ആലപ്പുഴ ചക്കുളത്തുകാവില്‍ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണം ലഭിക്കുന്നില്ലെന്ന് പരാതി; റിപ്പോര്‍ട്ട്
ആലപ്പുഴ: ചക്കുളത്തുകാവിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണം ലഭിക്കുന്നില്ലെന്ന് പരാതി. ഇന്നലെ (30.05.25) ക്യാമ്പിലെത്തിയവര്‍ക്ക് ഇതുവരെയും ഭക്ഷണം ലഭിച്ചില്ലെന്നാണ് പരാതി.
ദുരിതാശ്വാസ ക്യാമ്പില്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന 65ലധികം ആളുകളുണ്ടെന്നും ആര്‍ക്കും തന്നെ ഭക്ഷണം ലഭിച്ചിട്ടില്ലെന്നുമാണ് ന്യൂസ് മലയാളം റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമാണ് ഇവര്‍ ദുരിതാശ്വാസ ക്യാമ്പിലെത്തിയതെന്നാണ് വിവരം. അപ്പോള്‍ മുതല്‍ ഇന്ന് രാവിലെ വരെയും ക്യാമ്പിലുള്ളവര്‍ക്ക് കൃത്യമായ ഭക്ഷണം ലഭിക്കുന്നില്ലെന്നാണ് പരാതിപ്പെടുന്നത്. രാവിലെ ചായയോടൊപ്പം ലഘുഭക്ഷണം ലഭിച്ചിരുന്നുവെന്നും അല്ലാതെ മറ്റൊന്നും തന്നെ ലഭിച്ചിട്ടില്ലെന്നുമാണ് പരാതി.
കൂടാതെ സ്ഥലത്ത് വൈദ്യുതി ബന്ധമില്ലെന്നും ഇടക്കിടെ തകരാറിലാവുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തകരാറ് പരിഹരിക്കുന്നതിലെ കാലതാമസം ക്യാമ്പിലുള്ള രോഗികളടക്കമുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രാവിലെ മുതല്‍ തന്നെ കുട്ടനാട് മേഖലയില്‍ മഴ ശക്തമായി തന്നെ പെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്ന് ആലപ്പുഴയിലടക്കം പതിനൊന്നോളം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ് പ്രഖ്യാപിച്ചത്. സമീപ ദിവസങ്ങളെ അപേക്ഷിച്ച് മഴക്ക് നേരിയ തോതിലെങ്കിലും ശമനമുള്ളതായി റിപ്പോര്‍ട്ടുകളും വന്നിരുന്നു. എന്നിരുന്നാലും ജാഗ്രത നിര്‍ദേശങ്ങള്‍ നിലവിലുണ്ടെന്നാണ് വിവരം.
Content Highlight: Complaint of not getting food at Chakkulathukavu relief camp in Alappuzha; Report