national news
ജമ്മു കശ്മീരില്‍ പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണം; 50ഓളം ഡ്രോണുകള്‍ വെടിവെച്ചിട്ടു
ശ്രീനഗര്‍: ജമ്മു കശ്മീര്‍ വീണ്ടും പാക് പ്രകോപനം. 50 ഓളം ഡ്രോണുകള്‍ ജമ്മു കശ്മീരിനെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ തൊടുത്ത് വിട്ടെങ്കിലും ഇവയെല്ലാം ഇന്ത്യന്‍ സൈന്യം വെടിവെച്ചിട്ടു.
സ്‌ഫോടനങ്ങള്‍ക്ക് മുന്നോടിയായി കുപ് വാരയില്‍ സൈറണുകള്‍ മുഴങ്ങിയിരുന്നു. നിലവില്‍ ജമ്മുവും കുപ് വാരും ബ്ലാക്ക് ഔട്ടിലാണ്. പാകിസ്ഥാന്‍ വിക്ഷേപിച്ച എട്ട് മിസൈലുകളും ഇന്ത്യന്‍ സൈന്യം നിര്‍വീര്യമാക്കിയിട്ടുണ്ട്. സ്‌ഫോടനത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ പരിഭ്രാന്തിയിലായിരുന്നു.
അതേസമയം ജമ്മു കശ്മീരിലെ വിമാനത്താവളം ലക്ഷ്യമിട്ടാണ് പാകിസ്ഥാന്‍ ആക്രമണം നടത്തിയതെന്ന റിപ്പോര്‍ട്ടുകളുണ്ട്. ജമ്മു കശ്മീരിന് പുറമെ പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ഷെല്‍ ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.
ആക്രമണങ്ങള്‍ തടയുന്നതിനിടെ പാകിസ്ഥാന്റെ രണ്ട് ജെ.എഫ്-17, എഫ്-16 വിമാനങ്ങള്‍ ഇന്ത്യന്‍ സേന തകര്‍ത്തിട്ടുണ്ട്. യുദ്ധത്തില്‍ ഉപയോഗിക്കരുതെന്ന നിബന്ധനയോടെ പാകിസ്ഥാന് അമേരിക്ക കൈമാറിയതാണ് എഫ് 16 വിമാനങ്ങള്‍.
പാകിസ്ഥാന്‍, പാക് അധിനിവേശ കശ്മീരിലെ ഒമ്പത് ഭീകര ക്യാമ്പുകളില്‍ ഇന്ത്യ ആക്രമണം നടത്തിയതിന് ഒരു ദിവസത്തിന് ശേഷമാണ് പാകിസ്ഥാന്റെ ആക്രമണം. നിലവില്‍
വിവിധ സംസ്ഥാനങ്ങളുടെ അതിര്‍ത്തി മേഖലകളില്‍ ഇപ്പോള്‍ ബ്ലാക്ക് ഔട്ട് ആണ്. പഞ്ചാബിലും രാജസ്ഥാനിലും ജമ്മുവിലും ചണ്ഡീഗണ്ഡിലും ഇപ്പോള്‍ ബ്ലാക്ക് ഔട്ട് ആണ്. ഹരിയാന-പഞ്ചാബ് അതിര്‍ത്തിയിലും അപായ സൈറണുകള്‍ മുഴങ്ങുന്നുണ്ട്.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. 27 വിമാനത്താവളങ്ങല്‍ അടച്ചിടാനും ഉത്തരവുണ്ട്. 430 വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ദല്‍ഹിയില്‍ പ്രതിരോധ സമിതിയുടെ യോഗം നടക്കുന്നുണ്ട്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും മൂന്ന് സേന മേധാവികളുമായാണ് കൂടിക്കാഴ്ച്ച നടത്തുന്നത്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. പ്രത്യാക്രമണത്തിന്റെ ഭാഗമായി ലാഹോറില്‍ ഇന്ത്യന്‍ സൈന്യം തിരിച്ചടച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlight: Pakistan drone attack in Jammu and Kashmir; Around 50 drones shot down