ഇന്ത്യ-പാക് സംഘര്‍ഷം; സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടി മാറ്റി
ന്യൂദല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടി റദ്ദാക്കി. നാളെ മുതല്‍ നടത്താനിരുന്ന എല്ലാ പരിപാടികളും മാറ്റാനാണ് മന്ത്രിസഭ യോഗത്തില്‍ തീരുമാനിച്ചത്.
മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കുന്ന മുഖാമുഖം പരിപാടി, എന്റെ കേരളം പ്രദര്‍ശന വിപണന പരിപാടികള്‍, കലാ പരിപാടികള്‍ എന്നിവയും മറ്റ് സാംസ്‌കാരിക പരിപാടികളുമാണ് മാറ്റി വെച്ചിരിക്കുന്നത്. മാറ്റിയ പരിപാടി എപ്പോള്‍ നടക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ പ്രദര്‍ശന വിപണന മേളകളും മേഖല അവലോകന യോഗങ്ങളും മുമ്പ് നിശ്ചയിച്ച പോലെ തന്നെ തുടരും.
എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണനും തിരുവനന്തപുരത്ത് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ഭീകരവാദത്തിനെതിരായി ഇടതു പക്ഷ ജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി നിലനില്‍ക്കുമെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ വ്യക്തമാക്കി.
ഇന്ത്യക്കാരെന്ന നിലയ്ക്ക് ഇന്ത്യയുടെ അഖണ്ഡതയും പരമാധികാരവും ഭദ്രതയും സംരക്ഷിക്കുന്നതിനായി നാം രാജ്യത്തിന് വേണ്ടി അണിചേരുകയാണെന്നാണ് മുഖ്യമന്ത്രി ഈ വിഷയത്തില്‍ പ്രതികരിച്ചത്.
അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെ കേരളീയര്‍ക്കും മലയാളി വിദ്യാര്‍ഥികള്‍ക്കും സഹായവും വിവരങ്ങളും നല്‍കാന്‍ സര്‍ക്കാര്‍ സെക്രട്ടറിയേറ്റിലും നോര്‍ക്കയിലും കണ്‍ട്രോള്‍ റൂം തുറന്നിരുന്നു.
നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ച് സുരക്ഷിതരായി ഇരിക്കാനും സഹായം ആവശ്യമുള്ളപക്ഷം കണ്‍ട്രോള്‍ റൂം നമ്പരില്‍ ബന്ധപ്പെടാനും നിര്‍ദേശിച്ചിരുന്നു.
Content Highlight: India-Pakistan conflict; Government’s fourth anniversary celebration program postponed