ്മീഷന്‍.
ഹിമാന്‍ഷിക്കെതിരായ ആക്രമണം അങ്ങേയറ്റം അപലപനീയവും നിര്‍ഭാഗ്യകരവുമാണെന്ന് കമ്മീഷന്‍ അഭിപ്രായപ്പെട്ടു. അഭിപ്രായം പറഞ്ഞതിന് ഹിമാന്‍ഷിയെ ലക്ഷ്യം വെച്ച് നടത്തുന്ന ആക്രമണങ്ങള്‍ അവരെ അപമാനിക്കുന്നതിന് തുല്യമാണെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.
വിനയ്‌യുടെ മരണത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ഹിമാന്‍ഷി പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്റെ പേരില്‍ മുസ്‌ലിങ്ങളോടും കശ്മീരികളോടും ശത്രുത പുലര്‍ത്തരുതെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഹിമാന്‍ഷിക്ക് നേരെ തീവ്ര വലതുപക്ഷ ഹാന്‍ഡിലുകളില്‍ നിന്ന് വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നേരിട്ടിരുന്നു. ഇതിനെതിരെയാണ് വനിത കമ്മീഷന്‍ പ്രതികരിച്ചത്.
‘ലെഫ്റ്റനന്റ് വിനയ് നര്‍വാളിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ ഹിമാന്‍ഷിയുടെ പ്രസ്താവനയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വിമര്‍ശനങ്ങള്‍ നിര്‍ഭാഗ്യകരവും അപലപനീയവുമാണ്. ഒരു സ്ത്രീയെ അവരുടെ ആശയപ്രകടങ്ങളുടെ പേരില്‍ ഇത്തരത്തില്‍ ലക്ഷ്യമിടുന്നത് അംഗീകരിക്കാനാവില്ല,’ വനിത കമ്മീഷന്‍ എക്‌സില്‍ കുറിച്ചു.
അവരുടെ അഭിപ്രായങ്ങളില്‍ വിയോജിപ്പുകളുണ്ടെങ്കിലും അത് മാന്യമായും ഭരണഘടനാ പരിധിക്കുള്ളില്‍ നിന്നുകൊണ്ടും പ്രകടിപ്പിക്കണമെന്ന് എന്‍.സി.ഡബ്ല്യു പറഞ്ഞു. ഏപ്രില്‍ 22നാണ് രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണമുണ്ടാവുന്നത്. ഈ ആക്രമണത്തിലാണ് വിവാഹം കഴിഞ്ഞ മധുവിധു ആഘോഷിക്കാനായി പഹല്‍ഗാമിലെത്തിയ നേവി ഉദ്യോഗസ്ഥനായ വിനയ് കൊല്ലപ്പെടുന്നത്. ആക്രമണത്തിന് ആറ് ദിവസം മുമ്പായിരുന്നു ഇവരുടെ വിവാഹം.
ആക്രമണത്തിന് പിന്നാലെ രാജ്യത്തെ കശ്മീരികള്‍ക്കെതിരെയും മുസ്‌ലിങ്ങള്‍ക്കെതിരെയും ഒരു വിഭാഗം വലിയ രീതിയിലുള്ള അധിക്ഷേപങ്ങള്‍ നടത്തിയിരുന്നു. ഇതിനെതിരെയാണ് ഹിമാന്‍ഷി പ്രതികരിച്ചത്.
മുസ്‌ലിങ്ങളോടും കശ്മീരികളോടും ആളുകള്‍ ഇങ്ങനെ പെരുമാറാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല എന്നും തങ്ങള്‍ക്ക് സമാധാനവും നീതിയും വേണമെന്നും വിനയ്‌യോട് തെറ്റ് ചെയ്ത ആളുകള്‍ ശിക്ഷിക്കപ്പെടണമെന്നായിരുന്നു അന്ന് ഹിമാന്‍ഷി പറഞ്ഞത്.
എന്നാല്‍ ഹിമാന്‍ഷിയുടെ ഈ പ്രസ്താവന രാഷ്ട്രീയ പ്രവേശത്തിന് വേണ്ടിയാണെന്നും അവളെയും വെടിവച്ചുകൊല്ലേണ്ടതായിരുന്നു, ആക്രമണത്തിന് ശേഷവും ഇവര്‍ക്ക് എങ്ങനെ നോര്‍മല്‍ ആയി ഇരിക്കാന്‍ സാധിക്കുന്നു, ഹിമാന്‍ഷിയുടെ പങ്കാളിത്തത്തോടെയുള്ള ഗൂഢാലോചനയാണ് ആക്രമണമെന്നും അതിനാല്‍ സുരക്ഷാ ഏജന്‍സികള്‍ അവളുടെ പശ്ചാത്തലം പരിശോധിക്കണം എന്നിങ്ങനെയൊക്കെയാണ് വിദ്വേഷ കമന്റുകള്‍ ഉയര്‍ന്നത്.
Content Highlight: Cyber attack on wife of Navy officer involved in Pahalgam terror attack; Women’s Commission responds