Kerala News
ഇന്ദിരയുടെ വനനയങ്ങളാണ് നിലമ്പൂരിലടക്കമുള്ള വന്യമൃഗശല്യത്തെ നേരിടുന്നതില്‍ തടസം; ഇതിനെതിരെ പോരാടാന്‍ സ്വരാജ് നിയമസഭയിലുണ്ടാകണം: ഓള്‍ ഇന്ത്യ കിസാന്‍ സഭ
നിലമ്പൂര്‍: മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജനവിരുദ്ധ വനനിയമങ്ങളാണ് നിലമ്പൂര്‍ ഉള്‍പ്പെടുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വന്യമൃഗശല്യം പരിഹരിക്കുന്നതിന് തടസം നില്‍ക്കുന്നതെന്ന് ഓള്‍ ഇന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി വിജു കൃഷ്ണന്‍.
രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കോണ്‍ഗ്രസിന്റെ മറ്റ് ഉന്നത നേതാക്കളും ഇന്ദിരാ ഗാന്ധി കൊണ്ടുവന്ന കര്‍ഷക വിരുദ്ധ നിയമങ്ങളെ പ്രകീര്‍ത്തിക്കുക മാത്രമാണ് ചെയ്യാറുള്ളതെന്നും വിജു കൃഷ്ണന്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് വിജുവിന്റെ പ്രതികരണം.
ഇടതുപക്ഷം പാര്‍ലമെന്റില്‍ അതിശക്തമായി എതിര്‍ത്ത Wildlife Protection Act (1972) എന്ന draconian നിയമം അത്തരത്തില്‍ പ്രകീര്‍ത്തിക്കപ്പെട്ട ഒന്നാണെന്നും വിജു കൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
കൃഷിക്കാര്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും വലിയ പ്രാധാന്യമുള്ള അസംബ്ലി നിയോജക മണ്ഡലമാണ് നിലമ്പൂര്‍. വര്‍ധിച്ചുവരുന്ന മനുഷ്യ വന്യജീവി സംഘര്‍ഷം നിലമ്പൂരിന്റെ കാര്‍ഷിക/തോട്ടം മേഖലയെ വലിയ തോതില്‍ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ കോണ്‍ഗ്രസും ബി.ജെ.പിയും കൂടി കേന്ദ്രത്തില്‍ കൊണ്ടുവന്ന വികല വന നിയമങ്ങള്‍ക്ക് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പല തവണ രംഗത്ത് വന്നിരുന്നുവെന്നും വിജു കൃഷ്ണന്‍ ചൂണ്ടിക്കാട്ടി. കൃഷിക്കാര്‍ക്ക് അനുകൂലമായ നിയമനിര്‍മാണം നടത്താന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതിനെ ഹാർദവമായി സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൃഷിക്കാരുടെ ജീവിതം തുലച്ചുകൊണ്ട് കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ മണ്ണെണ്ണയില്‍ ആണോ വെളിച്ചെണ്ണയില്‍ ആണോ സംസ്‌കരിക്കുന്നത് എന്ന് അറിയാന്‍, ഇന്ദിരാ ഗാന്ധി നിയമത്തിന്റെ മറവില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അധികം ശുഷ്‌കാന്തി കാണിക്കേണ്ടതില്ല എന്ന് തന്നെയാണ് കിസാന്‍ സഭയുടെയും അഭിപ്രായമെന്നും വിജു കൃഷ്ണന്‍ പറഞ്ഞു.
നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വിജു കൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്. എം. സ്വരാജ് വൈസ് പ്രസിഡന്റായ കേരളാ കര്‍ഷക സംഘം കേരളത്തിലെ കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന വന്യമൃഗ ശല്യം ശാസ്ത്രീയമായി പരിഹരിക്കണമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.
കര്‍ഷക സംഘത്തിന്റെ ന്യായമായ പ്രക്ഷോഭത്തോട് എല്‍.ഡി.എഫ് സര്‍ക്കാര്‍ വളരെ അനുകൂലമായ നിലപാടാണ് എടുത്തിട്ടുള്ളത്. ഇത്തരം പ്രക്ഷോഭങ്ങള്‍ മുന്നോട്ട് പോകാനും നിയമനിര്‍മാണം നടത്താനും കേരളത്തിലെ കര്‍ഷകരുടെ പ്രധാന നേതാക്കളില്‍ ഒരാളായ സ്വരാജ് നിയമസഭയില്‍ ഉണ്ടാകണമെന്നും വിജു കൃഷ്ണന്‍ പറഞ്ഞു.
‘കൃഷിക്കാരുടെയും തോട്ടം തൊഴിലാളികളുടെയും കര്‍ഷക തൊഴിലാളികളുടെയും വര്‍ഗതാത്പര്യം സംരക്ഷിക്കാന്‍ നിലമ്പൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ സ്വരാജിനെ വിജയിപ്പിക്കണം. അഖിലേന്ത്യാ കിസാന്‍ സഭയുടെ സി.കെ.സി അംഗവും കേരളാ കര്‍ഷക സംഘത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റുമാണ് എം. സ്വരാജ്. ആഴമേറിയ സാമ്രാജ്യത്വ വിരുദ്ധ നിലപാടുള്ള സ്വരാജ് ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളുടെ മണ്ണായ ഏറനാട്ടില്‍ നിന്നും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു എന്നതില്‍ ഏറെ സന്തോഷിക്കുന്നു,’ വിജു കൃഷ്ണന്‍ കുറിച്ചു.
Content Highlight: Indira’s forest policies are an obstacle to combating wildlife encroachment in Nilambur and other places: All India Kisan Sabha