പഹൽഗാം ആക്രമണത്തിന് ശേഷം ഇന്ത്യയിലുടനീളം 184 വിദ്വേഷ ആക്രമണങ്ങൾ നടന്നതായി എ.പി.സി.ആർ റിപ്പോർട്ട്
ന്യൂദൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ശേഷം മുസ്‌ലിം വിരുദ്ധ വിദ്വേഷ സംഭവങ്ങളിൽ ആശങ്കാജനകമായ വർധനവ് ഉണ്ടായതായി അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (എ.പി.സി.ആർ) റിപ്പോർട്ട്. 2025 ഏപ്രിൽ 22 മുതൽ മെയ് എട്ട് വരെയുള്ള കാലയളവിൽ ഇന്ത്യയിലുടനീളം 184 വിദ്വേഷ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.
84 വിദ്വേഷ പ്രസംഗ കേസുകൾ, 39 ആക്രമണങ്ങൾ, 19 നശീകരണ പ്രവർത്തനങ്ങൾ, മൂന്ന് കൊലപാതകങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ആൾക്കൂട്ട കൊലപാതകം, സാമൂഹികവും സാമ്പത്തികവുമായ ബഹിഷ്‌കരണം, ഭീഷണിപ്പെടുത്തൽ, ഉപദ്രവം, ലൈംഗിക അതിക്രമത്തിനുള്ള ആഹ്വാനം എന്നിവ ഉൾപ്പെടുന്ന കേസുകളും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
വിദ്വേഷ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ഉത്തർപ്രദേശാണ്. 43 കേസുകളാണ് ഉത്തർപ്രദേശിൽ നിന്ന് മാത്രം ഉണ്ടായിട്ടുള്ളത്. തൊട്ടുപിന്നാലെ മഹാരാഷ്ട്രയും മധ്യപ്രദേശുമാണ്. മഹാരാഷ്ട്രയിൽ 24ഉം , മധ്യപ്രദേശിൽ 20ഉം കേസുകളാണ് രജിസ്റ്റർ ചെയ്‌തത്. ഈ മൂന്ന് സംസ്ഥാനങ്ങളും ഭരിക്കുന്നത് ബി.ജെ.പിയാണ്.
വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി ), ബജ്‌രംഗ്ദൾ, സകാൽ ഹിന്ദു സമാജ്, ഹിന്ദു രക്ഷാ ദൾ തുടങ്ങിയ തീവ്ര ഹിന്ദുത്വ സംഘടനകളും, പ്രമുഖ കാബിനറ്റ് സ്ഥാനങ്ങൾ വഹിക്കുന്ന മുതിർന്ന രാഷ്ട്രീയക്കാർ ഉൾപ്പെടെയുള്ള ബി.ജെ.പി അംഗങ്ങളും വിവിധ തരത്തിലുള്ള വിദ്വേഷ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്.
ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലെ ജിൻഝാന ഗ്രാമത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മുന്നിൽ വെച്ച് ഒരു തീവ്ര ഹിന്ദുത്വവാദി മുസ്‌ലിം യുവാവിനെ കോടാലി കൊണ്ട് ആക്രമിച്ചിരുന്നു. ‘പഹൽഗാമിലെ 26 പേരുടെ മരണത്തിന് പ്രതികാരമായി ഞാൻ നിന്നെ കൊല്ലുമെന്ന്’ അക്രമി ആക്രോശിച്ചിരുന്നതായി ദൃക്‌സാക്ഷികൾ പറയുന്നു.
ഉത്തർപ്രദേശിലെ അലിഗഡ് നഗരത്തിൽ, സുഹൃത്ത് പാകിസ്ഥാൻ വിരുദ്ധ പോസ്റ്റർ വലിച്ചുകീറിയെന്ന് ആരോപിച്ച് തീവ്ര ഹിന്ദുത്വ വാദികൾ പാകിസ്ഥാൻ പതാകയിൽ മൂത്രമൊഴിക്കാൻ മുസ്‌ലിം കൗമാരക്കാരനെ നിർബന്ധിച്ചിരുന്നു.
പശ്ചിമ ബംഗാളിൽ, ഏഴ് മാസം ഗർഭിണിയായ ഒരു മുസ്‌ലിം സ്ത്രീയെ അവരുടെ ഡോക്ടർ അപമാനിക്കുകയും മതം കാരണം വൈദ്യസഹായം നിഷേധിക്കുകയും ചെയ്തിരുന്നു.
ഇന്ത്യയിലെ പ്രമുഖ കാർഷിക സർവകലാശാലകളിലൊന്നായ ബിദാൻ ചന്ദ്ര കൃഷി വിശ്വവിദ്യാലയ (ബി.സി.കെ.വി)യിലെ കാർഷിക ഫാക്കൽറ്റിയുടെ പ്രവേശന നോട്ടീസ് ബോർഡിൽ ‘നായ്ക്കളെയും മുസ്‌ലിങ്ങളെയും അനുവദിക്കില്ല. എല്ലാ കണ്ണുകളും പഹൽഗാമിലേക്ക്. തീവ്രവാദം എന്നാൽ ഇസ്‌ലാം’ തുടങ്ങിയ വിദ്വേഷ പോസ്റ്റർ ഒട്ടിച്ചതായി കണ്ടെത്തിയിരുന്നു.
കൂടാതെ പഹൽഗാം ആക്രമണത്തിന് പിന്നാലെ പഠനത്തിനോ ജോലിക്കോ വേണ്ടി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന കശ്മീരി മുസ്‌ലിങ്ങൾക്ക് നേരെ വലിയ തോതിൽ ആക്രമണം ഉണ്ടായി. ഇവരോട് ഹോസ്റ്റലുകളും വാടക വീടുകളും ഒഴിയാൻ ആവശ്യപ്പെടുക, ശാരീരികമായി ആക്രമണങ്ങൾ നടത്തുക. ലൈംഗിക അതിക്രമത്തിനും ബലാത്സംഗത്തിനും ആഹ്വാനം നടത്തുക തുടങ്ങിയ സംഭവങ്ങൾ ഉണ്ടായിരുന്നു.
Content Highlight: 184 Hate Incidents Took Place Across India Post-Pahalgam Attack: APCR Report