വെസ്റ്റ് ബാങ്കിലേക്കുള്ള സൗദി നേതൃത്വത്തിന്റെ സന്ദര്‍ശനം ഇസ്രഈല്‍ തടഞ്ഞേക്കും; റിപ്പോര്‍ട്ട്
ടെല്‍ അവീവ്: വെസ്റ്റ്ബാങ്കിലേക്കുള്ള സൗദി നയതന്ത്രജ്ഞരുടെ സംഘത്തെ ഇസ്രഈല്‍ തടഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്. ഉന്നത നയതന്ത്രജ്ഞരടക്കമുള്ള മിഡില്‍ ഈസ്റ്റ് വിദേശകാര്യ മന്ത്രിമാരുടെ സംഘത്തെ തടയാനാണ് ഇസ്രഈല്‍ തീരുമാനമെന്നാണ് ടൈംസ് ഓഫ് ഇസ്രഈല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഖത്തര്‍, തുര്‍ക്കി, ഈജിപ്ത്, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായി ചര്‍ച്ച നടത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. റാമല്ലയില്‍ വെച്ചായിരിക്കും ചര്‍ച്ച എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ഇസ്രഈലിനും രാജ്യത്തിന്റെ സുരക്ഷക്കും എതിരായ ഒരു നീക്കവുമായും തങ്ങള്‍ സഹകരിക്കില്ലെന്നും തിരിച്ചായാല്‍ ഫലസ്തീന്‍ ഇസ്രഈലിന്റെ ഹൃദയഭാഗത്തുള്ള ഭീകരരാഷ്ട്രമായി മാറുമെന്നും ഇസ്രഈല്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.
പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനം ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനായി പദ്ധതിയിടുന്നതിനാണെന്നാണ് ഇസ്രഈല്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്.
അതേസമയം അറബ് പ്രതിനിധി സംഘത്തിന് വെസ്റ്റ് ബാങ്കിലേക്ക് പ്രവേശിക്കുന്നതിന് ഇസ്രഈലിന്റെ അനുമതി ആവശ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ ഇസ്രഈല്‍ പ്രവേശനം തടഞ്ഞാല്‍ ഇസ്രഈലും അറബ് രാജ്യങ്ങളുമായുള്ള ബന്ധം വഷളാവുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജൂണില്‍ ചേരുന്ന ഐക്യരാഷ്ട്ര സഭയില്‍ ഫലസ്തീന്‍ ഇസ്രഈല്‍ വിഷയവുമായി ബന്ധപ്പെട്ട് പ്രത്യേക സമ്മേളനം ചേരുന്നതായും സൗദി- ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ സംയുക്തമായി നടത്തുന്ന പ്രസ്തുത സമ്മേളനത്തില്‍ ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
Content Highlight: Israel may block Saudi leadership’s visit to the West Bank, report says