142 ബില്യണ്‍ ഡോളറിന്റെ കരാറില്‍ ഒപ്പുവെച്ച് സൗദി അറേബ്യയും അമേരിക്കയും
റിയാദ്: സൗദി അറേബ്യയുമായി പ്രതിരോധ കരാറില്‍ ഒപ്പുവെച്ച് അമേരിക്ക. 142 ബില്യണ്‍ ഡോളറിന്റെ കരാറിലാണ് സൗദിയും അമേരിക്കയും ഒപ്പുവെച്ചത്. ഊര്‍ജം, എയ്റോസ്പേസ്, പ്രതിരോധ സാങ്കേതികവിദ്യ, ആഗോള സ്പോര്‍ട്സ് എന്നീ മേഖലകളിലെ നിക്ഷേപങ്ങളും കരാറില്‍ ഉള്‍പ്പെടുന്നു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് കരാറില്‍ ഒപ്പുവെച്ചത്.
കരാറില്‍ ഒപ്പുവെച്ചതിന് പിന്നാലെ സൗദിയില്‍ എത്താന്‍ സാധിച്ചത് വലിയ ബഹുമതിയാണെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. സൗദിയെ മഹത്തായ സ്ഥലമെന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പരാമര്‍ശം.
സൗദിയും യു.എസും പരസ്പരം വളരെയധികം ഇഷ്ടപ്പെടുന്നുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ട്രംപ് പറഞ്ഞു. ഗള്‍ഫ് ഉച്ചകോടിയുടെ ഭാഗമായി കൂടിയാണ് ട്രംപ് സൗദിയില്‍ എത്തിയത്.
സൗദിയുമായി അമേരിക്ക ഒപ്പുവെച്ചത് ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും വലിയ പ്രതിരോധ സഹകരണ കരാറാണെന്ന് വൈറ്റ് ഹൗസ് പറഞ്ഞു. യു.എസ് ആയുധങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താക്കളില്‍ ഒരു രാജ്യമാണ് സൗദി അറേബ്യ. ഏപ്രിലില്‍ സൗദിക്ക് അമേരിക്ക 100 ബില്യണ്‍ ഡോളറിലധികം വിലമതിക്കുന്ന ആയുധ പാക്കേജ് അനുവദിക്കാന്‍ ഒരുങ്ങുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2017ല്‍ മാത്രം ട്രംപ് സൗദി അറേബ്യയ്ക്ക് ഏകദേശം 110 ബില്യണ്‍ ഡോളറിന്റെ ആയുധ വില്‍പ്പന വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ 2018ല്‍ 14.5 ബില്യണ്‍ ഡോളറിന്റെ വില്‍പ്പന മാത്രമേ നടന്നിട്ടുള്ളൂ. എന്നാല്‍ പിന്നീടങ്ങോട്ട് സൗദി പത്രപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തെ തുടര്‍ന്ന് യു.എസ് കോണ്‍ഗ്രസ് സൗദിയുമായുള്ള അമേരിക്കയുടെ ഇടപാടുകളെ ചോദ്യം ചെയ്യാന്‍ തുടങ്ങി.
യു.എസ് നിയമപ്രകാരം മറ്റൊരു രാജ്യത്തിന് ആയുധ വില്‍പ്പന നടത്തണമെങ്കില്‍ കോണ്‍ഗ്രസില്‍ ഈ വിഷയം ചര്‍ച്ച ചെയ്യണം. മുമ്പ് സൗദി അറേബ്യയും ഇസ്രഈലും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ബൈഡന്‍ ഭരണകൂടം സൗദിയുമായി ഒരു പ്രതിരോധ കരാറില്‍ ഏര്‍പ്പെടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ട്രംപ് നടത്തിയ ശ്രമങ്ങളാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്.
നേരത്തെ സൗദിയില്‍ ലോക്ക്ഹീഡ് എഫ്-35 ജെറ്റുകള്‍ വാങ്ങുന്നതിനെക്കുറിച്ച് ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ പ്രതിരോധ കരാറില്‍ ഈ വിമാനങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതില്‍ വ്യക്തതയില്ല.
കഴിഞ്ഞ ദിവസം ട്രംപിന് 400 മില്യണ്‍ ഡോളറിന്റെ ആഡംബര ജെറ്റ് ഖത്തര്‍ രാജകുടുംബം സമ്മാനിക്കാനൊരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
ബോയിങ് 747-8 എന്ന വിമാനമാണ് ഖത്തര്‍ ട്രംപിന് സമ്മാനിക്കുക. യു.എസ് സര്‍ക്കാരിന് ലഭിച്ച ഏറ്റവും മൂല്യം കൂടിയ സമ്മാനമാണിത്. എന്നാല്‍ ഇത് വലിയ രാഷ്ട്രീയ-നയതന്ത്ര വിവാദങ്ങള്‍ക്കാണ് യു.എസില്‍ വഴി തെളിയിച്ചിരിക്കുന്നത്.
Content Highlight: Saudi Arabia and the United States sign a $142 billion deal