World News
ഫലസ്തീനികള്‍ക്കെതിരായ കുടിയേറ്റ ആക്രമണം; കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലെന്ന് റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: ഫലസ്തീനികള്‍ക്കെതിരായ ഇസ്രഈല്‍ കുടിയേറ്റ ആക്രമണങ്ങള്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലെന്ന് റിപ്പോര്‍ട്ട്. ഐക്യരാഷ്ട്രസഭയുടെ മാനുഷിക വികസന ഏകോപന ഓഫീസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
പ്രതിമാസം ശരാശരി 44 പേര്‍ക്ക് ഇസ്രഈലി കുടിയേറ്റക്കാരുടെ ആക്രമണം നേരിടേണ്ടി വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 220ലധികം ഫലസ്തീനികളെ കുടിയേറ്റക്കാര്‍ മാസംതോറും മാരകമായി പരിക്കേല്‍പ്പിക്കുന്നുണ്ട്. 2025ന്റെ തുടക്കം മുതല്‍ 591 കുടിയേറ്റ അക്രമങ്ങളാണ് യു.എന്‍ ഓഫീസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Israeli settler violence is on the rise: so far in 2025, settlers have injured over 220 Palestinians – 44 per month – the highest rate in at least 20 years.
Recently, an entire community was forcibly displaced by settlers.
Read more: https://t.co/FZSurTqULs pic.twitter.com/0on7aijEnu
— OCHA OPT (Palestine) (@ochaopt) June 2, 2025
അടുത്തിടെ മഗ്ഹയെര്‍ അദ് ദെയ്‌റില്‍ കുടിയേറ്റാക്കര്‍ നാലാമത്തെ ഇസ്രഈലി സെറ്റില്‍മെന്റ് ഔട്ട്‌പോസ്റ്റ് സ്ഥാപിച്ചിരുന്നു. പിന്നാലെ ഏകദേശം 120 പേരടങ്ങുന്ന ഫലസ്തീന്‍ ബെഡൂയിന്‍ സമൂഹത്തിന് ഈ മേഖലയില്‍ നിന്ന് കുടിയിറങ്ങേണ്ടി വരികയും ചെയ്തു.
സാല്‍ഫിറ്റ് ഗവര്‍ണറേറ്റിലുടനീളം ഇസ്രഈല്‍ ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണങ്ങളെ തുടര്‍ന്ന്, 90000 ഫലസ്തീനികള്‍ക്കാണ് അവരുടെ ആരോഗ്യം, വിദ്യാഭ്യാസം, ഉപജീവന മാർഗം എന്നിവ തടസപ്പെട്ടത്. 2025ന്റെ തുടക്കം മുതല്‍ ഇസ്രഈല്‍ അധികൃതരുടെ ശിക്ഷാനടപടികള്‍ കാരണം ഏകദേശം 80 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുമുണ്ട്.
വെസ്റ്റ് ബാങ്കില്‍ മെയ് 15നും 24നും ഇടയില്‍ ഇസ്രഈല്‍ സേനയുടെ സംരക്ഷണയില്‍ കുടിയേറ്റക്കാര്‍ നടത്തിയ ഒന്നിലധികം ആക്രമണങ്ങള്‍ വ്യാപകമായ കാര്‍ഷിക, കന്നുകാലി നഷ്ടങ്ങള്‍ ഉണ്ടാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2025 മെയ് 20നും 26നും ഇടയില്‍ കുറഞ്ഞത് 25 കുടിയേറ്റ ആക്രമണങ്ങളെങ്കിലും യു.എന്‍ ഓഫീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
2024 ഡിസംബറില്‍ ഹുവാറ, ബെയ്റ്റ് ഫുരിക് എന്നീ പട്ടണങ്ങളിലെ രണ്ട് വീടുകളും മൂന്ന് വാഹനങ്ങളും പലചരക്ക് കടകളുമാണ് കുടിയേറ്റക്കാര്‍ തീയിട്ട് നശിപ്പിച്ചത്. കുടിയേറ്റക്കാരുടെ ഫുരികിലെ ആക്രമണത്തിന് പിന്നാലെ ഇസ്രഈലി സൈന്യം പട്ടണത്തിലേക്ക് ഇരച്ചുകയറിയതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2023 ഫെബ്രുവരിയില്‍ ഒരു ഫലസ്തീന്‍ പൗരന്‍ കൊല്ലപ്പെടുകയും 400ഓളം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഹുവാറയിലെ ആക്രമണത്തിന് പിന്നില്‍ ഇസ്രഈലി കുടിയേറ്റക്കാരായിരുന്നു. യുദ്ധം ആരംഭിച്ച 2023 ഒക്ടോബര്‍ ഏഴ് മുതല്‍ വെസ്റ്റ് ബാങ്കില്‍ ഇസ്രഈലി കുടിയേറ്റക്കാര്‍ നിരന്തരമായി ആക്രമണം നടത്തുന്നുണ്ട്.
ഗസയിലെ ഫലസ്തീനികളെ ലക്ഷ്യമിട്ടുള്ള ആക്രമണം അതിവേഗത്തില്‍ ഇസ്രഈല്‍ വെസ്റ്റ് ബാങ്കിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. ഇത് ഇസ്രഈലി കുടിയേറ്റക്കാര്‍ക്ക് അതിക്രമങ്ങള്‍ നടത്താന്‍ പ്രചോദനം നല്‍കുകയായിരുന്നു.
ഇതിനുമുമ്പും ഫലസ്തീനികള്‍ക്ക് നേരെ കുടിയേറ്റക്കാര്‍ ആക്രമണം നടത്തുന്നതിന്റെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇസ്രഈല്‍ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച് ആണ് വെസ്റ്റ് ബാങ്കിലെ ഭൂരിഭാഗം നടപടികള്‍ക്കും നേതൃത്വം നല്‍കുന്നത്.
Content Highlight: UN agency says Israeli settler violence at highest level in 20 years