national news
ഓപ്പറേഷന്‍ സിന്ദൂരിനെതിരെ പോസ്റ്റിട്ട വിദ്യാര്‍ത്ഥിക്ക് ജാമ്യം അനുവദിച്ച് ബോംബൈ ഹൈക്കോടതി; ‘സര്‍ക്കാരിന്റെ ഇത്തരം നടപടികള്‍ ആളുകളെ തീവ്രവാദത്തിലേക്ക് നയിക്കും’
മുംബൈ: ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചതിനെത്തുടര്‍ന്ന് അറസ്റ്റിലായ വിദ്യാര്‍ത്ഥിനിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിദ്യാര്‍ത്ഥിയുടെ പോസ്റ്റിനോട് രൂക്ഷമായി പ്രതികരിച്ച മഹാരാഷ്ട്ര സര്‍ക്കാരിനെ വിമര്‍ശിച്ച കോടതി വിദ്യാര്‍ത്ഥിനിയെ ഉടന്‍ വിട്ടയക്കാനും ഉത്തരവിട്ടു.
ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസുമാരായ ഗൗരി ഗോഡ്സെ, സോമശേഖര്‍ സുന്ദരേശന്‍ എന്നിവരടങ്ങിയ ബെഞ്ച് വിദ്യാര്‍ത്ഥിയെ ഒരു കൊടും കുറ്റവാളിയെപ്പോലെയാണ് സര്‍ക്കാര്‍ പരിഗണിച്ചതെന്നും അത് ഞെട്ടിപ്പിക്കുന്നതാണെന്നും നിരീക്ഷിച്ചു.
ഓപ്പറേഷന്‍ സിന്ദൂരിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് വിദ്യാര്‍ത്ഥിനി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. എന്നാല്‍ പോസ്റ്റ് വിവാദമായതോടെ ഇത് പിന്‍വലിച്ച് വിദ്യാര്‍ത്ഥിനി മാപ്പ് പറഞ്ഞെങ്കിലും പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോസ്റ്റ് ഉടനടി ഡിലീറ്റ് ചെയ്ത് ഖേദം പ്രകടിപ്പിച്ചതിനാല്‍ വിദ്യാര്‍ത്ഥിനിയെ അറസ്റ്റ് ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. പെണ്‍കുട്ടിയെ ഇനിയും കസ്റ്റഡിയില്‍ വെക്കേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയ കോടതി ഇന്ന് (ചൊവ്വാഴ്ച) തന്നെ പെണ്‍കുട്ടിയെ വിട്ടയക്കണമെന്നും കൂട്ടിച്ചേര്‍ത്തു.
പെണ്‍കുട്ടി തന്റെ തെറ്റ് മനസ്സിലാക്കി ക്ഷമ ചോദിച്ചപ്പോള്‍ അവളുടെ തെറ്റ് തിരുത്താന്‍ അവസരം നല്‍കുന്നതിനുപകരം സംസ്ഥാന സര്‍ക്കാര്‍ അവളെ അറസ്റ്റ് ചെയ്ത് കുറ്റവാളിയാക്കി മാറ്റി എന്നും കോടതി ചൂണ്ടിക്കാട്ടി.
പെണ്‍കുട്ടിക്ക് ജാമ്യം അനുവദിച്ച കോടതി പരീക്ഷകള്‍ എഴുതാന്‍ വിദ്യാര്‍ത്ഥിനിക്ക് അനുമതിയും നല്‍കി. ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും സോഷ്യല്‍ മീഡിയയില്‍ അത്തരം പോസ്റ്റുകള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്നും പെണ്‍കുട്ടിക്ക് മുന്നറിയിപ്പ് നല്‍കി.
പെണ്‍കുട്ടിയെ പുറത്താക്കിയ കോളേജിന്റെ ഉത്തരവ് താത്ക്കാലികമായി നിര്‍ത്തിവെച്ച കോടതി പരീക്ഷ എഴുതാന്‍ വിദ്യാര്‍ത്ഥിക്ക് ഹാള്‍ ടിക്കറ്റ് നല്‍കാന്‍ കോളേജിനോട് നിര്‍ദേശിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥിക്കെതിരായി എടുത്ത നടപടിയില്‍ കോളേജിനെയും ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചു.
വിദ്യാഭ്യാസ സ്ഥാപനം വിദ്യാര്‍ത്ഥിയെ ശിക്ഷിക്കുകയല്ല, പരിഷ്‌കരിക്കുകയാണ് വേണ്ടതെന്നും കോളേജ് വിദ്യാര്‍ത്ഥിനിക്ക് വിശദീകരിക്കാന്‍ അവസരം നല്‍കണമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
ഒരാള്‍ അവരുടെ അഭിപ്രായം പ്രകടിപ്പിക്കുന്നതിന് എന്തിനാണ് അവരുടെ ജീവിതം നശിപ്പിക്കുന്നതെന്ന് സര്‍ക്കാരിനോടും കോളേജിനോടും ചോദിച്ചു. സംസ്ഥാനത്തിന്റെ ഭാഗത്തുനിന്നുള്ള ഇത്തരമൊരു പ്രതികരണം ആ വ്യക്തിയെ തീവ്രവാദത്തിലേക്ക് നയിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
Content Highlight: Bombay High Court grants bail to student who posted against Operation Sindoor; Such government actions will lead people to terrorism