ജമ്മു കശ്മീരില്‍ വീണ്ടും പാക് പ്രകോപനം; ഷെല്ലാക്രമണം പ്രതിരോധിച്ച് സൈന്യം
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ആക്രമണവുമായി പാകിസ്ഥാന്‍. ജമ്മുവിലെ സാംബയിലും പൂഞ്ചിലും മറ്റ് ഭാഗങ്ങളിലുമാണ് പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തിയത്. ഉറിയില്‍ ജനവാസകേന്ദ്രങ്ങള്‍ക്ക് നേരെ വെടിവെപ്പും ഉണ്ടായിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ ഇപ്പോള്‍ ബ്ലാക്ക് ഔട്ടിലാണ്.
ജമ്മുവിലെ പത്താന്‍കോട്ടിലും സാംബയിലും പാക് ഡ്രോണുകള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. പൂഞ്ചിലും കനത്ത ഷെല്ലിങും ഉണ്ട്. ഡ്രോണുകള്‍ വ്യോമസേന വെടിവെച്ച് ഇട്ടതായി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരില്‍ സൈറണുകള്‍ മുഴങ്ങിയിരുന്നു. പൊട്ടിത്തെറി കേട്ടതായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയും പ്രതികരിച്ചിരുന്നു. ജമ്മുവിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാവരോടും സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറാന്‍ ഒമര്‍ അബ്ദുല്ല അഭ്യര്‍ത്ഥിച്ചിരുന്നു.
തെരുവുകളില്‍ നിന്ന് മാറിനില്‍ക്കാനും വീട്ടിലോ അല്ലെങ്കില്‍ അടുത്ത കുറച്ച് മണിക്കൂറുകളിലേക്ക് ജനങ്ങള്‍ക്ക് സുഖമായി താമസിക്കാന്‍ കഴിയുന്ന ഏതെങ്കിലും സ്ഥലത്തേക്ക് മാറാനാണ് അദ്ദേഹം നിര്‍ദേശിച്ചത്. കിംവദന്തികള്‍ അവഗണിക്കാനും അടിസ്ഥാനരഹിതമായതോ സ്ഥിരീകരിക്കാത്തതോ ആയ കഥകള്‍ പ്രചരിപ്പിക്കരുതെന്നും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
ഏകദേശം 8:30 ഓട് കൂടിയാണ് സാംബ സെക്ടറിലാണ് ആദ്യത്തെ ഷെല്ലാക്രമണം ഉണ്ടായത്. ബന്ദിപ്പൂൂര്‍, ബാരാമുള്ള ഭാഗങ്ങളിലെ ആക്രമണങ്ങളെത്തുടര്‍ന്ന് ആളുകളെ ബങ്കറുകളിലേക്ക് മാറ്റിയിരുന്നു.
പഞ്ചാബിലെ ഫിറോസ്പൂരില്‍ ഡ്രോണ്‍ ജനവാസ മേഖലയില്‍ പതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പഞ്ചാബ്, ജാജസ്ഥാന്‍ മേഖലകളിലെ അതിര്‍ത്തി പ്രദേശങ്ങളിലും പാകിസ്ഥാന്‍ ആക്രമണം നടത്തുന്നുണ്ട്.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ എന്നിവരുമായും ചര്‍ച്ച നടത്തിയിരുന്നു.
Content Highlight: Pakistan provokes again in Jammu and Kashmir; Army repels shelling