ഗസയെ ഇസ്രഈല്‍ നിര്‍ബന്ധിത പട്ടിണിയിലാക്കുന്നു: യു.എന്‍
ന്യൂയോര്‍ക്ക്: ഗസയെ ഇസ്രഈല്‍ നിര്‍ബന്ധിത പട്ടിണിയിലാക്കുന്നുവെന്ന് ഐക്യരാഷ്ട്ര സഭ ഉദ്യോഗസ്ഥന്‍ ടോം ഫ്‌ളെച്ചര്‍. ഗസയിലേക്ക് സഹായം എത്തിക്കേണ്ടത് ലോകത്തിന്റെ ഉത്തരവാദിത്തമാണെന്നും യു.എന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഗസയോടുള്ള അന്താരാഷ്ട്ര പ്രതികരണത്തില്‍ ഇത് മാറ്റത്തിന് കാരണമായെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും ടോം ഫ്‌ളെച്ചര്‍ പറഞ്ഞു. ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നിര്‍ബന്ധിത പട്ടിണിക്ക് വിധേയമാക്കുന്നത് ഒരു യുദ്ധകുറ്റമാണെന്നും വ്യക്തമായും കോടതിയും ചരിത്രവും വിധി പറയേണ്ട വിഷയങ്ങളാണിവയെന്നും ടോം ഫ്‌ളെച്ചര്‍ ചൂണ്ടിക്കാട്ടി.
അതിര്‍ത്തികളില്‍ ഭക്ഷണം അടുക്കിവെച്ചത് തങ്ങള്‍ കാണുന്നുണ്ടെന്നും അതിര്‍ത്തിയുടെ മറുവശത്ത് പട്ടിണി കിടക്കുന്ന മനുഷ്യരുണ്ടായിട്ടും അതിന് പ്രവേശനാനുവദി ലഭിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗസയിലെ ജനതയില്‍ സമ്മര്‍ദം ചെലുത്താന്‍ വേണ്ടിയാണിതെന്നാണ് ഇസ്രഈലി മന്ത്രിമാര്‍ പറയുന്നതെന്നും ഫ്‌ളെച്ചര്‍ കൂട്ടിച്ചേര്‍ത്തു.
ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായും അതിനെ കുറിച്ച് രാജ്യങ്ങള്‍ ബോധവാന്മാരാണെന്ന് കരുതുന്നതായും ഫ്‌ളെച്ചര്‍ പറഞ്ഞു.
മൂന്ന് മാസത്തോളം നീണ്ടുനിന്ന ഉപരോധം മൂലം ഭക്ഷണം, മരുന്ന്, ഇന്ധനം, പാര്‍പ്പിടം തുടങ്ങിയ സാധനങ്ങളുടെ വിതരണം തടസപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയായിരുന്നു ഫുഡ് ട്രക്കുകളടക്കം ഗസയിലേക്ക് അടിയന്തര സഹായങ്ങള്‍ എത്തിക്കാന്‍ ഇസ്രഈല്‍ അനുവദിച്ചത്.
വെള്ളിയാഴ്ച ഗസയിലുടനീളമുണ്ടായ ഇസ്രഈല്‍ ആക്രമണത്തില്‍ 54 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മധ്യബുറൈജ് പ്രദേശത്തെ ഒരു വീട് ആക്രമിച്ച് 23 പേരോളം കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ യു.എസ് വെടിനിര്‍ത്തല്‍ നിര്‍ദേശം ഹമാസ് തള്ളിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നിലവിലെ സാഹചര്യത്തില്‍ വെടിനിര്‍ത്തല്‍ അംഗീകരിക്കുന്നത് കൂട്ടക്കൊലയ്ക്ക് തുല്യമാണെന്ന് ഹമാസ് പറഞ്ഞു.
ഗസയില്‍ വെടനിര്‍ത്തല്‍ കൊണ്ടുവരാനുള്ള യു.എസിന്റെ പ്ലാന്‍ ഇസ്രഈല്‍ അംഗീകരിച്ചതായിവൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്. 60 ദിവസത്തേക്കാണ് വെടിനിര്‍ത്തലെന്നാണ് സൂചന.
Content Highlight: Israel is forcing Gaza into forced starvation: UN