national news
ഓപ്പറേഷന്‍ സിന്ദൂരില്‍ കൊല്ലപ്പെട്ട ലഷ്‌കര്‍ ഭീകരരുടെ ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത് പാക് സൈന്യം
ഇസ്‌ലാമാബാദ്: ഓപ്പറേഷന്‍ സിന്ദൂരില്‍ കൊല്ലപ്പെട്ട ലഷ്‌കര്‍ ഭീകരരുടെ ശവസംസ്‌കാരച്ചടങ്ങില്‍ പാക് സൈനികര്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ലാഹോറിനടുത്തുള്ള ലഷ്‌കര്‍-ഇ-തൊയ്ബയുടെ ആസ്ഥാനമായ മുറിദ്‌കെയില്‍ വെച്ച് നടന്ന ഭീകരരുടെ ശവസംസ്‌കാര ചടങ്ങില്‍ ലഷ്‌കര്‍ കമാന്‍ഡര്‍ അബ്ദുല്‍ റൗഫിനൊപ്പം പാക് സൈനികര്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പാക് സൈനികര്‍ക്ക് പുറമെ പാക് പൊലീസ്, സിവില്‍ ഉദ്യോഗസ്ഥര്‍ എന്നിവരും സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ട്.
മുറിദ്‌കെയിലെ ലഷ്‌കര്‍ കോമ്പൗണ്ടില്‍ നിന്ന് ചിത്രീകരിച്ചതായി കരുതപ്പെടുന്ന വീഡിയോയില്‍
ശവസംസ്‌കാര ചടങ്ങില്‍ പാകിസ്ഥാന്‍ സൈനികര്‍ ഔദ്യോഗിക ചടങ്ങുകള്‍ നിര്‍വഹിക്കുന്നതായും കാണിക്കുന്നുണ്ട്.
മറ്റൊരു വീഡിയോയില്‍ പാക്കിസ്ഥാന്‍ പതാകയില്‍ പൊതിഞ്ഞ ഭീകരരുടെ ശവപ്പെട്ടികള്‍ വഹിച്ചുകൊണ്ട് പാക്കിസ്ഥാന്‍ സൈനികര്‍ പോവുന്ന ദൃശ്യങ്ങളും പുറത്ത് വന്നതിലുണ്ട്. പ്രചരിക്കുന്ന ചിത്രങ്ങള്‍ക്കെതിരെ വ്യാപകമായ വിമര്‍ശനവും ഉയരുന്നുണ്ട്. പാകിസ്ഥാന്‍ ഭീകരവാദത്തിന് കുട പിടിക്കുന്നു എന്നതിന്റെ ഉദാഹരണമാണിതെന്നാണ് മിക്കവരും ഇതിനോട് പ്രതികരിച്ചത്.
‘ഓപ്പറേഷന്‍ സിന്ദൂരില്‍ കൊല്ലപ്പെട്ട ഭീകരരുടെ ശവസംസ്‌കാര ചടങ്ങുകളില്‍ പാകിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥര്‍ പരസ്യമായി പങ്കെടുക്കുന്നു. പാകിസ്ഥാന്‍ സൈന്യവും ഭീകരതയും എപ്പോഴും കൈകോര്‍ത്ത് നടക്കുന്നു എന്നതിന്റെ വ്യക്തമായ ഓര്‍മ്മപ്പെടുത്തലാണിത്,’ എന്നാണ് വിരമിച്ച മേജറായ സുരേന്ദ്ര പൂനിയ ഇതിനോട് പ്രതികരിച്ചത്.
ഗൂഢാലോചന, കൊലപാതകം, ആയുധ പരിശീലനം ഇതിനാണ് പാകിസ്ഥാന്‍ യഥാര്‍ത്ഥത്തില്‍ നിലകൊള്ളുന്നതെന്നും 9/11, 26/11, അബോട്ടാബാദ്, ഇപ്പോള്‍ പഹല്‍ഗാം എന്നിവയ്ക്ക് ശേഷവും ലോകത്തിന് എത്ര തെളിവുകള്‍ ആവശ്യമാണെന്ന് ശിവസേന എം.പി മിലിന്ദ് ദിയോറയും വീഡിയോ പങ്കുവെച്ചുകൊണ്ട് പ്രതികരിച്ചിട്ടുണ്ട്.
അതേസമയം ഇന്നലെ നടന്ന പ്രത്യാക്രമണത്തിന് മറുപടിയായി പാകിസ്ഥാന്‍ തിരിച്ചടിച്ചാല്‍ അതിനെ തടയാന്‍ പൂര്‍ണമായും തയ്യാറാണെന്ന് ഇന്ത്യ ഇതിനകം അറിയിച്ചിട്ടുണ്ട്. രാജ്യത്തെ നിഷ്‌കളങ്കരായ ആളുകളെ കൊന്നവരോടാണ് പ്രതികാരം ചോദിച്ചതെന്നും പ്രത്യാക്രമണത്തില്‍ ഒരു സാധാരണക്കാരന്‍ പോലും കൊല്ലപ്പെട്ടില്ലെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.
കൃത്യതയോടും ജാഗ്രതയോടും കൂടിയായിരുന്നു ഇന്ത്യയുടെ ആക്രമണമെന്നും പിന്തുണ നല്‍കിയ പ്രധാനമന്ത്രിക്കും സൈന്യത്തിനും നന്ദി അറിയിക്കുന്നുവെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.
സ്വന്തം മണ്ണില്‍ നടന്ന ആക്രമണത്തില്‍ പ്രതികരിക്കാനുള്ള അവകാശ ഇന്ത്യ വിനിയോഗിക്കുകയായിരുന്നുവെന്നും ഭീകരരുടെ മനോവീര്യം തകര്‍ക്കുക എന്നതായിരുന്നു ഈ ആക്രമണത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ നടപടി ഭീകരരുടെ ക്യാമ്പുകളിലും മറ്റ് കേന്ദ്രങ്ങളിലേക്കും മാത്രമായി കേന്ദ്രീകരിച്ചുള്ളതായിരുന്നെന്നും രാജ്നാഥ് സിങ് പറഞ്ഞു.
Content Highlight: Pakistan Army attends funeral of Lashkar terrorists killed in Operation Sindhoor