Kerala News
‘എന്റെ ഇടതുകൈയിലെ ഒലിവിന്റെ ചില്ല വീണുപോയല്ലോ’; ഫലസ്തീന്‍ വിമോചന പോരാളി യാസര്‍ അറാഫത്തിന്റെ വാക്കുകള്‍ ഓര്‍മിപ്പിച്ച് വേടന്‍
ഇടുക്കി: ‘എന്റെ കേരളം’ പരിപാടിയില്‍ ഫലസ്തീന്‍ വിമോചന പോരാളി യാസര്‍ റാഫത്തിന്റെ വാക്കുകൾ ഓര്‍മിപ്പിച്ച് റാപ്പര്‍ വേടന്‍ ‘എന്റെ ഇടതുകൈയിലെ ഒലിവിന്റെ ചില്ല വീണുപോയല്ലോ… എന്റെ വലതുകൈയിലെ യന്ത്ര തോക്കിന്‍ തിരയും തീര്‍ന്നല്ലോ…’ ഈ വരികള്‍ പാടിക്കൊണ്ടായിരുന്നു വേടന്‍ അറാഫത്തിന്റെ ഓര്‍മിപ്പിച്ചത്.
ഐക്യരാഷ്ട്ര സഭയിലെ ചര്‍ച്ചയില്‍ യാസര്‍ അറാഫത്ത് പറഞ്ഞ വാക്കുകളും വേടന്‍ പരാമര്‍ശിച്ചു. തന്റെ ഇടതുകൈയില്‍ ഒരു ഒലിവിന്റെ ചില്ലയും തന്റെ വലതുകൈയില്‍ സ്വാതന്ത്ര്യസമര സേനാനിയുടെ, പോരാളിയുടെ കലാഷ്നിക്കോവ് യന്ത്ര തോക്കുമാണുള്ളത്. തന്റെ ഇടതുകൈയിലെ ഒലിവ് ചില്ല വീണുപോകാതെ നിങ്ങള്‍ നോക്കണേ എന്നാണ് യു.എന്നില്‍ യാസര്‍ അറാഫത്ത് നടത്തിയ പ്രസംഗത്തിലെ ശ്രദ്ധിക്കപ്പെട്ട വാക്കുകള്‍.
Yasser Arafat
1969 മുതല്‍ 2004 വരെ ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ (പി.എല്‍.ഒ) ചെയര്‍മാനും 1989 മുതല്‍ 2004 വരെ ഫലസ്തീന്‍ സ്റ്റേറ്റ് പ്രസിഡന്റും 1994 മുതല്‍ 2004 വരെ ഫലസ്തീന്‍ അതോറിറ്റിയുടെ (പി.എന്‍.എ) പ്രസിഡന്റുമായിരുന്നു യാസര്‍ അറാഫത്ത്. അറബ് ദേശീയവാദിയും സോഷ്യലിസ്റ്റുമായ അറഫാത്ത് ഫത്താഹ് രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാപക അംഗം കൂടിയായിരുന്നു.
ഫലസ്തീന്‍ വിമോചന പോരാട്ട ചിഹ്നമായ കഫിയ ധരിച്ചുകൊണ്ടാണ് യാസര്‍ അറാഫത്തിനെ എല്ലായ്‌പ്പോഴും കാണാന്‍ സാധിച്ചിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ഈ നാട്ടിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് വരെ അറിയാന്‍ സാധ്യതയുണ്ടാകില്ലെന്ന് വേടന്‍ പറയുന്നു.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വേടന്റെ വാക്കുകളും യാസര്‍ അറാഫത്ത് ആരാണെന്ന ചര്‍ച്ചകളുമാണ് നടക്കുന്നത്. ഫലസ്തീന്‍ പോരാളിയെ ഓര്‍മിപ്പിക്കുന്ന വേടന്റെ വീഡിയോകള്‍ നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത്. ഇതിനുമുമ്പും ഫലസ്തീന്‍ പതാക ഉയര്‍ത്തി ആള്‍ക്കൂട്ടത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന വേടന്റെ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
‘വേടന്‍ ഇന്നലെ വീണ്ടും യാസര്‍ അറാഫത്ത് ആരായിരുന്നു എന്ന് ഓര്‍മിപ്പിച്ചു. കുട്ടികള്‍ ഇനി ഗൂഗിള്‍ ചെയ്യട്ടെ… പലപ്പോഴും സൈനിക വേഷം ധരിക്കുന്ന യാസര്‍ അറാഫത്ത്, ഒരു പ്രത്യേക രീതിയിലാണ് കഫിയ ധരിക്കാറുള്ളത്. സ്വതന്ത്ര ഫലസ്തീന്റെ ഭൂരേഖയോട് സാമ്യമുള്ള നിലയില്‍, തലയില്‍ നിന്നും അറ്റം താഴ്ത്തി, ത്രികോണാകൃതിയിലുള്ള സ്‌കാര്‍ഫ് വലത് തോളില്‍ പൊതിഞ്ഞ് വെക്കുകയാണ് പതിവ്. പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഒരിക്കല്‍ പോലും ഈ പതിവ് അദ്ദേഹം തെറ്റിച്ചില്ല. ഇടത് കൈയില്‍ സമാധാനത്തിന്റെ ചിഹ്നമായ ഒലിവ് ചില്ലയും വലത് കൈയില്‍ തോക്കുമേന്തിയാണ് താന്‍ വരുന്നതെന്ന അറാഫത്തിന്റെ പ്രഖ്യാപനം ഐക്യരാഷ്ട്ര സഭയില്‍ ഇടിമുഴക്കമായിരുന്നു. ഇടത് കൈയില്‍ നിന്ന് ഒലിവ് ചില്ല വീഴാതെ നോക്കാന്‍ അദ്ദേഹം ലോകത്തോട് വിളിച്ച് പറഞ്ഞ അഭ്യര്‍ത്ഥന ഇപ്പോഴും അന്തരീക്ഷത്തിലുണ്ട്. ക്ഷുഭിത യൗവനത്തിന്റെ പ്രതീകമായ വേടന്‍ അതാവര്‍ത്തിച്ചു,’ ഹസന്‍ കേയം ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്നലെ (തിങ്കള്‍) ഇടുക്കിയില്‍ നടന്ന സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച പരിപാടികളുടെ സമാപന ചടങ്ങിലാണ് വേടന്‍ യാസര്‍ അറാഫത്തിനെ ഓര്‍മിപ്പിച്ചത്.
കൂടാതെ തന്നില്‍ മാതൃകയാക്കാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ടെന്നും തന്നെ തിരുത്താന്‍ ആരുമുണ്ടായിരുന്നില്ലെന്നും വേടന്‍ പറഞ്ഞിരുന്നു. തിരുത്താനും തിരുത്തപ്പെടാനുമുള്ള ഒരു സാഹചര്യത്തിലാണ് താനിപ്പോള്‍ ഉള്ളത്. വേടന്‍ എന്നത് ഒരു പൊതുസ്വത്താണ്. നിങ്ങള്‍ക്ക് തന്നെ തിരുത്താമെന്നും വേടന്‍ സംസാരിച്ചിരുന്നു.
കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായതിന് പിന്നാലെ മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന പരിപാടിയില്‍ നിന്ന് സര്‍ക്കാര്‍ വേടനെ ഒഴിവാക്കിയിരുന്നു. എന്നാല്‍ കഞ്ചാവ് കേസിലും തുടര്‍ന്ന് വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത പുലിപ്പല്ല് കൈവശം വെച്ചെന്ന് ആരോപിച്ചുള്ള കേസിലും വേടന് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ജാമ്യത്തിലിറങ്ങിയതിന് ശേഷം വേടന്‍ പങ്കെടുത്ത ആദ്യ പരിപാടിയായിരുന്നു ഇടുക്കിയിലേത്.
Content Highlight: vedan recalls the words of Palestinian liberation fighter Yasser Arafat