കൊച്ചിയിലെ കപ്പല്‍ അപകടം: സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു
തിരുവനന്തപുരം: കൊച്ചി തീരത്തിനകലെ അറബിക്കടലില്‍ എം.എസ്.സി എല്‍സ-ത്രി കപ്പല്‍ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഈ അപകടമുണ്ടാക്കിയ സാമ്പത്തിക- സാമൂഹിക- പാരിസ്ഥിതിക ആഘാതം പരിഗണിച്ചാണ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചുള്ള തീരുമാനം.
ശനിയാഴ്ചയാണ് കൊച്ചി തീരത്ത് നിന്നും 38 നോട്ടിക്കല്‍ മൈല്‍ അകലെ കപ്പല്‍ ചരിഞ്ഞത്. 26 ഡ്രിഗ്രി ചരിഞ്ഞ നിലയിലായിരുന്നു കപ്പല്‍ ഉണ്ടായിരുന്നത്. ഏകദേശം ഒമ്പത് കാര്‍ഗോകള്‍ ഇന്നലെ തന്നെ കടലില്‍ പതിച്ചിരുന്നു.
പക്ഷെ ഞായറാഴ്ച കാലാവസ്ഥ മോശമായതോടെ കപ്പല്‍ കൂടുതല്‍ ചരിയുകയും 50ഓളം കണ്ടെയ്നറുകള്‍ കടലില്‍ പതിക്കുകയുമായിരുന്നു. പിന്നാലെ കപ്പല്‍ പൂര്‍ണമായും മുങ്ങുകയും ചെയ്തിരുന്നു. 37ലധികം കണ്ടെയ്‌നറുകള്‍ കൊല്ലം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ തീരപ്രദേശങ്ങളില്‍ എത്തുകയും ചെയ്തിരുന്നു.
അപകടത്തെ തുടര്‍ന്ന് കപ്പലില്‍ നിന്ന് എണ്ണ ചോര്‍ച്ചയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ എണ്ണചോര്‍ച്ചയുണ്ടെന്ന ആശങ്ക വേണ്ടെന്ന് ഇപ്പോള്‍ അധികൃതര്‍ പറയുന്നത്.
കാര്‍ഗോകള്‍ കേരളതീരത്ത് അടിയാനാണ് സാധ്യതയെന്നും അങ്ങനെയുണ്ടായാല്‍ ജനങ്ങള്‍ കാര്‍ഗോയുടെ അടുത്തേക്ക് പോകുകയോ തൊടാന്‍ ശ്രമിക്കുകയോ ചെയ്യരുതെന്ന് കേരള ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിരുന്നു. പിന്നാലെ കരക്കടിഞ്ഞ കണ്ടെയ്‌നര്‍ നീക്കുന്നതിനിടെ തീപ്പിടുത്തമടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Content Highlight: Ship accident in Kochi: Declared a state disaster