പാകിസ്ഥാൻ കവിയുടെ കവിത ചൊല്ലുന്നത് രാജ്യദ്രോഹമോ? വീരാ സതിദാർ സ്മരണ പരിപാടിയിൽ വിപ്ലവ കവിതകൾ ആലപിച്ചവർക്കതിരെ രാജ്യദ്രോഹക്കുറ്റം
മുംബൈ: ഒരുകാലത്ത് ചെറുത്തുനിൽപ്പിന്റെ ശബ്ദമായി ആഘോഷിക്കപ്പെട്ട പാക് കവി ഫൈസ് അഹമ്മദ് ഫൈസിന്റെ വിപ്ലവ കവിതകൾ ആലപിച്ചവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി സർക്കാർ.
മഹാരാഷ്ട്രയിലെ നടനും ആക്ടിവിസ്റ്റുമായ വീര സതിദാറിന്റെ സ്മരണയ്ക്കായി കഴിഞ്ഞ ആഴ്ച സംഘടിപ്പിച്ച പരിപാടിയിലാണ് സംഭവം. പരിപാടിയിൽ സാംസ്കാരിക പ്രവർത്തകർ ഫൈസിന്റെ പ്രശസ്തമായ ഹം ദേഖേങ്കേയുടെ വരികൾ ആലപിച്ചതിന് പിന്നാലെ സംഘാടകർക്കും പരിപാടിയുടെ പ്രഭാഷകനുമെതിരെ ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) സെക്ഷൻ 152 പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തതായി ദി വയർ റിപ്പോർട്ട് ചെയ്തു.
നാഗ്പൂർ പൊലീസാണ് കേസെടുത്തത്. കൂടാതെ സെക്ഷൻ 196 (ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ), സെക്ഷൻ 353 (പൊതുജനങ്ങളെ കുഴപ്പത്തിലാക്കുന്ന പ്രസ്താവനകൾ) എന്നിവയുൾപ്പെടെയുള്ള മറ്റ് വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
പ്രഗത്ഭ നടനും എഴുത്തുകാരനും പത്രപ്രവർത്തകനും രാഷ്ട്രീയ ചിന്തകനുമായ സതിദാർ, കൊവിഡ്-19 ബാധിച്ച് 2021 ഏപ്രിൽ 13 ന് അന്തരിച്ചു. അദ്ദേഹത്തിന്റെ മരണശേഷം, ഭാര്യ പുഷ്പ വാർഷിക അനുസ്മരണം സംഘടിപ്പിച്ചു. ഈ വർഷം, സാമൂഹിക പ്രവർത്തകൻ ഉത്തം ജാഗിർദാറിനെയായിരുന്നു പരിപാടിയിൽ പ്രസംഗിക്കാൻ ക്ഷണിച്ചത്.
മെയ് 13 ന് വിദർഭ സാഹിത്യ സംഘത്തിൽ 150 ൽ അധികം ആളുകൾ പങ്കെടുത്ത പരിപാടിയിൽ, വിവാദമായ മഹാരാഷ്ട്ര സ്പെഷ്യൽ പബ്ലിക് സെക്യൂരിറ്റി ബിൽ, 2024 നെക്കുറിച്ച് ജാഗിർദാർ സംസാരിച്ചു. ബി.ജെ.പി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ ഈ ബിൽ ഒരു നിയമമാക്കി നടപ്പിലാക്കാൻ ശക്തമായി ശ്രമിക്കുന്നു. ഈ ബിൽ നടപ്പിലാക്കിയാൽ അത് മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനങ്ങൾക്ക് കാരണമാകുമെന്നും വിയോജിപ്പുള്ള ശബ്ദങ്ങളെ ‘നഗര നക്സലുകൾ’ എന്ന് മുദ്രകുത്താൻ അനുവദിക്കുമെന്ന് നിരവധി പേര് വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു.
കൂടാതെ പരിപാടിയിൽ പാക് കവിയായ ഫൈസ് അഹമ്മദ് ഫൈസിന്റെ കവിതകൾ ആലപിക്കപ്പെട്ടിരുന്നു. പിന്നാലെയാണ് നാഗ്പൂർ പോലീസ് സംഘടകർക്കെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്തത്. നാഗ്പൂർ സ്വദേശിയായ ദത്താത്രേയ ഷിർക്കെയാണ് പരിപാടിയുടെ സംഘടകർക്കെതിരെ കേസ് ഫയൽ ചെയ്തത്. നാഗ്പൂരിലെ പ്രാദേശിക ചാനലായ എ.ബി.പി മാജ്ഹ എന്ന മറാത്തി ചാനലിൽ സംഭവം സംപ്രേഷണം ചെയ്തിട്ടുണ്ട്.
രാജ്യം പാകിസ്ഥാൻ സൈന്യത്തിനെതിരെ ധീരമായി പോരാടിയ സമയത്ത്, നാഗ്പൂരിലെ തീവ്ര ഇടതുപക്ഷം പാകിസ്ഥാൻ കവി ഫൈസ് അഹമ്മദ് ഫൈസിന്റെ കവിത ആലപിക്കുന്ന തിരക്കിലായിരുന്നുവെന്ന് തന്റെ പരാതിയിൽ ഷിർക്കെ അവകാശപ്പെടുന്നു. തഖ്ത് ഹിലാനേ കി സറൂരത് ഹേ (സിംഹാസനം കുലുക്കേണ്ട ആവശ്യം) എന്ന വരി സർക്കാരിന് നേരിട്ടുള്ള ഭീഷണിയാണെന്ന് ഷിർക്കെ അവകാശപ്പെടുന്നു.
Content Highlight: Singing Faiz’s ‘Hum Dekhenge’ is ‘Sedition’: Nagpur Police Book Organisers of Vira Sathidar Memorial