national news
ചാരപ്രവര്‍ത്തി ആരോപിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനെ പുറത്താക്കി പാകിസ്ഥാന്‍; നടപടി ഇന്നലെ ഇന്ത്യ പാക് ഉദ്യോഗസ്ഥനെ പുറത്താക്കിയതിന് പിന്നാലെ
ഇസ്‌ലാമാബാദ്: ചാരപ്രവര്‍ത്തി ആരോപിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ പുറത്താക്കി പാകിസ്ഥാന്‍. പേഴ്‌സണ നോണ്‍ ഗ്രാറ്റയായി പ്രഖ്യാപിച്ച ഈ ഉദ്യോഗസ്ഥനോട് 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടാനും പാകിസ്ഥാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
നയതന്ത്ര പദവിയുമായി യോജിക്കാത്ത പ്രവര്‍ത്തികളില്‍ പങ്കാളിയായി എന്ന് ചൂണ്ടിക്കാട്ടിയാണ് പാകിസ്ഥാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥനെ പുറത്താക്കിയത്. ഈ വിവരം ഔദ്യോഗികമായി അറിയിക്കാനായി ഇന്ത്യന്‍ ചാര്‍ജ് ഡി അഫയേഴ്‌സിനെ ഇന്നലെ പാകിസ്ഥാന്‍ വിളിച്ച് വരുത്തിയിരുന്നു.
‘പ്രിവിലേജ്ഡ് സ്റ്റാറ്റസിന് അനുയോജ്യമല്ലാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഒരു ജീവനക്കാരനെ പാകിസ്ഥാന്‍ സര്‍ക്കാര്‍ പേഴ്സണ നോണ്‍ ഗ്രാറ്റയായി പ്രഖ്യാപിച്ചു,’ പാകിസ്ഥാന്റെ പ്രസ്താവനയില്‍ പറയുന്നു.
അതേസമയം ഇന്നലെ (ചൊവ്വാഴ്ച്ച) ഇന്ത്യന്‍ സൈന്യത്തിന്റെ വിവരങ്ങള്‍ ചോര്‍ത്തിയതിന് ന്യൂദല്‍ഹി ഹൈക്കമ്മീഷനിലെ പാക് ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കിയിരുന്നു. ഇത് കോപ്പിയടിക്കുന്ന നടപടിയാണ് ഇപ്പോള്‍ പാകിസ്ഥാനും സ്വീകരിച്ചിരിക്കുന്നത്.
ഇന്ത്യയിലെ ഔദ്യോഗിക പദവിക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങളില്‍ പാക് ഉദ്യോഗസ്ഥന്‍ ഏര്‍പ്പെട്ടെന്നും ഇദ്ദേഹത്തിന് രാജ്യം വിടാന്‍ 24 മണിക്കൂര്‍ സമയം നല്‍കിയിരുന്നതായും വിദേശകാര്യ മന്ത്രാലയം (എം.ഇ.എ) ഇന്നലെ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.
ഇന്ത്യ പാക് സംഘര്‍ഷം സൈനിക തിരിച്ചടികള്‍ക്ക് പുറമെ ഇപ്പോള്‍ നയതന്ത്ര മേഖലയിലേക്കും കടന്നിരിക്കുകയാണ് എന്നാണ് ഈ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. പഹല്‍ഗാം ആക്രമണത്തിന് മുമ്പ് 55 ഓളം പാക് ഉദ്യോഗസ്ഥരാണ് ഇന്ത്യയുടെ നയതന്ത്ര കാര്യാലയത്തില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ 30 പേരാണ് ഉള്ളത്. ഇതില്‍ നിന്നാണ് ഇന്നലെ ഒരാളെ പുറത്താക്കിയത്.
ഇയാള്‍ പാകിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്.ഐക്ക് വേണ്ടി വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് ഇന്ത്യ ആരോപിച്ചിരിക്കുന്നത്. ഈ ഉദ്യോഗസ്ഥന് വേണ്ടി ചാരപ്രവര്‍ത്തി നടത്തിയ രണ്ട് പേരെ പഞ്ചാബ് പൊലീസ് രണ്ട് ദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.
ഇന്ത്യന്‍ സൈന്യത്തിന്റെ സൈനിക നീക്കങ്ങളാണ് ഇവര്‍ പാകിസ്ഥാന്‍ ഉദ്യോഗസ്ഥന് വേണ്ടി ചോര്‍ത്തി നല്‍കിയത്. സംഭവത്തില്‍ ആദ്യം ഒരാളെയാണ് പഞ്ചാബിലെ മലേര്‍കോട്വാല പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് രണ്ടാമത്തെയാളെ കസ്റ്റഡിയില്‍ എടുത്തത്. രഹസ്യ വിവിരങ്ങള്‍ കൈമാറുന്നതിന് പകരമായി ഇവര്‍ക്ക് ഓണ്‍ലൈന്‍ വഴി പണം ലഭിച്ചിരുന്നതായും പൊലീസ് വെളിപ്പെടുത്തിയിരുന്നു.
പാകിസ്ഥാന്‍ ഉദ്യോഗസ്ഥനുമായി ഇവര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം മറ്റ് പ്രാദേശിക പ്രവര്‍ത്തകര്‍ക്ക് ഫണ്ടും കൈമാറിയിരുന്നു. ഇവരുടെ പക്കല്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണുകളും സൈന്യം കണ്ടെടുത്തിട്ടുണ്ട്.
Content Highlight: Pakistan expels Indian High Commission official over spying allegations; action follows India’s expulsion of Pakistani official yesterday