12
July, 2025

A News 365Times Venture

12
Saturday
July, 2025

A News 365Times Venture

യുദ്ധത്തിലൂടെയല്ല നയതന്ത്ര നീക്കങ്ങളിലൂടെയാണ് ഇന്ത്യ-പാക് പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത്- ആര്‍.എം.പി.ഐ

Date:



Kerala News


യുദ്ധത്തിലൂടെയല്ല നയതന്ത്ര നീക്കങ്ങളിലൂടെയാണ് ഇന്ത്യ-പാക് പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത്: ആര്‍.എം.പി.ഐ

കോഴിക്കോട്: ഇന്ത്യക്കും പാക്കിസ്ഥാനുമിടയിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സൈനിക ഏറ്റുമുട്ടലുകളെ ആശ്രയിക്കുന്നത് വിഡ്ഡിത്തമാണെന്ന് ആര്‍.എം.പി.ഐ (റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ) ജനറല്‍ സെക്രട്ടറി മംഗത്‌റാം പസ്‌ല.

ഇക്കാര്യത്തില്‍ നയതന്ത്ര പരിഹാരമാണ് സ്വീകരിക്കേണ്ടതെന്നും അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ നിര്‍ബന്ധമായും ഒഴിവാക്കപ്പെടേണ്ടതാണെന്നും മംഗത്‌റാം പസ്‌ല പറഞ്ഞു. യുദ്ധം ഒരു പ്രശ്‌നത്തിനും പരിഹരമല്ലെന്നും അത് പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സേന നടത്തുന്ന തിരിച്ചടി ഭീകരാക്രമണത്തില്‍ കൊലചെയ്യപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് മാനസികമായ പിന്‍ബലം നല്‍കുന്നതാണ്. പാക് അതിര്‍ത്തിയിലെ ഭീകരരുടെ പരിശീലന കേന്ദ്രങ്ങളുടെ നടത്തിപ്പ് ചുമതല പാക് രഹസ്യാന്വേഷണ ഏജന്‍സിയായ എ.എസ്.ഐയും അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ യും ചേര്‍ന്നാണ് നിര്‍വ്വഹിക്കുന്നത് എന്ന കാര്യം കേന്ദ്രസര്‍ക്കാരിന് അറിവുള്ളതാണ്,’ മംഗത്‌റാം പസ്‌ലയുടെ പ്രസ്താവനയില്‍ പറയുന്നു.

യുദ്ധമല്ല സമാധാനമാണാവശ്യം എന്ന മുദ്രാവാക്യമുയര്‍ത്തി ആര്‍.എം.പി.ഐ പ്രവര്‍ത്തകര്‍ രാജ്യത്തിനകത്തും പുറത്തും വിപുലമായ പ്രചാരണ പ്രവര്‍ത്തനം സംഘടിപ്പിക്കണമെന്നും മംഗത്‌റാം പസ്‌ല ആവശ്യപ്പെട്ടിട്ടുണ്ട്.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംഘപരിവാര്‍ ശക്തികള്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടത്തുന്ന വിഷലിപ്തമായ പ്രചരണപ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരുടെ ലക്ഷ്യം സാധിച്ചു കൊടുക്കുകയാണ് ഇതിലൂടെ സംഘപരിവാര്‍ ചെയ്യുന്നത്.

പഹല്‍ഗാം ആക്രമണത്തില്‍ ഭര്‍ത്താവ് നഷ്ടപ്പെട്ട ഹിമാന്‍ഷി നര്‍വാള്‍ തീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടു ഒപ്പം തന്നെ കാശ്മീരികള്‍ക്കും മുസ്‌ലിങ്ങള്‍ക്കുമെതിരെ നടക്കുന്ന വിദ്വേഷ പ്രചരണത്തെ അപലപിക്കുകയും ചെയ്തപ്പോള്‍ സംഘപരിവാര്‍ ഗ്രൂപ്പുകള്‍ ഹിമാന്‍ഷി ക്കെതിരെ വൃത്തികെട്ട സൈബര്‍ പ്രചരണമാണ് അഴിച്ചുവിട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് അങ്ങേയറ്റം അപലപനീയമാണ്.

ഭീകരവാദികള്‍ക്കെതിരെ ഇന്ത്യയില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹിക സംഘടനകളും ഉറച്ച നിലപാടെടുത്തിട്ടുണ്ട്. ഇത് സ്വാഗതാര്‍ഹമാണെന്നും എന്നാല്‍ ഈ സാഹചര്യമുപയോഗിച്ച് രാജ്യത്ത് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പസ്‌ല ആവശ്യപ്പെട്ടു.

ഇപ്പോഴത്തെ സാഹചര്യം ഉപയോഗപ്പെടുത്തി മാധ്യമ പ്രവര്‍ത്തകരെയും ബുദ്ധിജീവികളെയും വേട്ടയാടാനും പൗരസ്വാതന്ത്ര്യങ്ങളും അഭിപ്രായസ്വാതന്ത്ര്യവും തടയാനും അമിതാധികാരവാഴ്ച അടിച്ചേല്‍പ്പിക്കാനുമുള്ള മോദിസര്‍ക്കാരിന്റെ നീക്കങ്ങളെ ചെറുത്തു തോല്‍പ്പിക്കണമെന്നും ആര്‍.എം.പി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlight: India-Pakistan issues should be resolved through diplomacy, not war: R.M.P.I

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related