Kerala News
വര്‍ഗീയ രാക്ഷസന്മാര്‍ക്ക് എങ്ങനെ വെറുപ്പ് തോന്നാതിരിക്കും, വേടന്റെ വരികളില്‍ ഫലസ്തീനികളും ഉണ്ടെന്നറിഞ്ഞപ്പപ്പോള്‍ അത്ഭുതം തോന്നി: നൗഷാദ് ബാഖവി
മലപ്പുറം: കഞ്ചാവ് കേസില്‍ റാപ്പര്‍ വേടന്‍ അറസ്റ്റിലായ വിവരമറിഞ്ഞപ്പോള്‍ ഞെട്ടിപോയതായി മതപണ്ഡിതന്‍ നൗഷാദ് ബാഖവി. മൂല്യമുള്ള വാക്കുകള്‍ പറയുന്ന വേടന്‍ അറസ്റ്റിലായെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നും എന്നാല്‍ സമാധാനം നല്‍കിയത് ജാമ്യത്തിലിറങ്ങിയതിന് ശേഷം വേടന്‍ പറഞ്ഞ വാക്കുകളാണെന്നും നൗഷാദ് ബാഖവി പറഞ്ഞു.
‘എന്റെ സഹോരങ്ങളോടാണ്, എന്നെ സ്‌നേഹിക്കുന്നവരോട്… ഈ ചേട്ടനോട് ക്ഷമിക്കണം. ഞാന്‍ നന്നാവാന്‍ ശ്രമിക്കും,’ ജാമ്യത്തിലിറങ്ങിയതിന് ശേഷം വേടന്‍ പറഞ്ഞ വാക്കുകള്‍.
ഈ വാക്കുകള്‍ എന്തൊരു മനോഹരമാണെന്നും ഇത് കേട്ടപ്പോള്‍ സന്തോഷമായെന്നും നൗഷാദ് ബാഖവി പറഞ്ഞു. ഇന്നുവരെ ഏതെങ്കിലും സിനിമാ നടന്മാരോ മറ്റോ ഇത്തരത്തില്‍ സംസാരിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
ഇത്തരത്തില്‍ സംസാരിച്ചതുകൊണ്ട് വേടന്‍ പൂര്‍ണമായും നല്ലൊരു വ്യക്തിയാണെന്ന് പറയുന്നില്ല. എന്നാല്‍ ഇങ്ങനെയല്ലാം അദ്ദേഹത്തിന് സംസാരിക്കാന്‍ കഴിയുന്നുണ്ടല്ലോ! അടിത്തട്ടില്‍ കിടക്കുന്ന ആര്‍ക്കും വേണ്ടാത്ത പാവങ്ങള്‍ക്ക് ഒരു സന്തോഷം നല്‍കുന്ന വാക്കുകളായിരുന്നു വേടന്റേതെന്നും നൗഷാദ് ബാഖവി കൂട്ടിച്ചേര്‍ത്തു.
വേടന്റെ ചില വരികളില്‍ ഫലസ്തീനില്‍ ചതച്ചരയ്ക്കപ്പെട്ട പാവങ്ങള്‍ പോലുമുണ്ടെന്ന് അറിയുമ്പോള്‍ അത്ഭുതം തോന്നിപ്പോയി. പിന്നെ എങ്ങനെയാണ് വര്‍ഗീയ രാക്ഷസന്മാര്‍ക്ക് വേടനോട് വെറുപ്പ് വരാതിരിക്കുകയെന്നും നൗഷാദ് ബാഖവി ചോദിച്ചു.
വേടനെ ഇനിയും പിടികൂടുമെന്നും എന്തെങ്കിലും ഒരു കുരുക്ക് വേടന്റെ കഴുത്തിലേക്ക് ഇടാന്‍ രാക്ഷസന്മാര്‍ കാത്തിരിക്കുകയാണെന്നും നൗഷാദ് ബാഖവി പറഞ്ഞു. ആ ചൂണ്ടയില്‍ വേടന്‍ വീഴാതിരിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വേടന്‍ പറഞ്ഞ ‘മക്കളെ നിങ്ങള്‍ കള്ളുകുടിക്കരുത്, ലഹരി ഉപയോഗിക്കരുത്, അമ്മയെ പൊന്നുപോലെ നോക്കണം, അച്ഛനെ പൊന്നുപോലെ നോക്കണം, നിങ്ങള്‍ക്ക് അവര് മാത്രമേ ഉള്ളു,’ തുടങ്ങിയ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ മുഴച്ചുനിന്നിരുന്നുവെന്നും നൗഷാദ് ബാഖവി പറഞ്ഞു.
കൂടാതെ ‘ലഹരി ഉപയോഗം 100% തെറ്റ് തന്നെയാണ്. അത് ഒരു വ്യക്തിയെ മാത്രമല്ല, സമൂഹത്തെയും ബാധിക്കും. ഒരു ഗ്രാം ആയാലും അഞ്ച് ഗ്രാം ആയാലും തെറ്റ് തെറ്റ് അല്ലാതാക്കില്ല. അതുകൊണ്ട് വേടന്റെ അറസ്റ്റില്‍ ഒരിക്കലും ന്യായീകരിക്കുകയുമില്ല. ഇവിടെ ആ വ്യക്തിക്ക് നന്നാകാന്‍ മനസ് ഉണ്ടെങ്കില്‍ നന്നാവട്ടെ.
ആ വ്യക്തി പറയുന്ന കാര്യങ്ങള്‍ എല്ലാം 100% ശരിയാണെന്നും ഞാന്‍ പറയുന്നില്ല. പക്ഷേ വര്‍ഗീയ വിഷം ചീറ്റുന്നവര്‍ക്ക് ആ കലാകാരന്റെ വരികള്‍ പലപ്പോഴും ഏറെ അസ്വസ്ഥതയാക്കിയിട്ടുണ്ട്,’ എന്ന് നൗഷാദ് അലി സമൂഹ മാധ്യമങ്ങളില്‍ കുറിക്കുകയും ചെയ്തു.
Content Highlight: Naushad baqavi talks about rapper vedan’s song and lyrics