Kerala News
ജോലി തടസപ്പെടുത്തിയെന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പരാതി; എം.എല്‍.എ ജെനീഷ് കുമാറിനെതിരെ കേസ്
പത്തനംതിട്ട: കോന്നിയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ ബലമായി മോചിപ്പിച്ചുവെന്ന ആരോപണത്തിനിടെ എം.എല്‍.എ കെ.യു. ജെനീഷ് കുമാറിനെതിരെ കേസ്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയിലാണ് കേസെടുത്തത്.
ജോലി തടസപ്പെടുത്തി എന്ന പരാതിയിലാണ് നടപടി. ബി.എന്‍.എസ് 132, 351(2) വകുപ്പുകള്‍ പ്രകാരമാണ് എം.എല്‍.എക്കെതിരെ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ജെനീഷ് കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്.
ശനിയാഴ്ച കുളത്തുമണ്ണിലെ ഒരു സ്വകാര്യ തോട്ടത്തില്‍ 10 വയസ് പ്രായമുള്ള കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവത്തില്‍, ചോദ്യം ചെയ്യാന്‍ ഒരാളെ കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്നാണ് എം.എൽ.എയും സി.പി.ഐ.എം പ്രവർത്തകരും പാടം ഫോറസ്റ്റ് ഓഫീസിലെത്തിയത്.
നിയമപരമല്ലാതെയാണ് യുവാവിനെ കസ്റ്റഡിയിലെടുത്തതെന്നാണ് എം.എല്‍.എ ആരോപിക്കുന്നത്. സ്റ്റേഷനിലെത്തിയ എം.എല്‍.എ ഫോറസ്റ്റ് ഉദ്യോഗസ്ഥരോട് കയര്‍ക്കുന്നതിന്റെയും ദേഷ്യപ്പെടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പിന്നാലെ എം.എല്‍.എയുടെ ഏതാനും പരാമര്‍ശങ്ങള്‍ വിവാദമാകുകയും ചെയ്തിരുന്നു.
ആദ്യം പ്രതിഷേധവുമായി വരുന്നത് ജനങ്ങളായിരിക്കുമെന്നും പിന്നീട് നക്സലൈറ്റുകളായിരിക്കുമെന്നുമാണ് എം.എല്‍.എ സ്റ്റേഷനില്‍ വെച്ച് പറഞ്ഞത്.
എന്നാല്‍ ജനങ്ങളെ ദ്രോഹിക്കുന്ന ചില ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സമീപനത്തില്‍ പല തീവ്രസംഘടനകളും ജനങ്ങള്‍ക്കിടയില്‍ ദുഷ്പ്രചരണം നടത്തി മുതലെടുക്കാന്‍ ശ്രമിക്കുന്ന ഘട്ടത്തിലാണ് ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തേണ്ടി വന്നതെന്ന് എം.എല്‍.എ പിന്നീട് വ്യക്തമാക്കിയിരുന്നു.
ഒരു നോട്ടീസ് കൊടുത്ത് വിളിക്കാവുന്ന സംഭവത്തില്‍ നാട്ടിലാകെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും തലപ്പോയാലും ജനങ്ങള്‍ക്കൊപ്പമെന്നും എം.എല്‍.എ പ്രതികരിച്ചിരുന്നു.
കൈതകൃഷി പാട്ടത്തിന് എടുത്തവര്‍ സോളാര്‍ വേലിയില്‍ അനുവദനീയമായതിലും കൂടുതല്‍ വൈദ്യുതി കടത്തിവിട്ടതാണ് ഷോക്കിന് കാരണമായതെന്നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
സംഭവത്തില്‍ മൊഴിയെടുക്കാന്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെയാണ് എം.എല്‍.എ എത്തി സ്റ്റേഷനില്‍ നിന്ന് ഇറക്കിയത്.
Content Highlight: Forest officials complain of obstruction of work; Case filed against MLA Jenish Kumar