കശ്മീര്‍ സുരക്ഷാ മേഖലയില്‍ സൈനികരുമൊത്ത് റീല്‍സ് ചിത്രീകരിച്ച് ബി.ജെ.പി നേതാവ്; വിമര്‍ശനം
ന്യൂദല്‍ഹി: സുരക്ഷാമേഖലയില്‍ സൈനികരുമൊത്ത് റീല്‍സ് ചിത്രീകരിച്ച ബി.ജെ.പി നേതാവിന് വിമര്‍ശനം. ഭാരതീയ ജനതാ പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവ് അംഗവും ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ മുന്‍ പാര്‍ട്ടി പ്രസിഡന്റായ രവീന്ദര്‍ റെയ്‌നയ്ക്കാണ് വിമര്‍ശനം.
ഇന്ത്യന്‍ സൈനികരുമൊത്ത് സുരക്ഷാമേഖലയില്‍ റീല്‍സ് എടുക്കുകയും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിനും പിന്നാലെയാണ് വിമര്‍ശനം ശക്തമായത്.
തോക്കേന്തിയ അഞ്ചിലധികം സൈനികരുമൊത്ത് മഞ്ഞ് വീഴ്ചയുള്ള സ്ഥലത്ത് നിന്നും നൃത്തച്ചുവടുകളുമായി വരുന്ന വീഡിയോയാണ് നേതാവ് ചിത്രീകരിച്ചത്. റീല്‍സ് എക്‌സ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലെല്ലാം നേതാവ് പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ജയ്ഹിന്ദ് എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്. ഗുലാല്‍ എന്ന ചിത്രത്തിലെ ആരംഭ് ഹേ പ്രചണ്ട് എന്ന പശ്ചാത്തല ഗാനത്തോട് കൂടിയാണ് റീല്‍സ് ചിത്രീകരിച്ചിരിക്കുന്നത്.
ഇന്ത്യന്‍ സൈന്യത്തെ ദുരുപയോഗം ചെയ്തുവെന്നടക്കമുള്ള വിമര്‍ശനങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. റീലുകള്‍ നിര്‍മിച്ച് പോസ്റ്റ് ചെയ്യുന്നതിനേക്കാള്‍ വലിയ കാര്യങ്ങള്‍ സൈന്യത്തിനും നേതാവിനും ചെയ്യാനുണ്ടെന്നും വിമര്‍ശനമുണ്ട്.
പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ ഭീകരാക്രമണത്തിനിരയായ സാഹചര്യത്തില്‍ പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള നയതന്ത്രം രൂക്ഷമാവുമ്പോള്‍ ഇത്തരത്തിലുള്ള റീലുകള്‍ ചിത്രീകരിക്കുന്നത് അപലപനീയമാണെന്നും ചില വ്യക്തികള്‍ പറഞ്ഞു.
വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി സൈന്യത്തെ ഉപയോഗിച്ചുവെന്നും നയതന്ത്ര പ്രശ്‌നങ്ങളാല്‍ സംഘര്‍ഷബാധിതമായിരിക്കുന്ന പ്രദേശത്ത് റീല്‍സ് ചിത്രീകരിക്കുന്ന തിരക്കിലാണ് നേതാവെന്നും വിമര്‍ശനമുണ്ട്.
Content Highlight: BJP leader shoots reels with soldiers in Kashmir security zone; criticism