World News
ഗസയിലെ ആക്രമണത്തെ അപലപിച്ച ഇടത് എം.പിയെ ബലമായി ഇസ്രഈല്‍ പാര്‍ലമെന്റില്‍ നിന്നും പുറത്താക്കി
ടെല്‍അവീവ്: ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന ആക്രമണത്തില്‍ അപലപിച്ച ഇടത് എം.പിയെ പോഡിയത്തില്‍ നിന്നും പുറത്താക്കി. ഇടത് ആഭിമുഖ്യമുള്ള അറബ്-ജൂത ഹദാഷ് പാര്‍ട്ടി അംഗമായ അയ്മന്‍ ഒദെയെയാണ് പുറത്താക്കിയത്.
ഇസ്രഈലിന്റെ ആക്രമണത്തെയും മരണസംഖ്യ വര്‍ധിക്കുന്നതിനെയും വിമര്‍ശിച്ചതിനാണ് ഇസ്രഈല്‍ എം.പിയെ പോഡിയത്തില്‍ നിന്നും ബലം പ്രയോഗിച്ച് പുറത്താക്കിയത്.
ഒന്നരവര്‍ഷത്തിനിടെ നിങ്ങള്‍ 19000 കുട്ടികളെയും 53,000 താമസക്കാരെയും കൊന്നുവെന്നും എല്ലാ സര്‍വകലാശാലകളും സ്ഥാപനങ്ങളും ആശുപത്രികളും നശിപ്പിച്ചുവെന്നും പാര്‍ലമെന്റ് പോഡിയത്തില്‍ സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു. പിന്നാലെയാണ് പുറത്താക്കിയത്.
ഇതില്‍ നിന്നും ഒരു തരത്തിലുള്ള രാഷ്ട്രീയ വിജയവുമില്ലെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെന്നും അതിനാലാണ് നിങ്ങള്‍ക്ക് ഭ്രാന്താവുന്നതെന്നും ഇസ്രഈലിനെ വിമര്‍ശിച്ച് അയ്മന്‍ ഓദെയ് പറയുകയുണ്ടായി.
അദ്ദേഹത്തിന്റെ വിമര്‍ശനം ഇസ്രഈല്‍ പാര്‍ലമെന്റില്‍ പ്രശ്‌നങ്ങളുണ്ടാക്കിയതായും റിപ്പോര്‍ട്ടുണ്ട്. പിന്നാലെ അദ്ദേഹം സംസാരിച്ച് കൊണ്ടിരിക്കുന്നതിനിടെ രണ്ട് പേര്‍ ബലമായി പിടിച്ചുകൊണ്ടുപോകുന്ന വീഡിയോ പുറത്തുവരികയായിരുന്നു.
അതേസമയം ഗസയില്‍ തുടര്‍ച്ചയായി വംശഹത്യയും വംശീയ ഉന്മൂലനവും നടത്തി ഇസ്രഈല്‍ സൈന്യം ഗസയുടെ 77 ശതമാനവും നിയന്ത്രണവിധേയമാക്കിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും ധിക്കരിച്ചാണ് ഇസ്രഈല്‍ ആക്രമണം നടത്തുന്നതെന്നും ഇന്ന് പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ കുറഞ്ഞത് 22 ഫലസ്തീനികള്‍ കൊല്ലപ്പെട്ടുവെന്നും അതില്‍ ജേര്‍ണലിസ്റ്റായ ഹസ്സന്‍ മജ്ദിയും കുടുംബവും ഉള്‍പ്പെടുന്നുവെന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: Left-wing MP forcibly expelled for condemning Israeli attacks on Gaza