Kerala
താങ്കള്‍ കബളിപ്പിക്കപ്പെടുന്നത് കാണുമ്പോള്‍ അഴകീയ രാവണനിലെ കുട്ടിശങ്കരനെ ഓര്‍മവരുന്നു; രാജീവ് ചന്ദ്രശേഖറിനെ പരിഹസിച്ച് കെ.എസ് ശബരീനാഥന്‍
തിരുവനന്തപുരം: അരുവിക്കര യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ബി.ജെ.പിയില്‍ ചേര്‍ന്നുവെന്ന രാജീവ് ചന്ദ്രശേഖറിന്റെ വാദത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ.എസ്.ശബരിനാഥന്‍. അരുവിക്കര യൂത്ത് കോണ്‍ഗ്രസില്‍ നിന്നും ആരും അങ്ങോട്ട് വന്നിട്ടില്ലെന്നും താങ്കളെ എല്ലാവരും ചേര്‍ന്ന് കബളിപ്പിക്കുകയാണെന്നുമാണ് ശബരിനാഥന്റെ പരാമര്‍ശം.
രാജീവ് ചന്ദ്രശേഖര്‍ കബളിപ്പിക്കപ്പെടുകയാണെന്നും ഇത് കാണുമ്പോള്‍ അഴകീയ രവണനിലെ മമ്മൂട്ടി അവതരിപ്പിച്ച കുട്ടിശങ്കരന്‍ അഥവാ കൃഷ്ണദാസിനെ ഓര്‍മ വരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.
‘പ്രിയപ്പെട്ട രാജീവ് ചന്ദ്രശേഖര്‍ ജി, അങ്ങയെ ചിലര്‍ കബളിപ്പിക്കുന്നത് കാണുമ്പോള്‍ ഓര്‍മവരുന്നത് അഴകിയ രാവണന്‍ സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രമായ കുട്ടിശങ്കരന്‍/ കൃഷ്ണദാസിനെയാണ്. വരുന്നവര്‍ക്കും പോകുന്നവര്‍ക്കുമെല്ലാം പറ്റിക്കുന്ന ഒരു പാവം വേദനിക്കുന്ന കോടിശ്വരന്‍. അതായിരിക്കും ബി.ജെ.പിയുടെ പണം വാങ്ങി ലോകസഭയില്‍ മത്സരിച്ചയാളും കൂട്ടുകാരും ഒന്ന് കൂടി ഇന്ന് വീണ്ടും അങ്ങയുടെ പാര്‍ട്ടിയില്‍ ചേര്‍ന്നത്,’ ശബരിനാഥന്‍ പറഞ്ഞു.
കൂട്ടത്തില്‍ അങ്ങ് കാവി ഷാള്‍ അണിയിച്ച ഒരാള്‍ അരുവിക്കര യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ആണെന്ന് വാര്‍ത്ത കണ്ടുവെന്നും അങ്ങനെയുള്ള ഒരാളും അരുവിക്കര യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് അങ്ങോട്ട് വന്നിട്ടില്ലെന്നും ടിയാന്‍ ആരാണ് എന്ന് അറിയിച്ചാല്‍ നല്ലതായിരുന്നുവെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു.
ഏജന്റുമാരും മാനേജറുമാരും കൂടി അങ്ങയെ കബളിപ്പിക്കുകയാണെന്നാണ് പറയാനുള്ളതെന്നും അടുത്ത തവണ പാര്‍ട്ടിയില്‍ ചേരുന്നവരുടെ വോട്ടര്‍ ഐ.ഡി കാര്‍ഡ് അല്ലെങ്കില്‍ ആധാര്‍ കാര്‍ഡ് കൂടി ചോദിച്ചുവാങ്ങുകയെന്നും ശബരിനാഥന്‍ പരിഹസിച്ചു.
ഇന്ന് രാവിലെ കോണ്‍ഗ്രസിലെ ഏഴ് നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അറിയിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറിയടക്കമാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
യൂത്ത് കോണ്‍ഗ്രസ് വെങ്ങാനൂര്‍ മണ്ഡലം പ്രസിഡന്റ് നിതിന്‍ എസ്.ബി, രാജാജി നഗര്‍ മുന്‍ യൂണിറ്റ് പ്രസിഡന്റ് നിതിന്‍ എം.ആര്‍, തൃക്കണ്ണാപുരം വാര്‍ഡ് വൈസ് പ്രസിഡന്റ് അമല്‍ സുരേഷ്, അരുവിക്കര മണ്ഡലം പ്രസിഡന്റ് അഖില്‍ രാജ് പി.വി, കെ.എസ്.യു യൂണിറ്റ് വൈസ് പ്രസിഡന്റ് ആല്‍ഫ്രഡ് രാജ് എന്നിവരാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നാണ് ഫേസ്ബുക്കിലൂടെ രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചത്.
അതേസമയം നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളും വികസിത കേരളമെന്ന ലക്ഷ്യവും യുവാക്കളെ ആകര്‍ഷിക്കുന്നു എന്നതിന്റെ തെളിവാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂട്ടത്തോടെയുള്ള ബി.ജെ.പി പ്രവേശനമെന്നാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ അവകാശവാദം.
Content Highlight: When I see you being cheated, I remember Kutti Shankar from Azhakiya Raavanan; KS Sabarinathan mocks Rajeev Chandrasekhar