‘ഇന്ത്യയുടെ എത്ര യുദ്ധ വിമാനങ്ങള്‍ നഷ്ടമായി? ഇന്ത്യന്‍ നീക്കം പാക്കിസ്ഥാനെ അറിയിച്ചെന്ന വിദേശകാര്യമന്ത്രിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
ന്യൂദല്‍ഹി: ഭീകര കേന്ദ്രങ്ങള്‍ക്ക് എതിരെ മാത്രമായിരുന്നു ആക്രമണമെന്ന് തുടക്കത്തില്‍ പാക്കിസ്ഥാനെ അറിയിച്ചിരുന്നുവെന്ന വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ തുറന്നുപറച്ചിലിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പാക്കിസ്ഥാനെ ഇന്ത്യയുടെ നീക്കം അറിയിച്ചുവെന്നായിരുന്നു എസ്. ജയശങ്കറിന്റെ പരാമര്‍ശം.
ഓപ്പറേഷന്‍ സിന്ദൂറിലും തുടര്‍ന്ന് പാക്കിസ്ഥാനുമായുണ്ടായ സംഘര്‍ഷത്തിലും ഇന്ത്യയുടെ എത്ര യുദ്ധ വിമാനങ്ങള്‍ തകര്‍ന്നെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘നമ്മുടെ ആക്രമണത്തിന്റെ തുടക്കത്തില്‍ തന്നെ പാകിസ്ഥാനെ അറിയിക്കുന്നത് ഒരു കുറ്റകൃത്യമായിരുന്നു. ഇന്ത്യയാണ് അത് ചെയ്തതെന്ന് വിദേശകാര്യ മന്ത്രാലയം പരസ്യമായി സമ്മതിച്ചിട്ടുണ്ട്. ആരാണ് അതിന് അനുമതി നല്‍കിയത്? ഇതിന്റെ ഫലമായി നമ്മുടെ വ്യോമസേനയ്ക്ക് എത്ര വിമാനങ്ങള്‍ നഷ്ടപ്പെട്ടു?,’ രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.
ഭീകരരുടെ താവളങ്ങള്‍ തകര്‍ക്കുമെന്ന് പാക്കിസ്ഥാനെ കേന്ദ്രം അറിയിച്ചുവെന്ന് വിദേശകാര്യമന്ത്രി പറയുന്ന വീഡിയോയും പ്രതിപക്ഷ നേതാവ് പങ്കുവെച്ചിട്ടുണ്ട്.
വിവാദത്തിന് പിന്നാലെ ഭീകര കേന്ദ്രങ്ങളെല്ലാം തകര്‍ത്ത ശേഷമാണ് സൈനിക നീക്കമല്ലെന്ന മുന്നറിയിപ്പ് പാകിസ്ഥാന് നല്‍കിയതെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
Content Highlight: ‘How many Indian fighter jets were lost?’ Rahul Gandhi criticizes External Affairs Minister’s remark that Pakistan was informed of Indian move