പന്സാരെയുടെ വിധിയായിരിക്കും, നാവറക്കും; പുസ്തക പ്രസാദകന് എം.എല്.എയുടെ വധഭീഷണി
മുബൈ: മറാത്ത ചക്രവര്ത്തി ശിവജിയെപ്പറ്റിയുള്ള സി.പി.ഐ നേതാവ് ഗോവിന്ദ് പന്സാരെയുടെ പുസ്തകത്തിന്റെ പ്രസാദകന് നേരെ വധഭീഷണിയുമായി ഷിന്ഡെ പക്ഷ ശിവസേന എം.എല്.എ സജ്ഞയ് ഗെയ്ക്വാദ്
പുസ്തകത്തിന്റെ പ്രസാദകനായ പ്രശാന്ത് അംബിയെ അര്ദ്ധരാത്രിയില് വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.
എം.എല്.എയുമായുള്ള സംഭാഷണത്തിന്റെ ഓഡിയോയുമായി പ്രശാന്ത് പരാതി നല്കുകയും ചെയ്തു. വീട്ടില് ഇടിച്ച് കയറി ആക്രമിക്കുമെന്നും നാവറുക്കുമെന്നും ഗോവിന്ദ് പന്സാരെയുടെ വിധിയായിരിക്കും തനിക്കുമെന്നും ഭീഷണിപ്പെടുത്തിയതായി പ്രശാന്ത് അംബി പറഞ്ഞു.
ഇരുവരും തമ്മിലുള്ള ഫോണ് സംഭാഷണം വൈറലായതോടെ എം.എല്.എയ്ക്കെതിരെ നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്.
‘ഗോവിന്ദ് പന്സാരെ 1988-ല് ഈ പുസ്തകം എഴുതി. അതിനുശേഷം ഇത് പലതവണ അച്ചടിക്കപ്പെട്ടു, വര്ഷങ്ങളായി ജനങ്ങള്ക്കിടയില് പ്രചാരത്തിലുണ്ട്. മിക്ക ഇന്ത്യന് ഭാഷകളിലും ഈ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് തര്ക്കിക്കാന് കഴിയാത്തവര് അതിന്റെ പേരിനെക്കുറിച്ച് ഒരു കോലാഹലം സൃഷ്ടിക്കാന് ശ്രമിക്കുന്നു.
ആഭ്യന്തര വകുപ്പ് കൂടി വഹിക്കുന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എം.എല്.എ ഉപയോഗിച്ച ഭാഷ ഗൗരവമായി കാണുകയും അദ്ദേഹത്തിനെതിരെ എഫ്.ഐ.ആര് രജിസ്റ്റര് ചെയ്യാന് പൊലീസിനോട് നിര്ദ്ദേശിക്കുകയും ചെയ്യുമെന്ന് ഞാന് പ്രതീക്ഷിക്കുന്നു,’ അംബി പറഞ്ഞു.
എന്നാല് അംബിയില് നിന്ന് പരാതി ലഭിച്ചതായും അതിന്റെ നിയമവശങ്ങളെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുന്നതിനാല് ഇത് വരെ എഫ്.ഐ.ആര് രജിസ്റ്റര് ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്ട്ട് ചെയ്തു.
ശിവജി ഹിന്ദു രാജാവ് എന്നതിലുപരി ജനകീയനും മതേതരനുമായിരുന്നു എന്ന് സ്ഥാപിക്കുന്നതാണ് ഗോവിന്ദ് പന്സാരെ എഴുതിയ ‘ശിവജി കോന് ഹോത’ എന്ന പുസ്തകം. 2015 കോലാപൂരില് പ്രഭാത സവാരിക്കിടെ പന്സാരെയെ ബൈക്കിലെത്തിയവര് വെടിവെച്ച് കൊല്ലുകയായിരുന്നു.
തീവ്ര ഹിന്ദുത്വ സംഘടനയായ സനാതന് സന്സ്ത പ്രവര്ത്തകരാണ് കേസില് അറസ്റ്റിലായത്.
എന്നാല് ഓഡിയോ ക്ലിപ്പ് വ്യാജമാണെന്നാണ് എം.എല്.എയുടെ വാദം.
Content Highlight: Pansare’s fate will be the same, Navarak will be the same; MLA’s death threat to book publisher




