Kerala News
അറബിക്കടലിലെ കപ്പലപകടം; ക്യാപ്റ്റന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കപ്പലില്‍ തുടരുന്നു
കൊച്ചി: വിഴിഞ്ഞം തുറമുഖത്ത് നിന്നും പുറപ്പെട്ടതിന് പിന്നാലെ കൊച്ചി തീരത്ത് വെച്ച് അപകടത്തില്‍പ്പെട്ട കപ്പലില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. ക്യാപ്റ്റന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ ഇപ്പോഴും കപ്പലില്‍ തുടരുകയാണ്.
24 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നതെന്നും ഇവരെല്ലാം സുരക്ഷിതരാണെന്നും കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. 21 പേരെ രക്ഷപ്പെടുത്തിയെന്നും മൂന്ന് പേര്‍ കപ്പലില്‍ തുടരുകയാണെന്നുമാണ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചത്. ക്യാപ്റ്റന്‍, ചീഫ് എഞ്ചിനീയര്‍, സെക്കന്‍ഡ് എഞ്ചിനീയര്‍ എന്നിവരാണ് കപ്പലില്‍ തുടരുന്നത്.
നിലവില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ എയര്‍ക്രാഫ്റ്ററും കപ്പലുകളും അറബിക്കടലില്‍ നിരീക്ഷണം തുടരുന്നുണ്ട്.
ഇന്നലെ (ശനി)യാണ് ചരക്ക് കപ്പല്‍ ചരിഞ്ഞ് അറബിക്കടലില്‍ അപകടമുണ്ടായത്. കൊച്ചി തീരത്ത് നിന്നും 38 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍ ചരിഞ്ഞത്.
അപകടത്തെ തുടര്‍ന്ന് കപ്പലില്‍ നിന്ന് എണ്ണ ചോര്‍ച്ചയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൂടാതെ കപ്പലില്‍ നിന്ന് അറബിക്കടലില്‍ കാര്‍ഗോ പതിച്ചതായും ഇത് അപകടകരമായ വസ്തുക്കള്‍ അടങ്ങുന്നതാണെന്നും കോസ്റ്റ് ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
പിന്നാലെ കാര്‍ഗോ കേരള തീരത്തേക്ക് വന്നടിയാന്‍ സാധ്യതയുണ്ടെന്നും അങ്ങനെയുണ്ടായാല്‍ തന്നെ ജനങ്ങള്‍ കാര്‍ഗോയുടെ അടുത്തേക്ക് പോകുകയോ തൊടാന്‍ ശ്രമിക്കുകയോ ചെയ്യരുതെന്ന് കേരള ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിരുന്നു.
മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. ഇതുസംബന്ധിച്ച് തീരപ്രദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ഏതെങ്കിലും തരത്തിലുള്ള കാര്‍ഗോ തീരത്ത് അടിയുന്നത് കണ്ടാല്‍ പൊലീസിനെയോ അധികൃതരെയോ അറിയിക്കണമെന്നും മുന്നറിയിപ്പുണ്ട്. 112 എന്ന നമ്പറില്‍ വിളിച്ചറിയിക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചത്.
എണ്ണപ്പാട പോലെ എന്തെങ്കിലും കാണുകയോ കടലില്‍ എണ്ണമയമുള്ളതായി കാണുകയോ ചെയ്താല്‍ അത് സ്പര്‍ശിക്കരുതെന്നും നിര്‍ദേശമുണ്ട്.
പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡും കോസ്റ്റ് ഗാര്‍ഡും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും കാര്‍ഗോ വടക്കന്‍ കേരളതീരത്ത് അടിയാനാണ് സാധ്യതയെന്നും ഇതില്‍ മാറ്റമുണ്ടാവാമെന്നും കേരള ദുരന്തനിവാരണ വകുപ്പ് അറിയിച്ചിരുന്നു.
Content Highlight: ship accident in Arabian Sea; Three people, including the captain remain on board