അന്‍വര്‍-രാഹുല്‍ കൂടിക്കാഴ്ച്ച വിവാദത്തില്‍; രാഹുല്‍ ചെയ്തത് തെറ്റെന്ന് വി.ഡി. സതീശന്‍; അന്‍വറിനെ സന്ദര്‍ശിച്ചത് പാര്‍ട്ടി അറിഞ്ഞില്ല
മലപ്പുറം: രാഹുല്‍ മാങ്കൂട്ടത്തില്‍ പി. വി. അന്‍വറിനെ സന്ദര്‍ശത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രാഹുല്‍ ചെയ്തത് തെറ്റാണെന്നും പാര്‍ട്ടിയുടെ അനുമതി ഇല്ലാതെയാണ് രാഹുല്‍ സന്ദര്‍ശനം നടത്തിയതെന്നും വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
യു.ഡി.എഫ് തീരുമാനിച്ചത് ഇനി അന്‍വറുമായി ഒരു കൂടിക്കാഴ്ച്ചയും ഇല്ലെന്നാണ്. തങ്ങള്‍ കൂട്ടായ ചര്‍ച്ചയിലൂടെ എടുത്ത തീരുമാനം യു.ഡി.എഫ് കണ്‍വീനര്‍ വഴി അന്‍വറിനെ അറിയിച്ച് കഴിഞ്ഞതാണെന്നും അതിനാല്‍ ഈ കൂടിക്കാഴ്ച്ചയ്ക്ക് ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
‘ ഇത്തരം കാര്യങ്ങളില്‍ ഞങ്ങള്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല. ജൂനിയര്‍ ആയിട്ടുള്ള ഒരു എം.എല്‍.എയെ ആണോ ഇക്കാര്യങ്ങള്‍ക്ക് ചുമതലപ്പെടുത്തേണ്ടത്. അദ്ദേഹം തന്നെത്താനെയാണ് പോയത്.
അദ്ദേഹം പോയത് തെറ്റാണ് എന്നാണ് എന്റെ അഭിപ്രായം. വിശദീകരണം ചോദിക്കേണ്ടത് ഞാന്‍ അല്ല. പോകാന്‍ പാടില്ലായിരുന്നു. യു.ഡി.എഫ് നേതൃത്വം ഒരു തീരുമാനമെടുത്ത് ചര്‍ച്ചയുടെ വാതില്‍ അടച്ചപ്പോള്‍ അദ്ദേഹം പോയത് തെറ്റായിരുന്നു. ഞാന്‍ വിശദീകരണം ചോദിക്കില്ല,’ വി.ഡി. സതീശന്‍ പറഞ്ഞു.
Content Highlight: Anwar-Rahul meeting in controversy; V.D. Satheesan says Rahul did wrong; Party did not know he met Anwar