Kerala News
കേരളത്തില്‍ ഷവര്‍മ തിന്ന് മരിച്ചവരില്‍ മുഹമ്മദോ തോമസോ ഇല്ല, എന്നാല്‍ വര്‍മയുണ്ട്; വിദ്വേഷ പരാമര്‍ശവുമായി എന്‍.ആര്‍. മധു
വേടനെന്ന കലാകാരന്റെ പിന്നില്‍ ശക്തരായ സ്‌പോണ്‍സര്‍മാരുണ്ട്. വേടന്റെ പാട്ടെന്ന് പറയുന്നത് ജാതി ഭീകരവാദം പ്രചരിപ്പിക്കുന്ന, വിഘടനവാദം പ്രചരിപ്പിക്കുന്ന സാഹിത്യത്തെ വളര്‍ന്നുവരുന്ന തലമുറയുടെ മനസിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണെന്നും എന്‍.ആര്‍. മധു
കൊച്ചി: റാപ്പര്‍ വേടനെതിരെ വിദ്വേഷ പരാമര്‍ശവുമായി ആര്‍.എസ്.എസ് നേതാവും കേസരി വരിക മുഖ്യപത്രാധിപനുമായ എന്‍.ആര്‍. മധു. ആളുകൂടാന്‍ വേടന്റെ പാട്ട് പരിപാടി നടത്തുന്നവര്‍ അമ്പലപ്പറമ്പില്‍ കാബറയും നടത്തുമെന്നും എന്‍.ആര്‍. മധു പറഞ്ഞു. കൊല്ലം കുണ്ടറയിലെ ക്ഷേത്രപരിപാടിയില്‍ സംസാരിക്കുകയായിരുന്നു എന്‍.ആര്‍. മധു.
വേടനെന്ന കലാകാരന്റെ പിന്നില്‍ ശക്തരായ സ്‌പോണ്‍സര്‍മാരുണ്ട്. വേടന്റെ പാട്ടെന്ന് പറയുന്നത് ജാതി ഭീകരവാദം പ്രചരിപ്പിക്കുന്ന, വിഘടനവാദം പ്രചരിപ്പിക്കുന്ന സാഹിത്യത്തെ വളര്‍ന്നുവരുന്ന തലമുറയുടെ മനസിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണെന്നും എന്‍.ആര്‍. മധു പറഞ്ഞു.
ഈ കലാഭാസം കേരളത്തില്‍ അങ്ങനെ അരങ്ങുവാഴുകയാണെന്നും എന്‍.ആര്‍. മധു പറഞ്ഞു. സൂക്ഷ്മമായി പഠിച്ചാല്‍ ഈ രാജ്യത്തിന്റെ വിഘടനം സ്വപ്നം കണ്ട് കഴിയുന്ന തമോമയ ശക്തികള്‍ വേടന് പിന്നിലുണ്ടെന്ന് മനസിലാക്കാമെന്നും എന്‍.ആര്‍. മധു ആരോപിച്ചു.
ഇതിനുപുറമെ ചിലര്‍ക്കൊക്കെ ഇപ്പോള്‍ ആഹാരം തൃപ്തി തോന്നണമെങ്കില്‍ അറേബ്യന്‍ ഭക്ഷണം കഴിക്കണമെന്നും എന്‍.ആര്‍. മധു വിദ്വേഷ പരാമര്‍ശം നടത്തി. രാത്രി ഭക്ഷണത്തിന്റെ കാലമാണ് ഇപ്പോഴുള്ളതെന്നും നഗരങ്ങളില്‍ മാത്രമല്ല, ഗ്രാമങ്ങളില്‍ പോലും പാതിരാത്രി ഭക്ഷണം കഴിക്കുന്നവരാണ് ഉള്ളതെന്നും ആര്‍.എസ്.എസ് നേതാവ് പറഞ്ഞു.
കരിഞ്ഞ മാംസത്തിന്റെ രൂക്ഷമായതും തീക്ഷണമായതുമായ ഗന്ധം നമ്മുടെ മൂക്കിലേക്ക് തുളച്ചുകയറിക്കൊണ്ട് കടന്നുപോകുകയാണെന്നും എന്‍.ആര്‍. മധു പറഞ്ഞു. കേരളത്തിലെ തെരുവുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരു ശ്മാശാനത്തിലൂടെ കടന്നുപോകുന്ന പ്രതീതിയാണെന്നും എന്‍.ആര്‍. മധു പറഞ്ഞു.
ഇത്തരം ഇടങ്ങളില്‍ നമ്മള്‍ കഴിക്കുന്നത് ശവ വര്‍മയാണെന്നും ചിലരതിനെ ഷവര്‍മയെന്ന് പറയുമെന്നും എന്‍.ആര്‍. മധു അധിക്ഷേപിച്ചു.
കഴിക്കുന്നത് വര്‍മയാണ് കഴിക്കുന്നത് ശവമാണെന്നും കേസരിയുടെ മുഖ്യപത്രാധിപന്‍ പറഞ്ഞു. അതുകൊണ്ടാണ് ഷവര്‍മയെ ശവ വര്‍മയെന്ന് വിളിക്കുന്നതെന്നും കേരളത്തില്‍ അനേകം പേര്‍ ഇത് കഴിച്ച് മരിച്ചിട്ടുണ്ടെന്നും എന്‍.ആര്‍. മധു പറഞ്ഞു.
ഷവര്‍മ കഴിച്ച് മരിച്ചവരില്‍ ഒരു മുഹമ്മദോ ആയിഷയോ തോമസോ ഇല്ലെന്നും എന്നാല്‍ മരിച്ചവരില്‍ വര്‍മയുണ്ടായിരുന്നുവെന്നും എന്‍.ആര്‍. മധു പരാമര്‍ശിച്ചു. ഇതുകൊണ്ട് കൂടിയായിരിക്കും അതിന്റെ പേര് ഷവര്‍മ എന്നായത്. ആക്രാന്തം പൂണ്ട് ഷവര്‍മ തിന്ന് ചാവുന്നവരുടെ പേര് ഹിന്ദുവെന്നാണെന്നും മധു പറഞ്ഞു.
Content Highlight: There are no Muhammad or Thomas among those who died after eating shawarma in Kerala, but there is Varma; N.R. Madhu makes hateful remarks