കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; പ്രതി ചേര്‍ത്തതില്‍ വേവലാതിയില്ലെന്ന് കെ. രാധാകൃഷ്ണന്‍; ഇ.ഡിയുടേത് ഇടതുപക്ഷത്തെ തകര്‍ക്കാനുള്ള ശ്രമം
തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ഇ.ഡി തന്നെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചതില്‍ ഒരു ആവലാതിയുമില്ലെന്ന് ആലത്തൂര്‍ എം.പി.യും സി.പി.ഐ.എം നേതാവുമായ കെ. രാധാകൃഷ്ണന്‍. ഇ.ഡിയുടേത് സി.പി.ഐ.എമ്മിനെ തകര്‍ക്കാനുള്ള ലക്ഷ്യമാണെന്നും തന്നെ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ തന്നെ കൃത്യമായി മറുപടി നല്‍കിയതാണെന്നും കെ. രാധാകൃഷ്ണന്‍ പറഞ്ഞു.
കേസിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അറിയില്ലെന്നും തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ എന്താണെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൊഴിയെടുക്കാന്‍ വിളിപ്പിച്ചപ്പോള്‍ തന്റെ പക്കലുള്ള തെളിവുകളെല്ലാം കൈമാറിയതാണെന്നും ഒടുവില്‍ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചപ്പോള്‍ യാതൊരു തെളിവുമില്ലെന്ന് ഇ.ഡി തന്നെ പറഞ്ഞെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു. ഇ.ഡിയുടെ അഴിമതി ഇതിനകം പുറത്ത് വന്നതാണെന്നും അത് മറച്ച് വെക്കാനുള്ള ശ്രമമാണിതെന്നും കെ. രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
കേന്ദ്രത്തിനെതിരെ നില്‍ക്കുന്ന ഇടതുപക്ഷത്തെ തകര്‍ക്കുക എന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യം. കേരളത്തിലാണ് നിലവില്‍ ഇടതുപക്ഷം ഉള്ളതെന്നും അതിനാല്‍ അവരെ ഇല്ലാതാക്കുക എന്നതാണ് അവരുടെ പ്രഖ്യാപിത തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സഹായത്തിനായി എത്തുന്ന ഒരാളെ സഹായിക്കുക എന്നത് പൊതുപ്രവര്‍ത്തിന്റെ ഭാഗമാണന്നും അല്ലാതെ സ്വന്തമായി ഒന്നും നേടാന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സി.പി.ഐ.എമ്മിനേയും കെ. രാധാകൃഷ്ണനേയും അടക്കം പ്രതിയാക്കിയാണ് ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചത്. കെ. രാധാകൃഷ്ണനെയടക്കം തൃശൂര്‍ ജില്ലയിലെ മൂന്ന് മുന്‍ ജില്ല സെക്രട്ടറിമാരെ കുറ്റപത്രത്തില്‍ പ്രതിയാക്കിയിരുന്നു.
പുതുതായി 27 പ്രതികളെയാണ് ഇ.ഡി. അന്തിമകുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ ആകെ പ്രതികളുടെ എണ്ണം 83 ആയി.
കെ രാധാകൃഷ്ണന്‍ എം.പിക്ക് പുറമെ എം. എം. വര്‍ഗീസ്, എ. സി മൊയ്തീന്‍ എന്നിവരും പ്രതികളാണ്. ആകെ സി.പി.ഐ.എമ്മിന്റെ ഏഴ് പ്രവര്‍ത്തകരാണ് പ്രതിപ്പട്ടികയില്‍ ചേര്‍ക്കപ്പെട്ടത്. സാമ്പത്തിക ക്രമക്കേട് വഴി പ്രതികള്‍ 180കോടി തട്ടിയെടുത്തായാണ് ഇ.ഡിയുടെ കണ്ടെത്തല്‍.
Content Highlight: Karuvannur bank fraud; K. Radhakrishnan says he is not worried about being named as an accused; ED is attempting to destroy the Left wing