national news
ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍; ഭീകരയ്‌ക്കെതിരായ ഉറച്ച നിലപാട് തുടരും: എസ്. ജയശങ്കര്‍
ന്യൂദല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിന് പിന്നാലെ വിശദീകരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍.
വെടിവെപ്പും സൈനിക നടപടിയും നിര്‍ത്താന്‍ ഇന്ത്യയും പാകിസ്ഥാനും ധാരണയിലെത്തിയതായി പറഞ്ഞ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുമെന്നും ആവര്‍ത്തിച്ചു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ തുടരുമെന്ന് ഇന്ത്യന്‍ സൈനിക വക്താക്കളും അറിയിച്ചിട്ടുണ്ട്. പാകിസ്ഥാന് ഏറ്റവും വലിയ തിരിച്ചടിയാണ് നിലവില്‍ ഏറ്റതെന്നും ഏത് സാഹചര്യത്തിലും തിരിച്ചടിക്കാന്‍ ഇന്ത്യ സജ്ജമാണെന്നും സൈനിക വക്താക്കള്‍ പറഞ്ഞു.
ഇന്ത്യ- പാക് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു സൈനിക വക്താക്കള്‍. കമ്മഡോര്‍ രഘു. ആര്‍. നായര്‍, വിങ് കമാന്‍ഡര്‍ വ്യോമിക സിങ്, കേണല്‍ സോഫിയ ഖുറേഷി എന്നിവര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു സേനയുടെ പ്രതികരണം.
ഇരുരാജ്യങ്ങളും കടലിലും കരയിലും ആകാശത്തുമുള്ള എല്ലാ സൈനിക പ്രവര്‍ത്തനങ്ങളും നിര്‍ത്താന്‍ ധാരണയിലെത്തിയതായും മൂന്ന് സേന വിഭാഗങ്ങളോടും ഇക്കാര്യം പാലിക്കാന്‍ നിര്‍ദേശം നല്‍കിയതായും കമ്മഡോര്‍ രഘു. ആര്‍. നായര്‍ പ്രതികരിച്ചു.
സംഘര്‍ഷത്തിലുടനീളം പാകിസ്ഥാന്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തിയിരുന്നതായി കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു. ഇന്ത്യയ്ക്ക് കനത്ത നാശനഷ്ടം വരുത്തിയതായാണ് പലപ്പോഴും പാകിസ്ഥാന്‍ അവകാശപ്പെട്ടിരുന്നത്. പാകിസ്ഥാന്‍ അവരുടെ ജെ.എഫ് 17 ഉപയോഗിച്ച് ഇന്ത്യയുടെ എസ്. 400 ബ്രഹ്‌മോസ് മിസൈല്‍ ബേസിന് വലിയ നാശം വരുത്തിയതായി അവകാശപ്പെട്ടത് തെറ്റാണെന്ന് മൂന്ന് സേനപ്രതിനിധികളും പറഞ്ഞു.
പാകിസ്ഥാനിലെ ആരാധാനാലയ കേന്ദ്രങ്ങള്‍ സൈന്യം തകര്‍ത്തെന്ന വാദവും തെറ്റാണെന്ന് സൈനിക വക്താക്കള്‍ പറഞ്ഞു. ഇന്ത്യന്‍ സൈന്യം പാകിസ്ഥാനിലെ പള്ളികള്‍ ആക്രമിച്ചിട്ടില്ലെന്നും ഇന്ത്യ ഒരു മതേതര രാജ്യമായതിനാല്‍ ഇന്ത്യന്‍ സൈന്യവും ഭരണഘടനയുടെ ഈ മതേതര മൂല്യമാണ് ഉയര്‍ത്തി പിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിര്‍സ, ജമ്മു, പത്താന്‍കോട്ട്, ഭട്ടിന്‍ഡ്, നാലിയ വ്യോമതാവളങ്ങള്‍ക്ക് പാകിസ്ഥാന്‍ കേടുപാടുകള്‍ വരുത്തിയെന്ന പാകിസ്ഥാന്റെ വാദവും സേന തള്ളി.
അതേസമയം വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നെങ്കിലും തിങ്കളാഴ്ച്ച ഇരുരാജ്യത്തിന്റേയും ഡി.ജി.ഒമാര്‍ ചര്‍ച്ച നടത്തും. അതിന് ശേഷമാവും പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ നിന്ന് ഇരുരാജ്യങ്ങളും പിന്മാറുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Content Highlight: Will continue to take a firm stand against terrorism: S. Jaishankar