മംഗളൂരുവില്‍ പള്ളി സെക്രട്ടറിയെ വെട്ടി കൊലപ്പെടുത്തിയ 15 പേര്‍ക്കെതിരെ കേസ്
മംഗളൂരു: കര്‍ണാടക സ്വദേശിയായ മസ്ജിദ് സെക്രട്ടറി അബ്ദുല്‍ റഹിമാനെ വെട്ടിക്കൊന്ന കേസില്‍ 15 പേര്‍ക്കെതിരെ കേസ് എടുത്തു. സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണ് 15 പേര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ ദീപക്, സുമിത്ത് എന്നിവരടക്കം മറ്റ് 13 പേര്‍ക്കെതിരെ സെക്ഷന്‍ 103, 109, 118(1), 118(2), 190, 191(1), 191(2), 191(3) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കൊലപാതകത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. എന്നാല്‍ കൊല്ലപ്പെട്ട അബ്ദുല്‍ റഹിമാന് രാഷ്ട്രീയ ബന്ധങ്ങളോ ക്രിമിനല്‍ പശ്ചാത്തലമോ ഇല്ലെന്ന് പൊലീസ് പറഞ്ഞു. ആക്രമികളുടെ പശ്ചാത്തലവും അന്വേഷിച്ച് വരികയാണ്.
ആക്രമണ സമയത്ത് യുവാവിന്റെ ഒപ്പമുണ്ടായിരുന്ന കലന്തര്‍ ഷാഫിക്കും പരിക്കേറ്റിരുന്നു. ഇയാളുടേയും ദൃക്‌സാക്ഷി മുഹമ്മദ് നിസാര്‍ എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് കേസ് അന്വേഷിക്കുന്ന ഡി.വൈ.എസ്.പി വിജയ് പ്രകാശ് പറഞ്ഞു.
മണല്‍ തൊഴിലാളിയും പിക്കപ്പ് ലോറി ഡ്രൈവറുമായിരുന്നു കൊല്ലപ്പെട്ട അബ്ദുല്‍ റഹിമാന്‍. കഴിഞ്ഞ ദിവസം ജോലിയുടെ ഭാഗമായി മണല്‍ ഇറക്കുന്നതിനിടെ ദീപക്, സുമിത്ത് എന്നിവരെത്തിയാണ് കത്തിയും വാളും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് അബ്ദുല്‍ റഹിമാനെ ആക്രമിച്ചത്. ആക്രമണസമയത്ത് റഹിമാന്റെ കൂടെ ഉണ്ടായിരുന്ന ഷാഫിയേയും ആക്രമികള്‍ വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. റഹിമാന്‍ സംഭവസ്ഥലത്ത് നിന്ന് തന്നെ മരിച്ചു.
ബഡഗ ബെല്ലൂര്‍ ഗ്രാമത്തിനടുത്തുള്ള കൊളട്ടമജലു സ്വദേശിയായ അബ്ദുള്‍ റഹിമാന്‍ (34) എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകന്‍ കൂടിയാണ്. മെയ് ഒന്നിന് ഗുണ്ടാസംഘത്തിലെ അംഗവും ഹിന്ദുത്വ പ്രവര്‍ത്തകനുമായ സുഹാസ് ഷെട്ടി കൊല്ലപ്പെട്ടതിന് ആഴ്ചകള്‍ക്ക് ശേഷമാണ് ഈ കൊലപാതകം നടന്നത്. കൊലപാതകത്തെ തുടര്‍ന്ന് ദക്ഷിണ കന്നഡ ജില്ലയിലുടനീളം മെയ് 27 മുതല്‍ 30 വരെ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlight: Case registered against 15 people in Mangaluru Masjid secretary’s murder case