World News
ബലൂചിസ്ഥാനില്‍ സ്‌ഫോടനം; ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടു
ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ സ്‌ഫോടനം. ആക്രമണത്തില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ആക്രമണത്തിന് പിന്നില്‍ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബി.എല്‍.എ)യാണെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം സംഘടന ഇതുവരെ ഏറ്റെടുത്തിട്ടില്ല.
തടവുകാരെ വിട്ടയച്ച ശേഷമാണ് ആക്രമണമുണ്ടായത്. 40 ഓളം തടവുകാരുമായ പോയ വാഹനവ്യൂഹം ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്.
തെക്കുപടിഞ്ഞാറന്‍ ബലൂചിസ്ഥാനിലാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ അര്‍ധസൈനികരാണ് കൊല്ലപ്പെട്ടത്. അഞ്ച് സൈനികര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
‘വാഹനവ്യൂഹത്തില്‍ നിന്ന് ബലൂച് പോരാളികള്‍ തടവുകാരെ മോച്ചപ്പിച്ചു. ശേഷം സൈനികരെ ബന്ദികളാക്കുകയും വാഹനം ബോംബ് വെച്ച് തകര്‍ക്കുകയുമായിരുന്നു. ഈ ആക്രമണത്തിലാണ് ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടത്,’ പാകിസ്ഥാന്‍ സൈന്യം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
അടുത്തിടെ ക്വറ്റയിലുണ്ടായ സ്‌ഫോടനത്തില്‍ 10 പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സൈനിക വ്യൂഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഐ.ഇ.ഡി ആക്രമണത്തിലാണ് പാക് സൈനികര്‍ കൊല്ലപ്പെട്ടത്.
വാഹനത്തിലുണ്ടായിരുന്ന സുബേദാര്‍ ഷെഹ്‌സാദ് അമീന്‍, നായിബ് സുബേദാര്‍ അബ്ബാസ്, ശിപായി ഖലീല്‍, ശിപായി സാഹിദ്, ശിപായി ഖുറം സലീം എന്നിവരടക്കമാണ് കൊല്ലപ്പെട്ടത്.
റിമോര്‍ട്ട് കണ്ട്രോള്‍ ഉപയോഗിച്ച് സ്‌ഫോടനം നടത്തിയതായി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട്ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബി.എല്‍.എ) പറഞ്ഞിരുന്നു.
പാകിസ്ഥാനെതിരായ പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാക്കുമെന്നും ബി.എല്‍.എ വക്താവ് അറിയിച്ചിരുന്നു. സര്‍വശക്തിയും ഉപയോഗിച്ച് തങ്ങളുടെ ശത്രുക്കളുടെ ലക്ഷ്യം വെക്കുന്നത് തുടരുമെന്നാണ് ബി.എല്‍.എ അറിയിച്ചിരുന്നത്.
ഇതിനുമുമ്പ് സമുറാന്‍, കോല്‍വ, കലാത്ത് എന്നീ ജില്ലകളില്‍ നടന്ന ആക്രമണങ്ങളില്‍ ഏഴ് പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ മേഖലകളിലെ സുരക്ഷാ പോസ്റ്റുകള്‍ പിടിച്ചെടുത്തതായും ബി.എല്‍.എ അവകാശപ്പെട്ടിരുന്നു.
2025 മാര്‍ച്ചില്‍ ബലൂച് ഭീകരര്‍ ഒമ്പത് കോച്ചുകളിലായി 500ഓളം യാത്രക്കാരുമായി പോയ ജാഫര്‍ എക്സ്പ്രസ് റാഞ്ചിയെടുത്തിരുന്നു. പെഷവാറിലേക്കുള്ള യാത്രാമധ്യേ, ക്വറ്റയില്‍ നിന്ന് ഏകദേശം 160 കിലോമീറ്റര്‍ അകലെയുള്ള പര്‍വതപ്രദേശത്ത് വെച്ചായിരുന്നു ഭീകരര്‍ ട്രെയിന്‍ ഹൈജാക്ക് ചെയ്തത്. ഇതില്‍ ഏകദേശം 339 ആളുകളെ ബി.എല്‍.എ പ്രവര്‍ത്തകര്‍ ബന്ദികളാക്കുകയും ചെയ്തിരുന്നു.
സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് ട്രെയിന്‍ പാളം തെറ്റിക്കുകയും ഹൈജാക്ക് ചെയ്യുകയുമായിരുന്നു. സംഭവത്തില്‍ 20ലധികം ഭീകരര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 33 ഭീകരരെ കൊലപ്പെടുത്തിയതായി ലെഫ്റ്റനന്റ് ജനറല്‍ അഹമ്മദ് ഷരീഫ് പറഞ്ഞിരുന്നു.
നിലവില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായിരിക്കെയാണ് ബലൂച് ഭീകരര്‍ പാക് സൈന്യത്തെ ആക്രമിക്കുന്നത്.
Content Highlight: Blast in Balochistan; Seven Pakistani soldiers killed