Kerala News
പ്രതിപക്ഷ നേതാവിന്റേത് പദവിക്ക് ചേരാത്ത പരാമര്‍ശം, തിരുത്തിയേ പറ്റൂ; വഖഫ് റാലിയില്‍ സമസ്ത നേതാവ് ശുഹൈബ് ഹൈതമി
കൊച്ചി: വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞ പ്രസ്താവന തിരുത്തണമെന്ന് സമസ്ത നേതാവ് ശുഹൈബ് ഹൈതമി. നാല് സുന്നി സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന ഭരണഘടന വഖഫ് സംരക്ഷണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിദ്ദിഖ് സേട്ട് ആത്മശാന്തിക്കായി എന്ന് കാണിച്ച് വഖഫ് ചെയ്ത ഭൂമി ഗവണ്‍മെന്റ് അംഗീകരിക്കുകയും അതിനെതിരായി പോയ ഹരജികള്‍ രേഖ നോക്കി പറയൂ എന്ന് കോടതി തിരിച്ചയക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേരളത്തിന്റെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന പ്രതീക്ഷയായ പ്രിയങ്കരനായ വി.ഡി സതീശന്റെ പരാമര്‍ശമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ പദവിയോട് ചേരാത്ത പരാമര്‍ശമാണ് നടത്തിയതെന്നും അത് തിരുത്തിയോ പറ്റൂവെന്നും ശുഹൈബ് ഹൈതമി പറഞ്ഞു.
കേരളത്തിന്റെ ഐക്യബോധത്തെ ശിഥീലീകരണ രാഷ്ട്രീയത്തിന്റെ മുനമ്പത്തേക്ക് കൊണ്ടുപോയതിന്റെ പാപഭാരം പേറേണ്ട മറ്റൊരു വിഭാഗം കൂടിയുണ്ടെന്ന് ശുഹൈബ് ഹൈതമി പറഞ്ഞു. കൃത്യവിലോപം ചെയ്ത് ഉത്തരവാദിത്തബോധമില്ലാതെ വഖഫ് ഭൂമിയെ വിറ്റ ഫാറൂഖ് കോളേജിന്റെ ആ കാലത്തെ ഭരണസമിതിയും അവരെ ന്യായീകരിക്കുന്ന ആളുകളുമാണെന്നും അദ്ദേഹം പറഞ്ഞു.
അന്ധമായി മുനമ്പത്തുകാരെ കുടിയൊഴിപ്പിക്കണമെന്നല്ല പറയുന്നതെന്നും ഈ മഹാസമ്മളനത്തിന്റെ പൊതുവികാരം മുനമ്പം വിഷയം ഔട്ട് ഓഫ് കോര്‍ട്ടില്‍ സെറ്റില്‍ ചെയ്യണമെന്നാണെന്നും സമസ്ത നേതാവ് പറഞ്ഞു.
കോടതിക്ക് പുറത്ത് മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട സെറ്റില്‍മെന്റ് നടക്കണമെന്നും ആ സെറ്റില്‍മെന്റില്‍ അത് വഖഫായി വഖഫിന്റെ മുതവല്ലിമാര്‍ക്ക് ഭൂമി തിരിച്ചുകൊടുക്കുകയും ഭൂമിയില്‍ നിന്നും പുറത്ത് ഇറങ്ങേണ്ടി വരുന്നവര്‍ക്ക് അതിന് തതുല്യമായ വില നഷ്ടപരിഹാരം നല്‍കി പുനരധിവസിപ്പിക്കണമെന്നും ശുഹൈബ് ഹൈതമി പറഞ്ഞു.
കേരളം ഭരിച്ച ഏതാണ്ട് എല്ലാ സര്‍ക്കാരിനും മുനമ്പം ഭൂമി ഒരേസമയം റവന്യൂ രജിസ്‌ട്രേഷന്‍ പട്ടികയിലും വഖഫിന്റെ പട്ടികയും പെട്ടതില്‍ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് ഭൂമി റവന്യൂ രജിസ്‌ട്രേഷന്‍ ഭൂമിയില്‍ പെട്ടുവെന്നതാണ് ചിലരുടെ പിടിവള്ളിയെന്നും അങ്ങനെയാണെങ്കില്‍ ഉത്തരവാദിത്തമില്ലാതെ വഖഫിന്റെ ഭൂമിയെ റവന്യൂ ഭൂമിയുടെ പട്ടികയില്‍പ്പെടുത്തിയതില്‍ എല്ലാ ഗവണ്‍മെന്റിനും ഏറെ കുറേ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ നഷ്ടപരിഹാരത്തിന്റെ പാതി ഗവണ്‍മെന്റ് വഹിക്കട്ടെയെന്നും ബാക്കി ഉത്തരവാദിത്തമില്ലാതെ വഖഫ് ഭൂമി വിറ്റ ഉടമസ്ഥരോ അനന്തരാവകാശികളോ വഹിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ഇങ്ങനെ ചെയ്താല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും മുനമ്പത്ത് വിഭാഗീയത സൃഷ്ടിച്ച് ആ തീപ്പൊരിയില്‍ നിന്ന് അധികാരം ചുട്ടെടുക്കാമെന്ന് ആരും കരുതണ്ടയെന്നും ഇതാണ് വിഷയത്തില്‍ ജംഇയ്യത്തുല്‍ ഉലമയുടെ നിലപാടെന്നും ശുഹൈബ് ഹൈതമി പറഞ്ഞു.
Content Highlight: Opposition leader’s remarks are unbecoming of his position, must be corrected; Samastha leader Shuhaib Haitami at Waqf rally