നാമെല്ലാവരും ദ്രാവിഡര്‍; തമിഴരെ ആദ്യം മലയാളം പഠിക്കൂ…. ഹിന്ദി പിന്നെയാകാം: കമല്‍ ഹാസന്‍
കൊച്ചി: തമിഴര്‍ ആദ്യം പഠിക്കേണ്ടത് മലയാളമാണെന്ന് നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ സ്ഥാപകനുമായ കമല്‍ ഹാസന്‍. അയല്‍സംസ്ഥാനത്തെ ഭാഷയാണ് ആദ്യം പഠിക്കേണ്ടതെന്നും ഹിന്ദി പിന്നെയാകാമെന്നും കമല്‍ ഹാസന്‍ പറഞ്ഞു. തഗ് ലൈഫ് എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയിരുന്നു അദ്ദേഹം.
‘തമിഴ്നാട്ടിലും നമുക്ക് മലയാളത്തില്‍ സംസാരിക്കാം. എന്നാല്‍ കുറച്ചധികം നേരം സംസാരിച്ചാല്‍ മനസിലാകില്ല. എന്നാല്‍ കേരളത്തില്‍ തമിഴ് മനസിലാകും. അതുകൊണ്ട് തന്നെ എല്ലാവരും അയല്‍സംസ്ഥാനത്തെ ഭാഷ പഠിക്കൂ. ഹിന്ദി പിന്നെ നോക്കാം,’ കമല്‍ ഹാസന്‍ പറഞ്ഞു.
മാതൃഭാഷ നശിച്ചുപോകാതെ നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു. ഇക്കാര്യം കേരളത്തില്‍ വന്ന് പറയുന്നതിന്റെ കാരണം എന്തെന്നാല്‍, നാമെല്ലാവരും ദ്രാവിഡന്മാരാണെന്നും അദ്ദേഹം പറഞ്ഞു. അതില്‍ പെരുമയുണ്ടെന്നും കമല്‍ ഹാസന്‍ പറഞ്ഞു.
തനിക്ക് ദൈവമില്ലെന്നും എന്നാല്‍ കേരളം തനിക്ക് വളരെ ഇഷ്ടമാണെന്നും കമല്‍ ഹാസന്‍ പരിപാടിയില്‍ പറഞ്ഞു. കരിയറിന്റെ തുടക്ക കാലത്തുള്ള സൗഹൃദങ്ങളെല്ലാം മലയാളം സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനുമുമ്പ് തമിഴ് നിലനില്‍ക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും കമല്‍ ഹാസന്‍ പൊതുവേദികളില്‍ ആവര്‍ത്തിച്ച് സംസാരിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ത്രിഭാഷാ നയം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനെതിരെയാണ് കമല്‍ ഹാസന്‍ രംഗത്തെത്തിയത്. ഇത്തരം കാര്യങ്ങളെ നിസാരമായി കാണരുതെന്നാണ് കമല്‍ ഹാസന്‍ പറഞ്ഞത്.
ഭാഷയ്ക്ക് വേണ്ടി ജീവന്‍ പോലും നഷ്ടപ്പെട്ടവരാണ് തമിഴരെന്നും ഈ നാട്ടിലെ കുട്ടികള്‍ക്ക് പോലും അറിയാം അവര്‍ക്ക് ഏത് ഭാഷയാണ് വേണ്ടതെന്നും അത് തെരഞ്ഞെടുക്കാനുള്ള വിവേകം അവര്‍ക്കുണ്ടെന്നും കമല്‍ ഹാസന്‍ പറഞ്ഞിരുന്നു.
Content Highlight: Kamal Haasan says Tamils should learn Malayalam first