ഷാന്‍ വധക്കേസ്; പ്രതികളായ ആര്‍.എസ്.എസുകാര്‍ക്ക് ഇടക്കാല ജാമ്യം
ന്യൂദല്‍ഹി: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിന്റെ കൊലപാതകത്തില്‍ ആര്‍.എസ്.എസുകാരായ പ്രതികള്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി.
പ്രതികള്‍ ആലപ്പുഴ ജില്ലയില്‍ പ്രവര്‍ത്തിക്കരുതെന്നും വിചാരണ നടപടികളോട് പൂര്‍ണമായും സഹകരിക്കണമെന്ന ഉപാധിയോടെയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. പ്രതികളായ അഭിമന്യു, അതുല്‍ ആനന്ദ്, വിഷ്ണു എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
ജാമ്യം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ പ്രതികള്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ആലപ്പുഴ അഡീഷനല്‍ സെഷന്‍സ് കോടതിയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. എന്നാല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചിട്ടും അതിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ എന്തുകൊണ്ടാണ് രണ്ട് വര്‍ഷത്തെ സാവകാശമെടുത്തതെന്ന് ഹരജി പരിഗണിക്കവെ സുപ്രീം കോടതി ചോദിച്ചു.
പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ആര്‍.എസ്.എസ് നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കുമ്പോള്‍ ഷാന്‍ വധക്കേസിലെ പ്രതികള്‍ ജാമ്യം ലഭിക്കുന്നത് സമാധാനാന്തരീക്ഷത്തെ ബാധിക്കുമെന്നുമാണ് സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചത്.
നേരത്തെ ഷാന്‍ വധക്കേസിലെ പ്രതികളില്‍ നേരിട്ട് പങ്കുള്ള നാല് പേര്‍ക്കൊഴികെ ഒമ്പത് പേര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. നാല് പേരുടെ ജാമ്യം റദ്ദാക്കിയതിന് എതിരെ മൂന്ന് പ്രതികള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പിന്നാലെയാണ് ഷാന്‍ വധകേസ് പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചത്.
ഷാന്‍ വധകേസില്‍ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചവര്‍ നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതികളാണെന്നും സാമൂഹികവും രാഷ്ട്രീയപരവുമായ സ്വാധീനമുള്ളവരാണെന്നും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വാദിച്ചിരുന്നു.
ഇവര്‍ ജാമ്യത്തിലിറങ്ങിയാല്‍ കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചെങ്കിലും പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.
2021 ഡിസംബര്‍ 18നാണ് ആലപ്പുഴയിലെ മണ്ണഞ്ചേരിയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ ഷാന്‍ കൊല്ലപ്പെട്ടത്. പിറ്റേന്ന് ആര്‍.എസ്.എസ് നേതാവ് രണ്‍ജീത് ശ്രീനിവാസനും കൊല്ലപ്പെടുകയായിരുന്നു. ശ്രീനിവാസന്റെ കൊലപാതകത്തില്‍ 15 പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു.
Content Highlight: Shan murder case: accused RSS activists granted interim bail