മോദി സംസാരിക്കുന്നത് ബി.ജെ.പി പ്രസിഡന്റായി, രാജ്യത്തിന്റെ പ്രധാനമന്ത്രിയെ പോലെയല്ല; വിമര്‍ശനവുമായി മമത ബാനര്‍ജി
കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മോദി സംസാരിക്കുന്നത് പ്രധാനമന്ത്രിയെ പോലെയല്ലെന്നും മറിച്ച് ബി.ജെ.പി പ്രസിഡന്റ് എന്ന നിലയിലാണെന്നും മമത ബാനര്‍ജി വിമര്‍ശിച്ചു.
നരേന്ദ്രമോദിയും ബി.ജെ.പിയും ദേശീയ സുരക്ഷയെ രാഷ്ട്രീയവത്കരിച്ചുവെന്നും പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും മമത ബാനര്‍ജി പറഞ്ഞു.
‘ബി.ജെ.പി ജുംല പാര്‍ട്ടി നേതാവിനെപ്പോലെ. നിങ്ങള്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയും കാര്യങ്ങള്‍ രാഷ്ട്രീയവത്കരിക്കാന്‍ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. നിങ്ങള്‍ നുണകള്‍ പറയുന്നു. അവര്‍ രാജ്യത്തെ കൊള്ളയടിക്കുകയും ചെയ്യുന്നു. ഈ രീതിയില്‍ സംസാരിക്കുന്നത് നല്ലതായി തോന്നുന്നില്ല,’ മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയ ശ്രദ്ധ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് പാകിസ്ഥാനെതിരായ ഇന്ത്യയുടെ സായുധ സേനയുടെ നടപടിയെ കേന്ദ്രം ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് നാമകരണം ചെയ്തതെന്നും മമത ബാനര്‍ജി പറഞ്ഞു.
പ്രധാനമന്ത്രി അലിപുര്‍ദുവാറില്‍ നടന്ന റാലിയില്‍ നടത്തിയ പരാമര്‍ശത്തോടും മമത ബാനര്‍ജി പ്രതികരിച്ചു. രാജ്യത്തിന് പൂര്‍ണ പിന്തുണ നല്‍കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു സര്‍ക്കാരിനെയാണ് നിങ്ങള്‍ വിമര്‍ശിക്കുന്നതെന്നും മമത പറയുകയുണ്ടായി.
പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ പോലെ ഓപ്പറേഷന്‍ ബംഗാള്‍ നടത്തുമെന്ന് അദ്ദേഹത്തിന്റെ മന്ത്രി പറഞ്ഞുവെന്നും ഇത് കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്നും മമത പറഞ്ഞു.
നേരത്തെ അലിപുര്‍ദുവാറില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെയും മമത ബാനര്‍ജിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശിച്ചിരുന്നു. പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ‘നിര്‍മ്മാം സര്‍ക്കാര്‍’ (ക്രൂരമായ സര്‍ക്കാര്‍) ആണെന്നും സര്‍ക്കാര്‍ ക്രമം, അഴിമതി, ഭരണപരമായ പരാജയം എന്നിവ വളര്‍ത്തുന്നുവെന്നുമായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. പരാമര്‍ശത്തിന് മണിക്കൂറുകള്‍ക്ക് പിന്നാലെയായിരുന്നു മമത ബാനര്‍ജിയുടെ പ്രതികരണം.
Content Highlight: Modi speaks as BJP president, not as the country’s Prime Minister: Mamata Banerjee