World News
ഓസ്‌ട്രേലിയക്ക് പിന്നാലെ ന്യൂസിലാന്റും; 16 വയസിന് താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ നീക്കം
വെല്ലിങ്ടണ്‍: 16 വയസിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് നിയന്ത്രിക്കാന്‍ നിര്‍ദേശവുമായി ന്യൂസിലാന്റ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണ്‍. അക്രമാസക്തമായ ഉള്ളടക്കങ്ങളും സൈബര്‍ ഭീഷണികളും ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ഇത്തരം പ്രശ്‌നങ്ങളില്‍ നിന്നും യുവാക്കളെ സംരക്ഷിക്കാനായി സംരക്ഷിക്കാനായുള്ള നീക്കമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കുട്ടികളെ സംരക്ഷിക്കുന്നതിനായാണ് ഈ നീക്കമെന്നും അതിനായി സോഷ്യല്‍ മീഡിയ കമ്പനികള്‍ അവരുടെ ഉത്തരവാദിത്തം നിറവേറ്റുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണ്‍ പറഞ്ഞു.
സൈബര്‍ ഭീഷണിയും അക്രമാസക്തവും അനുചിതവുമായ ഉള്ളടക്കങ്ങളും, ചൂഷണങ്ങളും , സോഷ്യല്‍ മീഡിയയോടുള്ള ആസക്തിയും ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് രക്ഷിതാക്കളും അധ്യാപകരും പ്രധാനമന്ത്രിയോട് ചര്‍ച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ നീക്കം.
സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് തുറക്കാന്‍ അനുവദിക്കുന്നതിന് മുമ്പ് അവരുടെ പ്രായം കുറഞ്ഞത് 16 വയസാണെന്ന് സ്ഥിരീകരിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. അതിനായി കരട് നിയമം നിര്‍ബന്ധിതമാക്കുമെന്നും അല്ലെങ്കില്‍ രണ്ട് മില്യണ്‍ ന്യൂസിലാന്റ് ഡോളര്‍ വരെ പിഴ ഈടാക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
സോഷ്യല്‍ മീഡിയിയില്‍ നിന്നും നല്ല ഉള്ളടക്കങ്ങള്‍ വരുമെങ്കില്‍ കൂടിയും അത് എല്ലാ സമയവും സുരക്ഷിതമായിരിക്കണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ ടെക് കമ്പനികള്‍ സാമൂഹിക ഉത്തരവാദിത്തം ഉള്ളവരായിരിക്കണമെന്നും ക്രിസ്റ്റഫര്‍ ലക്‌സണ്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയ തങ്ങളുടെ കുട്ടികളില്‍ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് മാതാപിതാക്കള്‍ ആശങ്കപ്പെടുന്നുണ്ടെന്നും സോഷ്യല്‍ മീഡിയിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ ആക്‌സസ് നിയന്ത്രണ വിധേയമാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
16 വയസ്സിന് താഴെയുള്ളവരെ സോഷ്യല്‍ മീഡിയയില്‍ നിന്ന് വിലക്കുന്ന സുപ്രധാന നിയമങ്ങള്‍ ഓസ്ട്രേലിയ നവംബറില്‍ പാസാക്കിയിരുന്നു. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, എക്സ് തുടങ്ങിയ സൈറ്റുകള്‍ക്കെതിരായ ലോകത്തിലെ ഏറ്റവും ശക്തമായ നടപടികളില്‍ ഒന്നാണിതെന്ന് റിപ്പോര്‍ട്ടുകളും വന്നിരുന്നു.
Content Highlight: New Zealand follows Australia; moves to restrict social media use by children under 16