World News
സത്യ നദെല്ലയുടെ പ്രസംഗം തടസപ്പെടുത്തിയ ഫലസ്തീന്‍ അനുകൂലിയായ ജീവനക്കാരനെ പുറത്താക്കി മൈക്രോസോഫ്റ്റ്
സാന്‍ഫ്രാന്‍സിസ്‌കോ: ഗസയില്‍ വംശഹത്യ നടത്താന്‍ ഇസ്രഈല്‍ സൈന്യത്തിനെ സഹായിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നദെല്ലയുടെ പ്രസംഗം തടസപ്പെടുത്തിയ ജീവനക്കാരനെ പുറത്താക്കി മൈക്രോസോഫ്റ്റ്. മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് കമ്പ്യൂട്ടിങ് പ്ലാറ്റ്ഫോമായ അസൂര്‍ ഹാര്‍ഡ് വെയര്‍ സിസ്റ്റംസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചറില്‍ എന്‍ജിനീയറായ ജോ ലോപസിനെയാണ് പുറത്താക്കിയത്.
‘മൈക്രോസോഫ്റ്റ് ഫലസ്തീനികളെ കൊല്ലുന്നത് എങ്ങനെയാണെന്ന് കാണിച്ച് തരാമോ? ഇസ്രഈലി യുദ്ധക്കുറ്റകൃത്യങ്ങള്‍ക്ക് അസൂറെ നല്‍കുന്ന പിന്തുണ എങ്ങനെയാണെന്ന് പറയാമോ?’ തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിച്ചാണ് ജോ ലോപസ് സി.ഇ.ഒക്കെതിരെ പ്രതിഷേധിച്ചത്. ഇസ്രഈലുമായി ബന്ധപ്പെട്ടുള്ള മൈക്രോസോഫ്റ്റിന്റെ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം നദെല്ല ഏറ്റെടുക്കണമെന്നും ലോപസ് ആവശ്യപ്പെട്ടു.
പ്രതിഷേധത്തെ തുടര്‍ന്ന് ലോപസിനെ സുരക്ഷാ ജീവനക്കാര്‍ ഹാളില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. സുരക്ഷാ ജീവനക്കാര്‍ പിടിച്ചുമാറ്റുന്നതിനിടെ ‘എനിക്ക് ഈ വംശഹത്യയില്‍ പങ്കാളിയാകാന്‍ കഴിയുകയില്ല’ എന്ന് ലോപസ് ഉച്ചത്തില്‍ വിളിച്ചുപറയുകയും ചെയ്തിരുന്നു. എന്നാല്‍ ലോപസിന്റെ പ്രതിഷേധം വകവെക്കാതെയും പ്രതിഷേധത്തിന് മറുപടി നല്‍കാതെയും നദെല്ല പ്രസംഗം തുടരുകയാണ് ചെയ്തത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ മൈക്രോസോഫ്റ്റിനെതിരെ ലോപസ് നടത്തുന്ന രണ്ടാമത്തെ പ്രതിഷേധമാണിത്.
ഗസയിലെ യുദ്ധത്തിനായി ഇസ്രഈല്‍ സൈന്യത്തിന് സേവനങ്ങള്‍ നല്‍കുന്നുണ്ടെന്ന് മൈക്രോസോഫ്റ്റ് കഴിഞ്ഞ ആഴ്ച സമ്മതിച്ചിരുന്നു. എന്നാല്‍ ഗസയിലെ സാധാരണക്കാരെ നേരിട്ട് ലക്ഷ്യമിടുന്നതിനോ ഉപദ്രവിക്കുന്നതിനോ അവരുടെ അസൂറെ ക്ലൗഡ് ഉപകരണങ്ങള്‍ ഉപയോഗിച്ചതിന് ഇതുവരെ ഒരു തെളിവും കണ്ടെത്തിയിട്ടില്ലെന്നും കമ്പനി അറിയിച്ചിരുന്നു.
നേരത്തെ മൈക്രോസോഫ്റ്റിന്റെ 50ാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട പരിപാടിക്കിടയില്‍ ഫലസ്തീന്‍ അനുകൂല ജീവനക്കാര്‍ പ്രതിഷേധിച്ച സംഭവം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയാണ് ഒരു സംഘം ജീവനക്കാര്‍ ചേര്‍ന്ന് തടസപ്പെടുത്തിയത്.
ഏപ്രില്‍ 6 ന് നടന്ന ചടങ്ങില്‍ രണ്ട് മൈക്രോസോഫ്റ്റ് ജീവനക്കാരായ ഇബ്തിഹാല്‍ അബൂസാദ്, വാനിയ അഗര്‍വാള്‍ എന്നിവരാണ് പ്രതിഷേധിച്ചത്. ഇവര്‍ പരിപാടി തടസപ്പെടുത്തുകയും കമ്പനിയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേധാവി മുസ്തഫ സുലൈമാനെ യുദ്ധ ലാഭക്കൊതിയനെന്ന് വിളിക്കുകയും ചെയ്തിരുന്നു. തൊട്ട് പിന്നാലെ രണ്ട് ജീവനക്കാരെയും കമ്പനി പിരിച്ചുവിട്ടിട്ടുണ്ട്.
2023 ഒക്ടോബര്‍ ഏഴ് മുതല്‍ ഗസക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിപ്പിച്ചതോടെ, ഇസ്രഈല്‍ എ.ഐയെയും ക്ലൗഡ് കമ്പ്യൂട്ടിങ്ങിനെയും കൂടുതല്‍ ആശ്രയിക്കാന്‍ തുടങ്ങിയിരുന്നു. ഇതിനായി ഇസ്രഈല്‍ കൂടുതലായും ഉപയോഗിച്ചത് ഗൂഗിളിനെയും മൈക്രോസോഫ്റ്റിനേയുമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഫലസ്തീന്‍ അനുകൂല ജീവനക്കാര്‍ പ്രതിഷേധിച്ചത്.
ഇസ്രഈല്‍ സൈന്യവും സര്‍ക്കാരുമായും ഉള്ള കരാറുകളെച്ചൊല്ലി കഴിഞ്ഞ വര്‍ഷം ഗൂഗിളിലും സമാനമായ പ്രതിഷേധങ്ങളും കൂട്ട പിരിച്ചുവിടലുകളും ഉണ്ടായിരുന്നു.
Content Highlight: Microsoft fires pro-Palestinian employee who interrupted Satya Nadella’s speech