തിരുവനന്തപുരത്ത് മില്‍മ യൂണിയനുകളിലെ പണിമുടക്ക് പിന്‍വലിച്ചു; നടപടി മുഖ്യമന്ത്രിയുടെ ഇടപെടലിന് പിന്നാലെ
തിരുവനന്തപുരം: തിരുവനന്തപുരം മില്‍മ യൂണിയനില്‍ നടത്തിവന്ന പണിമുടക്ക് പിന്‍വലിച്ചു. വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന് പിന്നാലെയാണ് പണിമുടക്ക് പിന്‍വലിച്ചത്.
വിരമിച്ച എം.ഡിയെ പുനര്‍നിയമിച്ചതിന് പിന്നാലെയായിരുന്നു സി.ഐ.ടി.യു. ഐ.എന്‍.ടി.യു.സി യൂണിയനുകള്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.
പണിമുടക്ക് ആരംഭിച്ചതോടെ ഇന്ന് ഉച്ചയ്ക്ക് രണ്ടരക്ക് മില്‍മ ഫെഡറേഷന്‍ എം.ഡി ട്രേഡ് യൂണിയനുകളെ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്നും പി. മുരളിയുടെ നിയമനം പിന്‍വലിച്ചാല്‍ മാത്രമേ ചര്‍ച്ചയ്ക്ക് തയ്യാറാവുകയുള്ളുവെന്നും ഐ.എന്‍.ടി.യു.സി പറഞ്ഞിരുന്നു.
58 വയസ് പൂര്‍ത്തിയായി സര്‍വീസില്‍ നിന്ന് വിരമിച്ച ഡോ. പി. മുരളിക്ക് വീണ്ടും മില്‍മ എം.ഡിയായി പുനര്‍നിയമനം നല്‍കിയതില്‍ പ്രതിഷേധിച്ചാണ് പണിമുടക്കാരംഭിച്ചത്.
ഇന്ന് (വ്യാഴം) രാവിലെ ആറ് മണി മുതലാണ് പണിമുടക്ക് ആരംഭിച്ചത്.. ഐ.എന്‍.ടി.യു.സി-സി.ഐ.ടി.യു സംയുക്തമായാണ് തിരുവനന്തപുരം മേഖലയില്‍ പണിമുടക്ക് നടത്തിയത്.
പണിമുടക്ക് ആരംഭിച്ചതോടെ പാല്‍ വിതരണത്തില്‍ തടസം നേരിട്ടുണ്ടെന്നും ഉച്ചയ്ക്ക് ശേഷം പ്രതിസന്ധിയുണ്ടാകുമെന്നും വിലയിരുത്തലുകളുണ്ടായിരുന്നു.
ചൊവ്വാഴ്ച യൂണിയന്‍ പ്രതിനിധികളുമായി ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ലേബര്‍ കമ്മീഷണര്‍ സമരം മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സമരക്കാര്‍ പണിമുടക്കില്‍ നിന്ന് പിന്മാറില്ലെന്ന് അറിയിക്കുകയായിരുന്നു. മില്‍മ പ്ലാന്റുകളില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സമരക്കാര്‍ അറിയിച്ചിട്ടുണ്ട്.
24ാം തീയതി തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ച നടത്തുമെന്നും തൊഴില്‍, ക്ഷീരവകുപ്പ് മന്ത്രിമാര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
Content Highlight: Milma unions in Thiruvananthapuram call off strike; action taken following intervention by Chief Minister