ക്രിയേറ്റീവായി പേരിട്ടതുകൊണ്ട് യാഥാര്‍ത്ഥ്യത്തെ മാറ്റാന്‍ സാധിക്കില്ല; അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങളുടെ പേര് മാറ്റിയതില്‍ ചൈനക്കെതിരെ ഇന്ത്യ
ന്യൂദല്‍ഹി: അരുണാചല്‍ പ്രദേശിലെ നിരവധി സ്ഥലങ്ങളുടെ പേര് മാറ്റിയ ചൈനീസ് നടപടിക്കെതിരെ ശക്തമായി പ്രതികരിച്ച് ഇന്ത്യ. മെയ് 11നും 12നും ചൈനയുടെ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം പ്രസിദ്ധീകരിച്ച പട്ടികയില്‍ അരുണാചലിലെ 27 സ്ഥലങ്ങള്‍ക്ക് ചൈനീസ് പേരുകള്‍ നല്‍കിയിരുന്നു. ഇതിനെതിരെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം രൂക്ഷമായി പ്രതികരിച്ചു.
അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന പേരുമാറ്റിയതുകൊണ്ട് അതൊരിക്കലും യാഥാര്‍ത്ഥ്യത്തെ മാറ്റില്ലെന്നും വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി. അരുണാചല്‍ പ്രദേശില്‍ അവകാശവാദം ഉന്നയിക്കാന്‍ ചൈന ആവര്‍ത്തിച്ച് ശ്രമിക്കുന്നതിനിടെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.
‘ഇന്ത്യന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങള്‍ക്ക് പേരിടാനുള്ള വ്യര്‍ത്ഥവും അസംബന്ധമായതുമായ ശ്രമങ്ങള്‍ ചൈന തുടരുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. ചൈനയുടെ അത്തരം ശ്രമങ്ങളെ ഞങ്ങള്‍ വ്യക്തമായി നിരസിക്കുന്നു. ക്രിയേറ്റീവായി പേരിട്ടതുകൊണ്ട് അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന കാര്യം മാറില്ല, അത് ഇപ്പോഴും എപ്പോഴും അങ്ങനെത്തന്നെ തുടരും,’ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇതാദ്യമായല്ല ചൈന ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നത്. 2017ല്‍ ആറു സ്ഥലങ്ങള്‍ക്കും 2021ല്‍ 15 സ്ഥലങ്ങള്‍ക്കും 2023ല്‍ 11 സ്ഥലങ്ങള്‍ക്കും 2024 ഏപ്രിലില്‍ 30 സ്ഥലങ്ങള്‍ക്കും ചൈന പുതുതായി പേരുകള്‍ നല്‍കിയിരുന്നു.
പുതുതായി പേരുകള്‍ നല്‍കിയ 27 ഇടങ്ങളില്‍ 12 പര്‍വതങ്ങള്‍, നാല് നദികള്‍, ഒരു തടാകം, 11 വാസസ്ഥലങ്ങള്‍, ഒരു ചുരം മറ്റൊരു ഭാഗവും ഉള്‍പ്പെടുന്നുണ്ട്. കൂടാതെ ചൈന പ്രസിദ്ധീകരിച്ച പട്ടികയില്‍ ഓരോ സ്ഥലത്തിന്റെയും അക്ഷാംശം, രേഖാംശം, ഉയരം, ഭൂപടം തുടങ്ങിയ വിശദവിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചൈന ഈ സ്ഥലങ്ങളെ സാങ്നാന്‍ എന്ന പേരില്‍ അംഗീകരിക്കുന്നതായി ചൈനീസ് മീഡിയയായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Content Highlight: Creative naming cannot change reality; India takes on China over naming of areas in Arunachal Pradesh