Kerala News
കേസ് ഒത്തുതീര്‍പ്പിന് കൈക്കൂലി ആവശ്യപ്പെട്ട സംഭവം; ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ തെളിവ് നല്‍കുമെന്ന് ബിഷപ്പ്
കൊല്ലം: കേസ് ഒത്തുതീര്‍ക്കണമെങ്കില്‍ രണ്ടുകോടി രൂപ കൈക്കൂലി നല്‍കണമെന്ന് ആവശ്യപ്പെട്ട സംഭവത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവ് നല്‍കാന്‍ തയ്യാറാണെന്ന് ഭാരതീയ ഓര്‍ത്തഡോക്‌സ് സഭ ബിഷപ്പും മോഡേണ്‍ വിദ്യാഭ്യാസ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഉടമയുമായ ജെയിംസ് ജോര്‍ജ്.
വ്യാജസര്‍ട്ടിഫിക്കറ്റു നല്‍കി വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ ജെയിംസ് ജോര്‍ജിന്റെ 1.60 കോടി രൂപയുടെ സ്വത്ത് 2021 ലും 1.78 കോടി രൂപയുടെ സ്വത്ത് ഈ വര്‍ഷം ഇ.ഡി കണ്ടുകെട്ടിയിരുന്നു. ഈ കേസ് ഒത്തുതീര്‍ക്കണമെങ്കില്‍ കൈക്കൂലി നല്‍കണമെന്നായിരുന്നു ഇ.ഡി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്.
കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ സമഗ്ര അന്വേഷണം നടന്നാല്‍ തെളിവുകള്‍ കൈമാറുമെന്നും അല്ലാതെ കൂടുതല്‍ നിയമനടപടികളിലേക്ക് കടക്കാന്‍ കഴിയുന്ന സാമ്പത്തികാവസ്ഥയിലല്ലെന്നും ബിഷപ്പ് പറഞ്ഞു.
ഇ.ഡി ഉദ്യോഗസ്ഥരുടെ ഏജന്റുമാരായി എത്തിയവര്‍ പിടിയിലായതോടെയാണ് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായതെന്നും കുറച്ചുകാലമായി അനുഭവിക്കുന്ന മാനസിക പീഡനത്തിന് ഇനിയെങ്കിലും അല്‍പ്പം ആശ്വാസം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിഷപ്പ് പറഞ്ഞു.
കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ കൊച്ചി എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ ഒരുവര്‍ഷം മുമ്പായിരുന്നു അദ്ദേഹം പരാതി നല്‍കിയത്. ഇവര്‍ക്കെതിരെ മൂന്നുമാസം മുമ്പ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി സി.ബി.ഐക്ക് പരാതിയും നല്‍കിയിരുന്നു. കൈക്കൂലി ആവശ്യപ്പെട്ടതിന്റെ ഫോണ്‍ സംഭാഷണം ഉള്‍പ്പെടെയുള്ള തെളിവുകളും അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിരുന്നു.
ഇ.ഡി ഉദ്യോഗസ്ഥരുടെ ഏജന്റ് ചമഞ്ഞ് പണം ആവശ്യപ്പെട്ട മുന്‍ ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥന്‍കൂടിയായ കൊല്ലം സ്വദേശി, പാറശാല സ്വദേശിയായ വനിതാ ഉദ്യോഗസ്ഥ, ഗുജറാത്ത് സ്വദേശി എന്നിവര്‍ക്കെതിരെയായിരുന്നു പരാതി. ഉദ്യോഗസ്ഥരുടെ ഏജന്റ് ചമഞ്ഞ് സമീപിച്ച രണ്ടുപേരെ നേരത്തെ കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടിയിരുന്നു.
എല്ലാം ഉയര്‍ന്ന പദവിയിലുള്ള മാഡത്തിനുവേണ്ടിയാണെന്ന് പറഞ്ഞാണ് ആദ്യം സമീപിച്ചത്. പിന്നീട് ഇവര്‍ സ്വന്തം വിഹിതം ചോദിച്ചു. പണം നല്‍കാന്‍ വിസമ്മതിച്ചതോടെ കൊച്ചി ഓഫീസില്‍ നിരന്തരം വിളിച്ചുവരുത്തി പകല്‍ മുഴുവന്‍ വെറുതെ നിര്‍ത്തിയെന്നും നോട്ടീസ് നല്‍കി ആദ്യമൊക്കെ വിളിപ്പിച്ചിരുന്നതെങ്കിലും പിന്നീടത് മെയിലിലേക്കും ഫോണ്‍ കോളുകളിലേക്കുമാവുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Incident of demanding bribe to settle case; Bishop says he will provide evidence against ED officials