ശബരിമലയില്‍ പോയ സുഹൃത്തിന്റെ അരവണ കാത്തിരിക്കുന്ന മുസല്‍മാന്റെ ഇന്ത്യ, പുല്‍ക്കൂടൊരുക്കുന്ന ഹൈന്ദവന്റെയും മുസല്‍മാന്റെയും ഇന്ത്യ; വൈറലായി യുവാവിന്റെ കമന്ററി
മലപ്പുറം: മലപ്പുറത്ത് ഫുട്‌ബോള്‍ മത്സരത്തിനിടെ യുവാവ് നടത്തിയ കമന്ററി വൈറല്‍. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ജനങ്ങള്‍ ജാതി മത വ്യത്യാസമില്ലാതെ ഭീകരതയെ ചെറുക്കണമെന്നാണ് യുവാവിന്റെ കമന്ററി.
അധര്‍മത്തിന്റെ പാകിസ്ഥാനികളുടെ ക്രൂരത മറക്കില്ലെന്നും പൊറുക്കില്ലെന്നും തുടങ്ങിയാണ് കമന്ററി. ഇത് ഇന്ത്യയാണെന്നും ശബരിമലയില്‍ പോയ സുഹൃത്തിന്റെ അരവണ കാത്തിരിക്കുന്ന മുസല്‍മാന്റെ ഇന്ത്യയാണെന്നും യുവാവ് കമന്ററിയില്‍ പറയുന്നു.
ഗാലറിയില്‍ ദി നേഷന്‍ ഓഫ് യൂണിറ്റി എന്ന ബാനറും വി ആര്‍ ഇന്ത്യന്‍സ് എന്ന ബാനര്‍ പിടിച്ചിരിക്കുന്ന യുവാക്കളെയും വൈറലായ കമന്ററി വീഡിയോയില്‍ കാണാം.
ക്രിസ്മസിന് പുല്‍ക്കൂടൊരുക്കുന്ന ഹിന്ദുവിന്റെയും മുസ്‌ലിമിന്റെയും ഇന്ത്യയാണിതെന്നും പടച്ച റബ്ബേ നട അടച്ചോയെന്ന് ചോദിക്കുന്ന ഹിന്ദുവിന്റെ ഇന്ത്യയാണിതെന്നുമടക്കം തികച്ചും മതസൗഹാര്‍ദത്തോടെയാണ് കമന്ററി.
ഇന്ത്യയുടെ ആത്മാവിനെ മുറിവേല്‍പ്പിച്ച പാകിസ്ഥാന്‍ ഭീകരര്‍ കൊന്നുതള്ളിയ നിരവധി അമ്മമാരുടെയും സഹോദരന്മാരുടെയും കുഞ്ഞുങ്ങളുടെയും മാതൃരാജ്യത്തിന് വേണ്ടി വീരമൃത്യുവരിച്ച ജവാന്മാര്‍ക്കും മുന്നില്‍ സ്‌നേഹപ്പൂക്കള്‍ അര്‍പ്പിച്ചുകൊണ്ട് ടൂര്‍ണമെന്റിന്റെ ഫൈനല്‍ ഉദ്ഘാടന ചടങ്ങ് ആരംഭിക്കുന്നുവെന്നടക്കം കമന്ററിയില്‍ പറയുന്നു.
Content Highlight: The India of a Muslim waiting for his friend’s Aravana who went to Sabarimala, the India of a Hindu and a Muslim making a grass hut; A young man’s commentary goes viral