national news
ദല്‍ഹി യൂണിവേഴ്‌സിറ്റിക്ക് സമീപം കടയില്‍ പശുമാംസം വിറ്റുവെന്നാരോപണം; കടയുടമക്കെതിരെ സംഘപരിവാര്‍ ആക്രമണം
ന്യൂദല്‍ഹി: ദല്‍ഹി സര്‍വകലാശാലക്ക് സമീപമുള്ള കടയുടമക്ക് നേരെ പശുമാംസം വിറ്റുവെന്ന് ആരോപിച്ച് സംഘപരിവാര്‍ ആക്രമണം. 44കാരനായ കടയുടമക്ക് നേരെയാണ് വലതുപക്ഷ സംഘടനാനുയായികള്‍ അക്രമം അഴിച്ചുവിട്ടത്.
പലചരക്ക് കടയില്‍ നിന്ന് ഇറച്ചി വാങ്ങിയ കുട്ടി അത് പശുമാംസമാണെന്ന് അവകാശപ്പെട്ടതിന് പിന്നാലെയാണ് ആക്രമണം. മെയ് 28നാണ് സംഭവം ഉണ്ടായത്. ദല്‍ഹിയിലെ നോര്‍ത്ത് കാമ്പസിലാണ്. വിജയ് നഗറിലെ നോര്‍ത്ത് ഈസ്റ്റ് സ്‌റ്റോറിന്റെ ഉടമായ ചമന്‍ കുമാറിനെയാണ് ആക്രമിച്ചത്.
വലതുപക്ഷ അനുയായികള്‍ ചമന്‍ കുമാറിനെ വലിച്ചിഴച്ച് ആക്രമിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് സംഭവം പുറത്തുവന്നത്. രാജ്യദ്രോഹികളായ നീചന്മാരെ വെടിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു ചമന്‍ കുമാറിനെ അക്രമികള്‍ ആക്രമിച്ചത്.
ചമന്‍ കുമാറിനെ ആക്രമിക്കുന്നത് ചോദ്യം ചെയ്ത നാട്ടുകാരെയും അക്രമികള്‍ ഉദ്രവിക്കാന്‍ ശ്രമിച്ചതായും മതം ചോദിക്കൂവെന്നും മാംസം കഴിക്കുന്നവരാണെന്നുമായിരുന്നു നാട്ടുകാര്‍ക്കെതിരായ ആരോപണം.
അതേസമയം സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതിന് പിന്നാലെ പൊലീസ് എത്തുകയും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് അറിയിക്കുകയും ചെയ്തു.
പശുമാംസം വില്‍ക്കുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പൊതുജനങ്ങളില്‍ ചിലര്‍ കടയുടമയെ മര്‍ദിച്ചുവെന്നും അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചുവെന്നും ഡി.സി.പി ഭീഷം സിങ് പറഞ്ഞു.
അതേസമയം കടയില്‍ നിന്നും ലഭിച്ചത് ബീഫാണോയെന്ന് നിര്‍ണയിക്കാന്‍ സാംബിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടിനും അന്വേഷണത്തിനും പിന്നാലെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ കടയുമക്ക് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് ദല്‍ഹി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. പൊലീസ് വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ചതായും റിപ്പോര്‍ട്ടുണ്ട്. കടയുടമയെ സഹായിക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളെ വലതുപക്ഷ അനുയായികള്‍ ആക്രമിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlight: Sangh Parivar attacks shop owner for allegedly selling beef near Delhi University