10
July, 2025

A News 365Times Venture

10
Thursday
July, 2025

A News 365Times Venture

തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം, പക്ഷേ നീതിയും നിയമവും തുല്യമായി വീതിക്കപ്പെടണം; ഷാജൻ സ്കറിയയുടെയും വേടന്റേയും അറസ്റ്റിൽ സർക്കാരിനെ വിമർശിച്ച് പി.വി അൻവർ

Date:



Kerala News


തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം, പക്ഷേ നീതിയും നിയമവും തുല്യമായി വീതിക്കപ്പെടണം; ഷാജൻ സ്കറിയയുടെയും വേടന്റേയും അറസ്റ്റിൽ സർക്കാരിനെ വിമർശിച്ച് പി.വി അൻവർ

മലപ്പുറം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി അൻവർ. സമീപദിവസങ്ങളിലായി നടന്ന റാപ്പർ വേടന്റെ അറസ്റ്റിലും ഇന്നലെ നടന്ന മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്‌കറിയയുടെ അറസ്റ്റിലും പി.വി. അൻവർ സർക്കാരിനെ വിമർശിച്ചു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പി.വി. അൻവറിന്റെ വിമർശനം. നാടകമേ ഉലകം എന്ന തലക്കെട്ടോടെ അപ്‌ലോഡ് ചെയ്ത കുറിപ്പിൽ നാടകക്കമ്പനിയായ കെ.പി.എ.സിയെ അനുസ്മരിപ്പിക്കും വിധമായിരിക്കുന്നു ആഭ്യന്തര വകുപ്പിന്റെ നടപടികളെന്ന് അദ്ദേഹം വിമർശിച്ചു.

അതാത് സമയങ്ങളിൽ സർക്കാരിന്റെ മുഖം രക്ഷിക്കാനും ആളെക്കൂട്ടാനും അനുയോജ്യരായവരെ തെരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുകയും വിട്ടയക്കുകയും ചെയ്യുകയാണ് സർക്കാരെന്ന് അദ്ദേഹം വിമർശിച്ചു.

‘ലഹരി വിഷയത്തിൽ മുഖം രക്ഷിക്കാൻ വേടനെ അറസ്റ്റ് ചെയ്യുന്നു. പിന്നോക്ക വിഭാഗത്തിൽ പെട്ട കലാകാരനെ വേട്ടയാടുന്നതിൽ യുവാക്കളിൽ നിന്നടക്കം ശക്തമായ പ്രതിഷേധം ഉയർന്നതോടെ അപകടം മണത്ത സി.പി.ഐ.എം ഈ പാപഭാരം വനംവകുപ്പിൽ കെട്ടിവെക്കുന്നു. പിന്നീട് അതേ വേടന്റെ ബ്രാൻഡ് വാല്യു ഉപയോഗപ്പെടുത്തി ആളില്ലാതെ പൊളിഞ്ഞു പോയ സർക്കാരിന്റെ നാലാം വാർഷികത്തിലേക്ക് ആളെക്കൂട്ടാൻ ശ്രമിക്കുന്നു. ആ കാഴ്ചയാണ് ഇന്നലെ ഇടുക്കിയിൽ കണ്ടത്. വേടന്റെ അറസ്റ്റിന് ശേഷം സർക്കാർ എടുത്തണിയാൻ ശ്രമിക്കുന്ന ഈ രക്ഷകവേഷം സമൂഹത്തിൽ നിന്നും പ്രത്യേകിച്ച് യുവതയിൽ നിന്നും ഉയർന്ന പ്രതിഷേധത്തിന്റെ ഭാഗമായി അണിയാൻ സർക്കാർ നിർബന്ധിതമായി പോയതാണ്. ഈ വിഷയത്തിൽ കേരള ജനത ഒന്നാകെ അഭിനന്ദനമർഹിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

പി.വി അൻവർ

കൂടാതെ പൊടുന്നനെയുള്ള ഷാജൻ സ്‌കറിയയുടെ അറസ്റ്റിലും അദ്ദേഹം സർക്കാരിനെ വിമർശിച്ചു. ഷാജൻ സ്കറിയ ഒരു പിടികിട്ടാപ്പുള്ളി അല്ലെന്നും പട്ടാപ്പകൽ ഏതുനേരവും അറസ്റ്റ് ചെയ്യാൻ അവൈലബിൾ ആയിട്ടുള്ള വ്യക്തിയാണെന്നും പി.വി. അൻവർ പറഞ്ഞു.

തിരുവനന്തപുരം ടൗണിലൂടെ രാവിലെയും വൈകുന്നേരവും റോഡിലൂടെ നടന്നു പോകുന്ന ആളാണ് ഷാജൻ സ്കറിയ. അങ്ങനെയുള്ള ഒരാളെ ഒരു കൊള്ള സംഘത്തിൽ പോയി അറസ്റ്റ് ചെയ്ത് കൊണ്ടുവരുന്ന രീതിയിയിലാണ് സർക്കാർ അറസ്റ്റ് ചെയ്തത്. പാവം ഷാജനെ ആ പിങ്ക് കളർ ഷർട്ട് ഒന്ന് ഇടാൻ പോലും സമ്മതിക്കരുത്. നല്ല ഹൈപ്പ് കിട്ടട്ടെ. അങ്ങനെ പൊതു സമൂഹത്തിനും ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലും പിണറായിക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന മുഖം ഈ ക്ലൈമാക്സിലൂടെ തിരിച്ചുപിടിക്കാം. ആകെ മൊത്തം ഒരു സർക്കസ് കണ്ട പ്രതീതിയാണ്,’ പി.വി. അൻവർ പറഞ്ഞു.

ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്തപ്പോഴും അദ്ദേഹത്തിന് ജാമ്യം ലഭിക്കണമെന്ന് സർക്കാരിന് നിർബന്ധമുണ്ടായിരുന്നെന്നും പി.വി. അൻവർ ആരോപിക്കുന്നു. വയർലസ് സന്ദേശം ചോർത്തി സംപ്രക്ഷേപണം ചെയ്തതടക്കം ഷാജൻ സ്കറിയക്കെതിരെ മുമ്പ് പരാതികൾ വന്നിരുന്നുവെന്നും, ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാമെന്ന് ഡി.ജി.പി (ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ) നിയമോപദേശം നൽകിയതുമാണ്. എന്നാൽ അന്ന് സർക്കാർ ഷാജൻ സ്കറിയയെ വെറുതെ വിട്ടുവെന്നും അൻവർ പറഞ്ഞു.

‘മാത്രമല്ല ഇന്നലെ നടന്ന സംഭവവികാസങ്ങൾ സൂക്ഷിച്ച് പരിശോധിച്ചാൽ മനസിലാകുന്ന മറ്റൊരുകാര്യമുണ്ട്. ഷാജൻ സ്കറിയക്ക് ജാമ്യം ലഭിക്കണം എന്ന നിർബന്ധ ബുദ്ധിയുണ്ടായിരുന്നു സർക്കാരിന്. ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യുമ്പോൾ സുപ്രീം കോടതി ഉത്തരവുപ്രകാരം പാലിക്കേണ്ട നിയമവശങ്ങൾ പാലിക്കാതെ ഉള്ള അറസ്റ്റ് കാരണമായിട്ടായിരിക്കാം കോടതി ജാമ്യം അനുവദിച്ചത്. വയർലസ് സന്ദേശം ചോർത്തി സംപ്രക്ഷേപണം ചെയ്തതടക്കം ഷാജൻ സ്കറിയക്കെതിരെ മുമ്പ് പരാതികൾ വന്നിരുന്നു. ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാമെന്ന് ഡി. ജി. പി (ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ) നിയമോപദേശം നൽകിയതുമാണ്. എന്നാൽ അന്ന് സർക്കാർ ഷാജൻ സക്കറിയയെ വെറുതെ വിട്ടു.

ഷാജൻ സ്‌കറിയ

ആളും തരവും നോക്കി നീതിയും നിയമവും നടപ്പിലാക്കുന്ന പുതിയ രീതി ജനാധിപത്യ സംഹിതകൾക്കെതിരാരാണെന്നും അൻവർ വിമർശിച്ചു.
സമാനമായ നിയമവശങ്ങളുള്ള കേസിൽ സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റം ചുമത്തിയാണ് ബോബി ചെമ്മണ്ണൂരിനെ ജയിലിൽ അടച്ചതെന്ന് ഇവിടെ ഓർക്കേണ്ടതുണ്ടെന്ന് അൻവർ കൂട്ടിച്ചേർത്തു. അതേസമയം ഷാജൻ സ്കറിയയെയും അൻവർ വിമർശിക്കുന്നുണ്ട്.

‘പിണറായിസവും,സംഘപരിവാർ അഡ്ജസ്റ്റ്മെന്റും ഞാൻ ആദ്യമായി ഐഡന്റിഫൈ ചെയ്യുന്നത് ഷാജൻ സ്കറിയ വിഷയത്തിലാണ്. കേരളത്തിലെ മുസ്‌ലിം ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ഇത്രമാത്രം പരസ്പരം അകറ്റിയ വെറുപ്പുത്പാദിപ്പിക്കുന്ന ഫാക്ടറിയായിരുന്നു ഷാജന്റെ യൂട്യൂബ് ചാനൽ. ഏകോദര സഹോദരന്മാരായിരുന്ന ക്രൈസ്തവ മുസ്‌ലിം സഹോദരങ്ങളുടെ ഇടയിൽ വൈര്യം വളർത്താൻ സംഘപരിവാറിന് വേണ്ടി പണിയെടുക്കുന്ന ചാരനായി മാത്രമേ ഷാജൻ സ്കറിയയെ വിശേഷിപ്പിക്കാനാവൂ.

കേരളത്തിലും വിദേശത്തും ലക്ഷക്കണക്കിന് മലയാളികൾക്ക് തൊഴിൽ നൽകുന്ന ഒരു മലയാളിവ്യവസായിയെയും അദ്ദേഹത്തിന്റെ സംരംഭത്തെയും ലക്ഷ്യം വച്ച് ഷാജൻ സ്കറിയ നടത്തിയ വിദ്വേഷ പ്രചരണം കേരളം കണ്ടതാണ്. കേരളം കൊണ്ടാടിയിരുന്ന മതസൗഹാർദത്തിന് കളങ്കം ചാർത്തിയ വ്യക്തിയായി തന്നെ ഷാജൻ സ്കറിയ ചരിത്രത്തിൽ അറിയപ്പെടും. പിണറായിസം തുലയട്ടെ എന്ന ഷാജന്റെ മുദ്രാവാക്യത്തിൽ ഇല്ലാതാവുന്നതല്ല അയാൾ പാകിയ വിദ്വേഷത്തിന്റെ വിത്തുകൾ,’ അൻവർ പറഞ്ഞു.

വേടൻ

കഴിഞ്ഞ മാസങ്ങളായി താൻ ഉന്നയിച്ചുകൊണ്ടിരിക്കുന്ന വിഷയങ്ങൾക്ക് കേരളത്തിലെ പൊതുസമൂഹത്തിൻ്റെ അംഗീകാരം ലഭിക്കുന്നുവെന്ന തിരിച്ചറിവിൽ നിന്ന് ഉണ്ടായ നടപടികളും തീരുമാനങ്ങളുമാണ് സർക്കാറിന്റെ ഈ നടപടികൾക്ക് പിന്നിലുള്ളതെന്നും അൻവർ ആരോപിച്ചു.
ഷർട്ട് ഇടാൻ അനുവദിക്കാത്ത ഈ അറസ്റ്റും നാടകങ്ങളും എല്ലാം നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ഗൂഢാലോചനയായി മാത്രമേ താൻ വിലയിരുത്തുകയുള്ളു എന്നും അൻവർ കൂട്ടിച്ചേർത്തു. തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും എന്നാൽ അതേസമയം നീതിയും നിയമവും തുല്യമായി വീതിക്കപ്പെടണമെന്നും അൻവർ തന്റെ കുറിപ്പിൽ പറയുന്നു.

 

Content Highlight: Those who have done wrong should be punished, but justice and law should be distributed equally; PV Anwar criticizes the government on the arrest of Shajan Skaria and Vedan




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related