വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര അനുമതി
ന്യൂദല്‍ഹി: വയനാട് തുരങ്ക പാതയ്ക്ക് അനുമതി നല്‍കി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. ആനക്കാംപൊയില്‍ കള്ളാടി-മേപ്പാടി തുരങ്കപാതക്കാണ് അനുമതി ലഭിച്ചത്.
60 കര്‍ക്കശമായ നിബന്ധനകളോട് കൂടിയാണ് അനുമതി നല്‍കിയിരിക്കുന്നത്. ഈ നിബന്ധനകള്‍ അംഗീകരിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ട് നല്‍കിയതോടെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ദ സമിതി അനുമതി നല്‍കിയത്. ഇനി ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങിയാല്‍ മതിയാകും.
കേന്ദ്ര അനുമതി ലഭിച്ചതോടെ സംസ്ഥാന സര്‍ക്കാരിന് ടെണ്ടര്‍ നടപടികളോടെ മുന്നോട്ട് പോവാം. പാരിസ്ഥിതിക അനുമതി കിട്ടിയെന്ന് ലിന്‍ഡോ ജോസഫ് എം.എല്‍.എയും അറിയിച്ചു. 2236 കോടി ചെലവ് വരുന്ന പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ കേരള സര്‍ക്കാര്‍ പൂര്‍ത്തികരിച്ചിരുന്നു. പരിസ്ഥിതി അനുമതി ലഭിക്കാന്‍ കാത്ത് നില്‍ക്കുകയായിരുന്നു.
ഡ്രില്ലിങ്ങിലെ പ്രകമ്പനങ്ങള്‍ അളക്കാന്‍ നാല് ഭൂമാപിനികള്‍ സ്ഥാപിക്കണമെന്നടക്കമുള്ള നിബന്ധനകളാണ് പരിസ്ഥിതി മന്ത്രാലയം മുന്നോട്ട് വച്ചത്. ഭൂമിക്കടിയിലെ ഉരുള്‍പ്പൊട്ടലുകളടക്കം മനസിലാക്കാനാണ് ഈ ഭൂമാപിനികള്‍ സ്ഥാപിക്കുന്നത്.
Content Highlight: Central approval for Wayanad tunnel