ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയുമായി ബന്ധമുള്ള എല്ലാ വിസകള്‍ക്കും അധിക പരിശോധന; പുതിയ നിര്‍ദേശവുമായി ട്രംപ്
വാഷിങ്ടണ്‍: ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയെ വിടാതെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട എല്ലാ വിസ അപേക്ഷകളിലും അധിക പരിശോധന നടത്താന്‍ ട്രംപ് ഭരണകൂടം ഉത്തരവിട്ടു. ഇത് സംബന്ധിച്ചുള്ള നിര്‍ദേശം യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടമെന്റ് എല്ലാ കോണ്‍സുലാര്‍മാര്‍ക്കും കൈമാറിയതായി വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
എന്തെങ്കിലും ആവശ്യങ്ങള്‍ക്കായി ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ നോണ്‍-ഇമിഗ്രന്റ് വിസകളിലും പരിശോധന ശക്തമാക്കണമെന്നാണ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ എംബസികള്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നത്.
ഇതില്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, കോണ്‍ട്രാക്ടേഴ്‌സ്, ടൂറിസ്റ്റ്, പ്രഭാഷകര്‍ എന്നിങ്ങനെ യൂണിവവേഴ്‌സിറ്റിയിലേക്ക് യാത്ര ചെയ്യുന്ന ആര് തന്നെയുമായിക്കൊള്ളട്ടെ അവരുടെയെല്ലാം വിസ കര്‍ശനമായി പരിശേധിക്കണമെന്നാണ് റൂബിയോയുടെ നിര്‍ദേശം.
കൂടാതെ ഹാര്‍വാര്‍ഡ് സര്‍വകലാശാല അക്രമവും ജൂത വിരുദ്ധതയും ഇല്ലാത്ത ഒരു ക്യാമ്പസ് അന്തരീക്ഷം നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടെന്നും റൂബിയോ സന്ദേശത്തില്‍ ആരോപിക്കുന്നുണ്ട്. ഇതിന് പുറമെ അപേക്ഷകന്റെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ പ്രൈവറ്റ് ആണെങ്കില്‍ അവരുടെ അക്കൗണ്ടുകള്‍ പബ്ലിക്കാക്കാന്‍ ആവശ്യപ്പെടണമെന്നും ഉത്തരവിലുണ്ട്. ഇല്ലാത്തപക്ഷം അപേക്ഷകരുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടും.
കഴിഞ്ഞ ദിവസം വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനമനുവദിക്കുന്ന ഹാര്‍വാര്‍ഡ് സര്‍വകലാശാലയുടെ അധികാരം ഉടനടി പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ട്രംപ് 30 ദിവസം സമയം അനുവദിച്ചിരുന്നു.
സര്‍വകലാശാലയ്ക്ക് അനുവദിച്ചിരിക്കുന്ന മുഴുവന്‍ ധനസഹായവും നിര്‍ത്തിവെക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് പുതിയ വിസ നിയന്ത്രണം. ഏകദേശം 100 മില്യണ്‍ ഡോളര്‍ മൂല്യമുള്ള ധനസഹായമാണ് ട്രംപ് സര്‍ക്കാര്‍ നിര്‍ത്തലാക്കാന്‍ ശ്രമിക്കുന്നത്.
അമേരിക്കക്ക് പുറത്തുള്ള വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതിന് ഫെഡറല്‍ പ്രോഗ്രാമിന് കീഴിലുള്ള സ്‌കൂളിന്റെ സര്‍ട്ടിഫിക്കേഷന്‍ പിന്‍വലിക്കാന്‍ യു.എസ് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് ബുധനാഴ്ച ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്ക്ക് നേരത്തെ ഒരു നോട്ടീസ് അയച്ചിരുന്നു.
ഹാര്‍വാര്‍ഡിന് പുറമെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുള്ളതും ഭൗതികശാസ്ത്രമടക്കമുള്ള ക്രിറ്റിക്കല്‍ മേഖലകളില്‍ ഗവേഷണം നടത്തുന്നതോ ആയ ചൈനീസ് വിദ്യാര്‍ത്ഥികളുടെ വിസ റദ്ധാക്കുന്നതിനായും യു.എസ് ഭരണകൂടം പദ്ധതിയിട്ടിരുന്നു. ചൈനയ്ക്ക് പുറമെ ഹോങ്കോങ്ങിലെ വിദ്യാര്‍ത്ഥികളേയും ബാധിക്കുന്നതാണ് പുതിയ നിര്‍ദേശം.
Content Highlight: US state department issues new order requiring additional checks on all visas related to Harvard University