കേരളത്തിന് നിഷേധിച്ച അനുമതി മഹാരാഷ്ട്രയ്ക്ക്; ദുരിതാശ്വാസനിധിയിലേക്ക് വിദേശ സഹായം സ്വീകരിക്കാന്‍ കേന്ദ്ര അനുമതി
ന്യൂദല്‍ഹി: ദുരിതാശ്വാസനിധിയിലേക്ക് വിദേശ സഹായം സ്വീകരിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന് കേന്ദ്ര അനുമതി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് 2010 ലെ വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്.സി. ആര്‍.എ)പ്രകാരമാണ് മഹാരാഷ്ട്ര സര്‍ക്കാരിന് അനുമതി നല്‍കിയത്.
2019ലെ പ്രളയസമയത്ത് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദേശസഹായം സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇതേ സാഹചര്യത്തിലാണ് മഹാരാഷ്ട്രയ്ക്ക് അനുമതി ലഭിച്ചിരിക്കുന്നത്.
അന്ന് പ്രളയ ദുരിതത്തില്‍ വലഞ്ഞ കേരളത്തെ സഹായിക്കാന്‍ 700 കോടി ഡോളറാണ് യു.എ.ഇ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍ കേന്ദ്രത്തിന്റെ അനുമതി ലഭിക്കാത്തതിനാല്‍ കേരളത്തിന് ആ തുക സ്വീകരിക്കാന്‍ ആയില്ല.
സംസ്ഥാന സര്‍ക്കാരുടെ ദുരിതശ്വാസനിധികള്‍ക്ക് വിദേശ സംഭാവനകള്‍ സ്വീകരിക്കാന്‍ എഫ്.സി.ആര്‍.എ രജിസ്‌ട്രേഷന്‍ ആവശ്യമാണ്. വിദേശ സംഭാവനകള്‍ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ ബാധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ ആണ് ആഭ്യന്തര മന്ത്രാലയം ഇത്തരമൊരു നിയന്ത്രണം വെച്ചത്. അസോസിയേഷനുകളോ എന്‍.ജി.ഒകളോ വിദേശ സഹായം സ്വീകരിക്കുന്നുണ്ടെങ്കില്‍ എഫ്. സി. ആര്‍.എ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.
1976ലാണ് ഈ നിയമം നിലവില്‍ വന്നത്. 2010ല്‍ ഈ നിയമം റദ്ദാക്കി പുതിയ നിയമം കൊണ്ടുവന്നിരുന്നു. 2020ല്‍ ഇത് വീണ്ടും ഭേദഗതി ചെയ്തു. രജിസ്റ്റര്‍ ചെയ്യുന്ന സംഘടനകള്‍ക്ക് സാമൂഹിക, വിദ്യാഭ്യാസ, മത, സാംസ്‌കാരിക പരിപാടികള്‍ക്കായി വിദേശ സംഭാവനകള്‍ സ്വീകരിച്ചത്.
2019ലെ പ്രളയത്തില്‍ യു.എ.ഇക്ക് പുറമ ഖത്തര്‍, മാലിദ്വീപ്, തായ്‌ലാന്‍ഡ് എന്നീ രാജ്യങ്ങളും കേരളത്തിന് സഹാവുമായി എത്തിയിരുന്നു. എന്നാല്‍ ഇതൊന്നും കൈപ്പറ്റാന്‍ കേരളത്തിന് കേന്ദ്രം അനുമതി നല്‍കിയില്ല.
പ്രകൃതി ദുരന്തങ്ങള്‍, ഗുരുതരമായ അപകടങ്ങള്‍, കലാപങ്ങള്‍, ഭീകരാക്രമണങ്ങള്‍ എന്നീ സാഹചര്യങ്ങളുണ്ടാവുമ്പോഴാണ് സംസ്ഥാനങ്ങള്‍ക്ക് ഇത്തരത്തിലുള്ള സഹായങ്ങള്‍ സ്വീകരിക്കുന്നത്. ദുരിതബാധിതര്‍ക്ക് സാമ്പത്തിക സഹായവും വൈദിക-വിദ്യാഭ്യാസ സഹായങ്ങള്‍ നല്‍കുന്നതിനുമാണ് ഈ തുകകള്‍ ഉപയോഗിക്കുക. നിലവില്‍ വിദേശസഹായം സ്വീകരിക്കാന്‍ സാധിക്കുന്ന ഏക സംസ്ഥാനമാണ് മഹാരാഷ്ട്ര.
കോവിഡിന്റെ സമയത്ത് പ്രധാനമന്ത്രിയുടെ പി.എം. കെയേഴ്‌സ് ഫണ്ടിനെ എഫ്.സി.ആര്‍.എയുടെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിന് പുറമെ വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നതിനായി പ്രത്യേക അക്കൗണ്ടും പി.എം. കെയേഴ്‌സ് ആരംഭിച്ചിരുന്നു.
മഹാരാഷ്ട്രയ്ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാലും പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. കേരളത്തിന് സഹായം ആവശ്യമായ ഘട്ടത്തില്‍ സഹായം സ്വീകരിക്കാന്‍ കേന്ദ്രം അനുവദിച്ചില്ലെന്നും നിര്‍ണായക ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കാണിച്ചത് രാഷ്ട്രീയ വിവേചനമാണെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയ്ക്ക് അനുമതി നല്‍കിയ സാഹചര്യത്തില്‍ മറ്റേതെങ്കിലും സംസ്ഥാനത്ത് എന്തെങ്കിലും അപകടം ഉണ്ടായാല്‍ ആ വിവേചനം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ പ്രളയസമയത്ത് ഏകദേശം 20000 കോടിയുടെ പ്രാഥമിക നഷ്ടമാണ് സംസ്ഥാനം കണക്കാക്കിയിരുന്നത്. വിദേശസഹായം അനുവദിക്കാത്തിതിന് പുറമെ ഈ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യവും കേന്ദ്രം പരിഗണിച്ചില്ല. ഒരു വര്‍ഷത്തെ പോരാട്ടത്തിനൊടുവിലാണ് പ്രളയ സെസ് പിരിക്കാനുള്ള അനുമതി പോലും കേരളത്തിന് ലഭിച്ചത്.
Content Highlight: Maharashtra gets permission not given to Kerala; Central government gives permission to accept foreign aid for Maharashtra CMDRF