ഓപ്പറേഷന്‍ സിന്ദൂറിനെപ്പറ്റി തെറ്റായ വിവരങ്ങള്‍ നല്‍കി; ചൈനീസ് മാധ്യമത്തിനെതിരെ ഇന്ത്യയുടെ വിമര്‍ശനം
ന്യൂദല്‍ഹി: ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിനെതിരെ തെറ്റായ പ്രചാരണം നടത്തിയ ചൈനീസ് മാധ്യമത്തിനെതിരെ വിമര്‍ശനവുമായി ഇന്ത്യ. പാകിസ്ഥാനില്‍ ഇന്ത്യ നടത്തിയ സൈനിക ഓപ്പറേഷന് പിന്നാലെ മൂന്ന് ഇന്ത്യന്‍ സൈനിക വിമാനങ്ങള്‍ പാകിസ്ഥാന്‍ വെടിവെച്ച് ഇട്ടുവെന്ന വ്യാജവാര്‍ത്ത പങ്കുവെച്ച ഗ്ലോബല്‍ ടൈംസിനെതിരെയാണ് ഇന്ത്യയുടെ വിമര്‍ശനം.
തെറ്റായ വിവരങ്ങള്‍ പുറത്തുവിടുന്നതിന് മുമ്പ് വസ്തുതകള്‍ പരിശോധിക്കാനും ഗ്ലോബല്‍ ടൈംസിന്റെ ഉറവിടങ്ങളെ ക്രോസ് വിസ്താരം നടത്താനും പോര്‍ട്ടലിനോട് ഇന്ത്യ ആവശ്യപ്പെട്ടു.
പാകിസ്ഥാനിലെ പല സ്ഥലങ്ങളിലും ഇന്ത്യ രാത്രിയില്‍ നടത്തിയ വ്യോമാക്രമണങ്ങള്‍ക്ക് മറുപടിയായി പാകിസ്ഥാന്‍ വ്യോമസേന (പി.എ.എഫ്) ഇന്ത്യന്‍ യുദ്ധവിമാനം വെടിവച്ചിട്ടതായണ് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. പാകിസ്ഥാന്‍ സൈന്യത്തില്‍ നിന്നുള്ള സ്രോതസ്സുകള്‍ ഉദ്ധരിച്ചാണ് ഗ്ലോബല്‍ ടൈംസ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
രാത്രിയിലെ ആക്രമണങ്ങള്‍ക്ക് മറുപടിയായി വെടിവെച്ചിടുന്ന മൂന്നാമത്തെ ഇന്ത്യന്‍ യുദ്ധവിമാനമാണിതെന്ന് പാകിസ്ഥാന്‍ സൈനിക വൃത്തങ്ങള്‍ പറഞ്ഞതായി ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഇതിനു മറുപടിയായി ബീജിംഗിലെ ഇന്ത്യന്‍ എംബസി ഒരു എക്‌സ് പോസ്റ്റ് പങ്കുവെക്കുകയുണ്ടായി. ഇത്തരം തെറ്റായ വിവരങ്ങള്‍ പുറത്തുവിടുന്നതിനുമുമ്പ് ഗ്ലോബല്‍ ടൈംസ് വസ്തുതകളും വാര്‍ത്തയുടെ ഉറവിടങ്ങള്‍ പരിശോധിക്കണമെന്നാണ് എംബസി പുറത്തുവിട്ട പോസ്റ്റില്‍ പറയുന്നത്.
Content Highlight: India criticizes Chinese media for providing false information about Operation Sindoor